കെ.ജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്; രാവിലെ 11 മുതല്‍ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

കെ.ജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്; രാവിലെ 11 മുതല്‍ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

കൊച്ചി: അന്തരിച്ച സിനിമാ സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം നാലരയ്ക്ക് കൊച്ചിയിലെ രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം.

ഇന്ന് രാവിലെ പതിനൊന്ന് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ എറണാകുളം ടൗണ്‍ ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം ആറിന് മാക്ടയും ഫെഫ്കയും സംയുക്തമായി അനുസ്മരണം സംഘടിപ്പിക്കും.

കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ ഞായറാഴ്ച രാവിലെയായിരുന്നു കെ.ജി ജോര്‍ജിന്റെ അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ആറ് വര്‍ഷമായി ഇവിടെയായിരുന്നു താമസം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനം പഠിച്ച കെ.ജി ജോര്‍ജ് സംവിധായകന്‍ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തിയത്.

ആദ്യമായി സംവിധാനം ചെയ്ത 'സ്വപ്നാടന'ത്തിന് 1976 ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍, ഇലവങ്കോടുദേശം തുടങ്ങി 40 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 19 സിനിമകള്‍ സംവിധാനം ചെയ്തു.

പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സെല്‍മയാണു ഭാര്യ. മക്കള്‍: അരുണ്‍ ജോര്‍ജ് (കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍, പനാഷെ അക്കാദമി, ഗോവ), താര (ഖത്തര്‍ എയര്‍വേയ്സ്, ദോഹ). മരുമകള്‍: നിഷ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.