വർഷം 1983
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം തിയറ്ററിൽ തകർത്തോടുന്ന കാലം. ബേബിശാലിനി എന്ന നാലുവയസുകാരി ഒരു തരംഗമായി മാറിയതും ഈ സിനിമയിലൂടെയായിരുന്നു. ഭരത്ഗോപിയും മോഹൻലാലും പൂർണിമ ജയറാമുമൊക്കെ അഭിനയിച്ചുതകർത്ത ഈ സിനിമയിൽ പക്ഷേ മനസിൽ നിന്നു മായാത്ത ഒരു കഥാപാത്രംകൂടിയുണ്ടായിരുന്നു. തിലകൻ അവതരിപ്പിച്ച ഫാ. ജോസഫ് സെബാസ്റ്റ്യൻ. ചിത്രത്തിൽ ഇടയ്ക്കിടെ മാത്രം വന്നു പോകുന്ന കാരക്ടർ.
ആദ്യത്തെ മകൾ അപകടത്തിൽ മരിച്ച് ഇനിയൊരിക്കലും അമ്മയാകാൻ പറ്റില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയ ഒരു സ്ത്രീക്കും ഭർത്താവിനും തന്റെ അനാഥാലയത്തിൽനിന്ന് മിടുക്കിയായ ഒരു പെൺകുട്ടിയെ ദത്തു നൽകുന്ന ഫാ.ജോസഫ് സെബാസ്റ്റ്യൻ. അല്പം ദേഷ്യവും കുറുന്പും അതിലേറെ സ്നേഹവുമൊക്കെയുള്ള ഒരു പുരോഹിത കഥാപാത്രത്തിന്റെ തികച്ചും റിയലിസ്റ്റിക്കായ ആവിഷ്കാരമായിരുന്നു ആ ചിത്രത്തിലേത്. തിലകൻ എന്ന നടനെ മലയാളികൾ അടുത്തറിഞ്ഞ സിനിമകൂടിയായി മാമാട്ടിക്കുട്ടിയമ്മ. മലയാളസിനിമ കണ്ട ഏറ്റവും റിയലിസ്റ്റിക്കായ ക്രൈസ്തവപുരോഹിത വേഷങ്ങളിൽ ഒന്നായി ഫാ. ജോസഫ് സെബാസ്റ്റ്യൻ.
വർഷം 2013
കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായ റോമൻസ് എന്ന ചിത്രം തിയറ്ററിലെത്തി. പുരോഹിത വേഷം കെട്ടിവരുന്ന രണ്ടു ജയിൽപുള്ളികളാണ് ചിത്രത്തിൽ ഇവർ. ജയിൽചാടി വരുന്ന ഇരുവരും കേരള-തമിഴ്നാട് അതിർത്തിയിലെ ഒരു പള്ളിയിൽ പുതുതായി വരുന്ന അച്ചൻമാരായി വേഷം കെട്ടുകയാണ്. പിന്നീടങ്ങോട്ട് അരങ്ങേറുന്നത് യുക്തിക്കു നിരക്കാത്തതും യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്തതുമായ സംഭവങ്ങൾ. പള്ളിയിലെ ചടങ്ങുകളെയും വിശുദ്ധ കുർബാനയെയുമെല്ലാം വളരെ നിസാരമായി കണ്ട് അതിലെല്ലാം വില കുറഞ്ഞ കോമഡികൾ തിരുകിക്കയറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്.
ഒറ്റനോട്ടത്തിൽ കോമഡി എന്നു തോന്നുമെങ്കിലും ക്രൈസ്തവ ആരാധന ബിംബങ്ങളെയും പ്രാർഥനകളെയും ഏറെ വികലമായാണു ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ചിത്രത്തിലെ നായകന്മാർ യഥാർഥ പുരോഹിതരല്ലെന്നും അവരുടെ നിലനിൽപിനുവേണ്ടി കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഇതെന്നുമെല്ലാം വാദിക്കാമെങ്കിലും ഒരു മതസമൂഹത്തിന്റെ ആരാധനാലയത്തെയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും അത്രയേറെ നിസാരവത്കരിച്ചും തറ കോമഡിയായും ചിത്രീകരിച്ചിരിക്കുകയാണ് റോമൻസിൽ.
മുൻകാല മലയാളസിനിമയിലെയും അടുത്തകാലത്തായി എത്തുന്ന ചിത്രങ്ങളിലെയും ക്രൈസ്തവ പശ്ചാത്തലവും അതിന്റെ വ്യതിയാനങ്ങളും മനസിലാക്കാനാണ് വ്യത്യസ്ത കാലഘട്ടത്തിൽ വന്ന ഈ രണ്ടു സിനിമകളെ ഇവിടെ പരാമർശിച്ചത്. കാലത്തിന്റെ മാറ്റം സിനിമയിലും പ്രകടമാകുക സ്വാഭാവികം. പക്ഷേ മുന്പെങ്ങുമില്ലാത്തവിധം ക്രൈസ്തവ വിരുദ്ധത നമ്മുടെ സിനിമയിൽ പ്രതിഫലിക്കുന്നുണ്ടെന്നു പറഞ്ഞാൽ അവരെ ദോഷൈകദൃക്കുകളെന്ന് പറയാൻ സധിക്കില്ല. അറിഞ്ഞും അറിയാതെയും ഒളിഞ്ഞും തെളിഞ്ഞും ഇതു ദൃശ്യമാകുന്നു.
