'സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതം': സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

'സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതം':  സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതമായെന്ന രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന കൗണ്‍സില്‍. രണ്ടര വര്‍ഷം ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ മണ്ഡലം സദസിന് പോയിട്ട് കാര്യമില്ലെന്നും യോഗം കുറ്റപ്പെടുത്തി.

സിപിഐ മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. സിപിഐ മന്ത്രിമാരുടെ ഓഫീസില്‍ ഒന്നും നടക്കുന്നില്ല. ഒക്കത്തും തോളത്തും ഇരുത്തി മന്ത്രിമാരെ വഷളാക്കി. റവന്യു കൃഷി വകുപ്പ് മന്ത്രിമാര്‍ക്കെതിരെയാണ് വിമര്‍ശനം.

രണ്ട് മന്ത്രിമാര്‍ ഒരിക്കലും സ്ഥലത്തുണ്ടാകില്ല. മന്ത്രിമാര്‍ ഒന്നും ചെയ്യാതെ തോന്നും പോലെ പ്രവര്‍ത്തിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. മാങ്കോട് രാധാകൃഷ്ണനാണ് വിമര്‍ശനം ഉന്നയിച്ചത്.

സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി-ക്വാറി മാഫിയയാണെന്നും കോര്‍പ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സര്‍ക്കാരെന്നും കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. പൗര പ്രമുഖരെയല്ല, മറിച്ച് മുന്നണിയെ ജയിപ്പിച്ച സാധാരണക്കാരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത്.

സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നുണ്ടെന്ന് യോഗത്തില്‍ അജിത് കൊളാടി അഭിപ്രായപ്പെട്ടു. പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോള്‍ അനങ്ങാതിരുന്ന പാണ്ഡവരെ പോലെയാകരുത് പാര്‍ട്ടി നേതൃത്വം. ധര്‍മ്മ സംരക്ഷണത്തിന് വിദുരരായി മാറണം. സിപിഐ നേതൃത്വം പടയാളികളാകണമെന്നും അദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.