ജോസ് വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: ആരോഗ്യ പരിരക്ഷ ഒരു ആഡംബരമല്ല, എല്ലാവരുടെയും അവകാശമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ വത്തിക്കാൻ. ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാന്റെ നയതന്ത്ര സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗറാണ്, ആഗോളതലത്തിലുള്ള ആരോഗ്യ പരിരക്ഷയെക്കുറിച്ചു നടന്ന, 78-ാമത് യു എൻ ജനറൽ അസംബ്ലിയുടെ ഉന്നതതല യോഗത്തിൽ വത്തിക്കാന്റെ നയം വ്യക്തമാക്കി സംസാരിച്ചത്. അതോടൊപ്പം, ആരോഗ്യ സംരക്ഷണത്തിൽ വിശ്വാസത്തിനും നിർണായക പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുണമേന്മയുള്ളതും എല്ലാവർക്കും താങ്ങാനാവുന്നതുമായ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്ന കാര്യത്തിൽ പുരോഗതി കൈവരിച്ചെങ്കിലും, ഇന്നും അത് പലർക്കും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലെ ജനങ്ങൾക്ക്, അപ്രാപ്ര്യമായിത്തന്നെ തുടരുന്നു. കൂടാതെ, പട്ടിണി, പോഷകാഹാരക്കുറവ്, അപര്യാപ്തമായ പാർപ്പിട സൗകര്യങ്ങൾ, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ എന്നിങ്ങനെയുള്ള ദാരിദ്ര്യത്തിന്റെ പരിണിതഫലങ്ങൾ രോഗസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങളാൽ, ആരോഗ്യപരിരക്ഷയുടെ ചെലവ് താങ്ങാൻ കഴിയാത്തവർക്കാണ് മിക്കപ്പോഴും അത് ഏറ്റവും ആവശ്യമായി വരുന്നത് - ആർച്ചുബിഷപ്പ് ഗാല്ലഗർ അഭിപ്രായപ്പെട്ടു.
ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം സാർവത്രികമായി ലഭ്യമാക്കുന്നതിനൊപ്പം, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം, മാന്യമായ ജോലി തുടങ്ങിയവയും ഏവർക്കും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇവയെല്ലാം പരസ്പരം വേർപ്പെടുത്താനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം ലോകരാഷ്ട്രങ്ങളെ ഓർമ്മപ്പെടുത്തി.
വിശ്വാസവും ആരോഗ്യസംരക്ഷണവും
ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിൽ വിശ്വാസത്തിലധിഷ്ഠിതമായ സംഘടനകൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആർച്ചുബിഷപ്പ് ഗാല്ലഗർ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നാലിലൊന്ന് കത്തോലിക്കാ സഭയുടേതാണ്. ചില സ്ഥലങ്ങളിൽ വിശ്വാസാധിഷ്ഠിത സംഘടനകൾ മാത്രമാണ് ആരോഗ്യ സംരക്ഷണം നൽകാനായി ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. ഇപ്രകാരമുള്ള സംഘടനകൾ ആരോഗ്യപരിപാലനത്തോടൊപ്പം, വ്യക്തികളുടെ അന്തസ്സ് ഉയർത്തുന്നതിലും സമഗ്രമായ സൗഖ്യവും സാമീപ്യവും പ്രദാനം ചെയ്യുന്നതിലും സവിശേഷമായ പങ്കുവഹിക്കുന്നുണ്ട്.
ഈ നാളുകളിൽ ആരോഗ്യ സംരക്ഷണ മേഖലയിൽ വർദ്ധിച്ചുവരുന്ന ഉപഭോഗപരമായ സമീപനത്തിന്റെ അപകടങ്ങളെ ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. സമ്പന്നരായവരുടെ മാത്രം സേവന ദാതാക്കളാകാനും അവരുടെ വ്യക്തിഗത ആഗ്രഹങ്ങൾ നിറവേറ്റാനും ഡോക്ടർമാർ കാണിക്കുന്ന താത്പര്യത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പു നൽകി.
എല്ലാറ്റിനുമുപരിയായി, ദരിദ്രരുടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നവരുടെയും സാമ്പത്തികമോ സാംസ്കാരികമോ ആയ കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്നവരുടെയും ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആർച്ചുബിഷപ്പ് ഗാല്ലഗർ ലോക രാഷ്ട്രങ്ങളുടെ പ്രതിനിധികളോട് അഭ്യർത്ഥിച്ചു. എല്ലാവരുടെയും ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിബദ്ധതയെ എടുത്തു പറഞ്ഞു കൊണ്ട് അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26