ഇതു പറയുന്പോൾ എല്ലാ സിനിമകളും അങ്ങനെയാണെന്നും മുൻവിധിയോടെയുള്ള സമീപനമാണിതെന്നും കരുതേണ്ടതില്ല. പുരോഹിതരുടെയും ക്രൈസ്തവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചിത്രങ്ങൾ ഇന്നുമുണ്ടാവുന്നുണ്ട്. പക്ഷേ ആർക്കും എടുത്തുകൊട്ടാവുന്ന ചെണ്ട പോലെ എന്തും കാട്ടിക്കൂട്ടാൻ ക്രൈസ്തവ പശ്ചാത്തലവും കഥാപാത്രങ്ങളും ഉപയോഗിക്കുന്ന രീതി മുന്പെങ്ങുമില്ലാത്ത വിധം അധികരിച്ചിരിക്കുകയാണിപ്പോൾ.
സമൂഹത്തിന്റെ പ്രതിഫലനം സിനിമയിൽ?
സിനിമ എന്നതു സമൂഹത്തിന്റെ പ്രതിഫലനമാണെന്നും സമൂഹത്തിൽ നടക്കുന്നതെല്ലാം സിനിമയിൽ കാണുമെന്നും പൊതുവായി പറയാറുണ്ട്. അതു ശരിയുമാണ്. പോസിറ്റീവായ കഥാപാത്രങ്ങളിലൂടെ മാത്രം ഒരു സിനിമയ്ക്കും കലാരൂപത്തിനും ആവിഷ്കാരം സാധ്യമല്ല. ക്രൈസ്തവ പശ്ചാത്തലത്തിൽ വരുന്ന സിനിമകളിലെല്ലാം നല്ലതു മാത്രമേ കാണിക്കാവൂ എന്ന ശഠിക്കുന്നതിൽ അർഥവുമില്ല. പക്ഷേ ഒരു മതവിശ്വാസത്തെയും അവരുടെ പ്രാർഥനകളെയും ആരാധനാ ബിംബങ്ങളെയുമൊക്കെ വികലമായി ചിത്രീകരിക്കാൻ ആരാണ് ഇവർക്കു ലൈസൻസ് കൊടുത്തിരിക്കുന്നത്?
കഥാഗതിയുമായി യാതൊരു ബന്ധവുമില്ലാത്തയിടങ്ങളിൽ പോലും കോമഡിക്കുവേണ്ടി അല്പം ക്രൈസ്തവ വിരുദ്ധത എന്നത് ഒരു ട്രെൻഡാക്കി മാറ്റാനുള്ള ചിലരുടെ ബോധപൂർവമായ ശ്രമങ്ങളോടാണ് വിയോജിപ്പുള്ളത്. മിക്ക സിനിമകളിലെയും കൊടുംവില്ലന്മാരെല്ലാം കഴുത്തിൽ കുരിശു ധരിച്ചിരിക്കുന്നവരായാണ്ചിത്രീകരിക്കുന്നത്. ഗാനരംഗങ്ങളിൽ പോലും കോമഡിയെന്ന വ്യാജേന മതത്തെ അവഹേളിക്കുന്ന രംഗങ്ങൾ കാണാം. മദ്യപാനം, പണത്തോടുള്ള ആർത്തി തുടങ്ങി ദുർഗുണങ്ങളുടെ പര്യായമാണ് ക്രിസ്ത്യാനികൾ എന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളും ചില സിനിമകളിൽ കാണാനാവും.
സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഇവയെങ്കിൽ ക്രിസ്തുമതത്തിലും പുരോഹിതന്മാരിലുമുള്ള നന്മകളെ ഉയർത്തിക്കാട്ടുന്ന സിനിമകളും ഉണ്ടാകേണ്ടതല്ലേ? എൺപതുകളിലും തൊണ്ണൂറുകളിലുമൊക്കെ ഇങ്ങനെ ഗുണവും ദോഷവുമൊക്കെ ഒരേസമയം എടുത്തുകാട്ടുന്ന ചിത്രങ്ങളായിരുന്നു ഭൂരിഭാഗവും. കഥാഗതിയുമായി ചേർന്നുപോകുന്ന, റിയലിസ്റ്റിക്കായി പ്രേക്ഷകർക്കു തോന്നുന്ന സിനിമകൾ. മലയാളസിനിമയിൽ പൊതുവേയുണ്ടായ കഥാദാരിദ്ര്യവും നിലവാരത്തകർച്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഒരു പ്രധാന കാരണം. എന്നാൽ, വ്യക്തമായ ലക്ഷ്യത്തോടെ ഇതൊരു നിത്യത്തൊഴിലാക്കിയിരിക്കുന്നവരുമുണ്ട്. അവരുടെ ഗൂഢതന്ത്രങ്ങളെ തിരിച്ചറിയുകയും പ്രതികരിക്കുകയുമാണ് ചെയ്യേണ്ടത്.
