യുവ്‌രാജ് സിംഗിന്റെയും രോഹിത് ശര്‍മയുടെയും റെക്കോര്‍ഡുകള്‍ പഴങ്കഥ: ടി20യില്‍ പുതു ചരിത്രമെഴുതി നേപ്പാള്‍

യുവ്‌രാജ് സിംഗിന്റെയും രോഹിത് ശര്‍മയുടെയും റെക്കോര്‍ഡുകള്‍ പഴങ്കഥ: ടി20യില്‍ പുതു ചരിത്രമെഴുതി നേപ്പാള്‍

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ നേപ്പാള്‍ മംഗോളിയ മല്‍സരത്തില്‍ പിറന്നത് റെക്കോര്‍ഡുകളുടെ പെരുമഴ. ടി20 മല്‍സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറി, സെഞ്ചുറി, ഏറ്റവും വലിയ വിജയം, ഏറ്റവുമധികം സിക്‌സുകള്‍ എന്നിങ്ങനെ നിരവധി റെക്കോര്‍ഡുകളാണ് മല്‍സരത്തില്‍ പിറന്നത്.

ഏഷ്യാകപ്പില്‍ പുറത്തായതിനു ശേഷം നേരെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനെത്തിയ നേപ്പാള്‍ മംഗോളിയയ്‌ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ കുറിച്ചത് 314 റണ്‍സ്. മറുപടി ബാറ്റിംഗില്‍ മംഗോളിയ 13.1 ഓവറില്‍ 41 റണ്‍സിന് എല്ലാവരും പുറത്തായി.

നേപ്പാള്‍ ജയം 273 റണ്‍സിന്. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയമാണിത്. കുശാല്‍ മല്ല, രോഹിത് പൗഡല്‍, ദിപേന്ദ്ര സിംഗ് എയ്‌റി എന്നിവരുടെ ബാറ്റിംഗ് മികവിലാണ് നേപ്പാളിന്റെ ചരിത്രനേട്ടം.

50 പന്തില്‍ നിന്ന് 137 റണ്‍സ് കുറിച്ച കുശാല്‍ മല്ലയുടെയും 27 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ രോഹിത് പൗഡലിന്റെയും ബാറ്റിംഗ് വെടിക്കെട്ടിനു ശേഷമായിരുന്നു ദീപേന്ദ്ര സിംഗ് എയ്‌റിയുടെ റെക്കോര്‍ഡ് പ്രകടനം.

അവസാന രണ്ട് ഓവര്‍ മാത്രം ബാറ്റു ചെയ്യാനെത്തിയ എയ്‌റി നേരിട്ട പത്തു പന്തുകളില്‍ എട്ടും നിലംകൊടാതെ അതിര്‍ത്തി കടത്തിയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. എട്ട് സിക്‌സുകളില്‍ തുടര്‍ച്ചയായ അഞ്ചെണ്ണം 19ാം ഓവറിലായിരുന്നു. 10 പന്തുകള്‍ നേരിട്ട എയ്‌റി 52 റണ്‍സ് നേടി പുറത്താകാതെ നിന്നു. 520 എന്ന എയ്‌റിയുടെ സ്‌ട്രൈക്ക് റേറ്റ് ടി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുമാണ്.

2007ലെ ആദ്യ ലോക ടി20 മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിലായിരുന്നു യുവ് രാജ് സിംഗിന്റെ റെക്കോര്‍ഡ് ബാറ്റിംഗ്. സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരോവറില്‍ ആറു സിക്‌സുകള്‍ കുറിച്ച് യുവ് രാജ് സിംഗ് അന്നു റെക്കോര്‍ഡിട്ടിരുന്നു. 12 പന്തില്‍ നിന്നാണ് യുവി റെക്കോര്‍ഡ് കുറിച്ചത്.

12 സിക്‌സുകളും എട്ടു ബൗണ്ടറികളും കുശാല്‍ മല്ലയുടെ ഇന്നിംഗ്‌സില്‍ പിറന്നു. 34 പന്തില്‍ നിന്നു സെഞ്ചുറി തികച്ച നേപ്പാള്‍ താരം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറിന്റെയും വേഗതയേറിയ ടി20 സെഞ്ചുറിയെന്ന നേട്ടവും തട്ടിയെടുത്തു. 35 പന്തില്‍ നിന്നായിരുന്നു ഇരുവരും സെഞ്ചുറി നേടിയത്.

2019ല്‍ അയര്‍ലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍ കുറിച്ച മൂന്നു വിക്കറ്റിന് 278 റണ്‍സ് എന്ന ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോറും നേപ്പാള്‍ മറികടന്നു. ഈ മല്‍സരത്തില്‍ 22 സിക്‌സുകള്‍ അഫ്ഗാന്‍ താരങ്ങള്‍ നേടിയിരുന്നു. ഒരിന്നിംഗ്‌സില്‍ ഏറ്റവുമധികം സിക്‌സുകളുടെ റെക്കോര്‍ഡും നേപ്പാള്‍ സ്വന്തമാക്കി. 26 സിക്‌സുകളാണ് അവര്‍ ഈ മല്‍സരത്തില്‍ അടിച്ചുകൂട്ടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.