വാഷിംഗ്ടൺ ഡിസി: ഒരു വർഷക്കാലം ബഹിരാകാശത്ത് കുടുങ്ങിപ്പോയ ബഹിരാകാശ യാത്രികർ ഒടുവിൽ ഭൂമിയിൽ കാലുകുത്തി. അമേരിക്കക്കാരനായ നാസയുടെ ബഹിരാകാശ യാത്രികൻ ഫ്രാങ്ക് റുബിയോയും റഷ്യയുടെ സെർജി പ്രോകോപ്പിയെവ്, ദിമിത്രി പെറ്റലിനുമാണ് വ്യാഴാഴ്ച തിരികെയെത്തിയത്.
180 ദിവസത്തെ ദൗത്യം പൂർത്തീകരിക്കാനായി ബഹിരാകാശത്തേക്ക് യാത്ര തിരിച്ച മൂവർക്കും നിർഭാഗ്യവശാൽ 371 ദിവസം അവിടെ ചെലവിടേണ്ടി വരികയായിരുന്നു. കസാഖിസ്താനിലെ ഒറ്റപ്പെട്ട പ്രദേശത്താണ് മൂന്ന് യാത്രികരെ വഹിച്ചുകൊണ്ടുള്ള ക്യാപ്സ്യൂൾ പേടകം വന്നിറങ്ങിയത്.
ഇതിനോടകം 5963 തവണയാണ് ഇവർ ഭൂമിയെ വലം വച്ചത്. 15 കോടിയിലേറെ മൈലുകളാണ് ചെറുതായി പാളിയ ദൗത്യത്തിനായി ഇവർ സഞ്ചരിച്ചത്. ആറ് മാസം സമയപരിധി നിശ്ചയിച്ച ദൗത്യത്തിൽ റഷ്യൻ ബഹിരാകാശ പേടകത്തിൽ അപ്രതീക്ഷിത ലീക്കാണ് ഗവേഷകരെ തിരികെയെത്തിക്കാൻ കാലതാമസമുണ്ടാക്കിയത്.
നാസയുടെ തന്നെ ഗവേഷകനായ മാർക് വണ്ടേ ഹേയിയുടെ 355 ദിവസം ബഹിരാകാശത്ത് ചെലവിട്ട റെക്കോർഡ് തകർത്താണ് റൂബിയോ ഭൂമിയിലെത്തിയത്. ഏറ്റവും കൂടിയ കാലം ഒറ്റ ബഹിരാകാശ പേടകത്തിൽ കഴിഞ്ഞ അമേരിക്കക്കാരനെന്ന റെക്കോർഡ് റൂബിയോ സ്വന്തമാക്കി.
തിരികെ എത്താനുള്ള പേടകത്തിലെ ലീക്ക് മൂലം ഭൂമിയിലേക്കുള്ള മടക്കയാത്ര മുടങ്ങി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വന്നെങ്കിലും ആ സമയം നിരവധി ഗവേഷണങ്ങളിലാണ് റൂബിയോ ഏർപ്പെട്ടത്. ബഹിരാകാശ പേടകങ്ങളിലെ സാഹചര്യങ്ങളോട് ബാക്ടീരിയകൾ പൊരുത്തപ്പെടുന്നത് എങ്ങനെയാണെന്നത് അടക്കമുള്ള ഗവേഷണങ്ങളാണ് നീട്ടിയ ദൗത്യ സമയത്ത് റൂബിയോ ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26