ബാഗ്ദാദ്: ഇറാഖില്‍ കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ വിവാഹച്ചടങ്ങിനിടെയുണ്ടായ തീപിടിത്തത്തില്‍ മരിച്ച അതിഥികളുടെ എണ്ണം 114 ആയി. സംഭവത്തില്‍ വേദന രേഖപ്പെടുത്തിയ ഇറാഖിലെ കല്‍ദായ അതിരൂപതയുടെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ബാഷര്‍ വാര്‍ദ പ്രാര്‍ഥനയ്ക്ക് ആഹ്വാനം നൽകി.
സെപ്റ്റംബര്‍ 26-ന് നിനവേയിലെ ഖരാഖോഷിലെ വിവാഹവേദിയില്‍ നടന്ന കല്‍ദായ കത്തോലിക്കാ വിവാഹാഘോഷങ്ങള്‍ക്കിടെയാണ് തീപിടിത്തമുണ്ടായത്.
'ചൊവ്വാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ നൂറിലേറെ അതിഥികള്‍ പങ്കെടുത്തിരുന്നു. വിവാഹവേദിയില്‍ വധൂവരന്മാര്‍ നൃത്തംചെയ്തുകൊണ്ടിരുന്നപ്പോള്‍ പടക്കം പൊട്ടിത്തെറിക്കുന്നതുപോലുള്ള വലിയ ശബ്ദത്തോടെയാണ് ദുരന്തം സംഭവിച്ചത്' - ദൃക്‌സാക്ഷികള്‍ പങ്കുവച്ചു.
'വേദനിക്കുന്നവര്‍ക്ക് ആശ്വാസം പകരാന്‍ പലരും വീടുകള്‍തോറും പോകുന്നുണ്ട്. മൃതസംസ്‌കാരം ഒരു ദിവസം കൊണ്ട് അവസാനിക്കില്ല. ഒരുപാട് ആളുകളെ കാണാതായിട്ടുണ്ട്. അനേകം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഭാഗികമായി പൊള്ളലേറ്റും വിഷപ്പുക ശ്വസിച്ചും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുമുണ്ട്' - ആര്‍ച്ചുബിഷപ്പ് വേദന പങ്കുവച്ചു.
ഇറാഖില്‍ മുഖ്യമായും മുസ്ലീങ്ങളാണെങ്കിലും, നിനവേ സമതലങ്ങളില്‍ പരമ്പരാഗതമായി ക്രിസ്ത്യാനികളാണ് കൂടുതലും അധിവസിക്കുന്നത്. കൂടാതെ, 1,600 വര്‍ഷത്തിലേറെ പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നാണ് ഇവിടെയുള്ളത്. എന്നാല്‍, ഇസ്ലാമിക് സ്റ്റേറ്റിലെ ഭീകരതകള്‍ക്കിരയായി സമീപദശകങ്ങളില്‍ ക്രിസ്ത്യന്‍ ജനസംഖ്യ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; 14 പേര്‍ അറസ്റ്റില്‍
അതിനിടെ തീ പിടിത്തവുമായി ബന്ധപ്പെട്ട് 14 പേര്‍ അറസ്റ്റിലായി. ഓഡിറ്റോറിയം ഉടമകള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ കണ്ടെത്തിയ വിവരം 72 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും വിവാഹ ചടങ്ങ് നടന്ന ഹാളിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. :
തീപിടിച്ച് നിമിഷങ്ങള്‍ക്കകം മേല്‍ക്കൂര തകര്‍ന്ന് വീണിരുന്നു. വളരെ വേഗം തീപിടിക്കുന്നതും ഗുണമേന്മയില്ലാത്തതുമായ സാധനസാമഗ്രികളാണ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
തീപിടുത്തം തടയാനുള്ള എക്സിറ്റിങ്ഗ്യൂഷര്‍ അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഹാളിലുണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
വടക്കന്‍ ഇറാഖിലെ ഖരാഖോഷില്‍ ചൊവ്വാഴ്ചയാണ് തീപിടിത്തമുണ്ടായത്. 1,300 ആളുകള്‍ പങ്കെടുത്ത വിവാഹചടങ്ങില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് അപകടം സംഭവിക്കുകയായിരുന്നു. പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അലങ്കാര വസ്തുക്കളിലേക്ക് തീ പടരുകയും ഹാളിലുണ്ടായിരുന്ന ആളുകളുടെ മേല്‍ സീലിംഗ് തകര്‍ന്നു വീഴുകയായിരുന്നു എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
പരിക്കേറ്റ നിരവധി പേരെ സമീപ നഗരങ്ങളായ മൊസൂള്‍, എര്‍ബില്‍, ദുഹോക്ക് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കും മാറ്റിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വരന്‍ റിവാന്‍ ഈഷോയും വധു ഹനീനും സുരക്ഷിതരാണെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും വരന്റെ പിതാവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദുരന്തത്തെ തുടര്‍ന്ന് വധൂവരന്മാര്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26