കോമാളിവത്കരണം
ക്രിസ്ത്യൻ മതബിംബങ്ങളെയും വാക്കുകളെയും കോമാളിവത്കരിക്കുന്നത് ഇപ്പോഴത്തെ പല സിനിമാക്കാരുടെയും വിനോദമാണ്. ക്രിസ്ത്യൻ മതത്തെക്കുറിച്ചോ ആരാധനാരീതിയെക്കുറിച്ചോ ഒരറിവുമില്ലാത്തവരാണ് ഇത്തരം രംഗങ്ങളുടെ പ്രധാന ശിൽപ്പികൾ എന്നു പറയാം. അതേസമയം കാര്യങ്ങൾ കൃത്യമായി അറിയാമെങ്കിലും ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഇത്തരം രംഗങ്ങൾ തിരുകിക്കയറ്റുന്നവരുമുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കാനും പിടിച്ചിരുത്താനും എന്തും കാണിക്കാം എന്നാണിവരുടെ ധാരണ.
‘അച്ചായൻസ് ’ എന്ന ചിത്രം തന്നെ ഉദാഹരണം. ധ്യാനകേന്ദ്രത്തിലെ പുരോഹിതനെ വെറും കോമഡി കഥാപാത്രമായി അവതരിപ്പിക്കുന്നു. വിശുദ്ധ കുർബാന നൽകുന്ന പുരോഹിതന്റെ മുന്നിലേക്ക് മദ്യപിച്ച് ബോധമില്ലാതെ എത്തുന്ന നായക കഥാപാത്രങ്ങൾ വൈദികനെ തള്ളിയിടുകയാണ്. ‘അടി കപ്യാരെ കൂട്ടമണി ’ എന്ന സിനിമയിൽ ഹോസ്റ്റൽ വാർഡനായ പുരോഹിതനെ തികഞ്ഞ മണ്ടനായി അവതരിപ്പിച്ചിരിക്കുന്നു. കഞ്ചാവ് വളർത്താൻ വളം കുട്ടികൾക്ക് കൊടുക്കുന്ന, പ്രേതത്തെ ഒഴിപ്പിക്കാൻ ഓജോ ബോർഡും പ്രാർഥനയുമൊക്കെയായി, പുരോഹിത പദവിയെ വികലമാക്കുകയാണ് ഈ ചിത്രം. ‘പ്രതി പൂവൻകോഴി’ എന്ന ചിത്രത്തിലാകട്ടെ തല്ലുകൊടുക്കുന്നതിനുള്ള കോഡ് ഭാഷയായി പറയുന്നത് ക്രൈസ്തവർക്ക് ഏറ്റവും ആരാധ്യമായ ഒരു തിരുകർമത്തെ സൂചിപ്പിച്ചുകൊണ്ടാണ്. പലതവണയുള്ള ഈ പ്രയോഗത്തിലൂടെ ആ വാക്കിനെ ഒരു സംസാരഭാഷയാക്കി മാറ്റാണ് ശ്രമം.
അച്ചായൻ സിനിമകൾ എന്ന പേരിൽ വരുന്ന മിക്ക സിനിമകളിലും ഇത്തരം അവഹേളനങ്ങൾ കാണാം. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ വരുന്ന ഈ സിനിമകളിൽ പലതിലും ലാഭക്കൊതിയും ക്രൂരതയും നിറഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങളാണ്. ഏറ്റവും ഒടുവിൽ ഓൺലൈൻ റിലീസായി എത്തിയ ഫഹദ് ഫാസിൽ നായകനായ സി യു സൂൺ എന്ന ചിത്രത്തിലും ക്രൈസ്തവ വിരുദ്ധതയുടെ നിഴലാട്ടങ്ങൾ കാണാം. ഗോപ്യമായും എന്നാൽ, വ്യക്തമായ ചില സൂചനകൾ നൽകിയുമാണ് ഈ സിനിമയിലെ പാത്രസൃഷ്ടികൾ. വരികൾക്കിടയിലൂടെ വായിച്ചാൽ എന്നു പറയുംപോലെ സൂക്ഷ്മമായി വിലയിരുത്തിയാൽ ക്രൈസ്തവ വിരുദ്ധത വളരെ വ്യക്തമായാണ് ഈ ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നതു കാണാനാകും.
ക്രൈസ്തവ വിരുദ്ധതയ്ക്കായി കഥയുടെ ക്ലൈമാക്സ് മാറ്റുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ച് നാളെ.
ബി. തോമസ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.