പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളത്തിലെ സുറിയാനി കത്തോലിക്ക സമൂഹത്തിൻറെ മുൻനിരയിലുണ്ടായിരുന്ന ഒരു പുരോഹിതനാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ (ജനനം: 1736 സെപ്തംബർ 10; മരണം: 1799 മാർച്ച് 20). 1787 മുതൽ 1799 വരെ ഗോവർണ്ണദോർ സ്ഥാനത്ത് കൊടുങ്ങല്ലൂർ രൂപതയെ നയിച്ച തോമ്മാക്കത്തനാർ, പാറേമ്മാക്കൽ ഗോവർണ്ണദോർ എന്ന പേരിലും അറിയപ്പെടുന്നു.
കരിയാറ്റി മല്പാനുമൊന്നിച്ച് സുറിയാനി കത്തോലിക്കരുടെ പുനരൈക്യവും തനിമയും ദേശീയാഭിലാഷങ്ങളും അംഗീകരിച്ചു കിട്ടാനുള്ള നിവേദങ്ങളുമായി തോമ്മാക്കത്തനാർ പോർട്ടുഗലിലേക്കും റോമയിലേക്കും നടത്തിയ യാത്ര, കേരളക്രൈസ്തവ സഭാചരിത്രത്തിലെ നിർണ്ണായക സംഭവങ്ങളിലൊന്നാണ്. അതിനൊടുവിൽ, വർത്തമാനപുസ്തകം എന്ന പേരിൽ അദ്ദേഹം എഴുതിയ കൃതി, കേരള ക്രിസ്തീയ ചരിത്രത്തിലെ അടിസ്ഥാനരേഖകളിലൊന്നും മലയാളത്തിലെ എന്നല്ല മുഴുവൻ ഭാരതീയ സാഹിത്യത്തിലെ തന്നെയും ആദ്യത്തെ ലക്ഷണമൊത്ത യാത്രാവിവരണ ഗ്രന്ഥവുമാണ്. പോർട്ടുഗലിൽ വെച്ച് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട കരിയാറ്റിൽ മല്പാൻ മടക്കയാത്രക്കിടെ ഗോവയിൽ വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ മരണമടഞ്ഞതിനാൽ, വിദേശദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ തോമ്മാക്കത്തനാർ, ഗോവർണ്ണദോർ എന്ന സ്ഥാനപ്പേരോടെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ നേതാവായി. ടിപ്പുവിൻറെ പടയോട്ടത്തിന്റെ വിഷമഘട്ടത്തിൽ (ജനുവരി 1788-ഡിസംബർ 1790) അദ്ദേഹമായിരുന്നു സുറിയാനി കത്തോലിക്കരുടെ ആത്മീയാധികാരി.
കേരളകത്തോലിക്കരുടെ ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവമായ 1787-ലെ അങ്കമാലി പള്ളി പ്രതിപുരുഷ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നതും ഗോവർണ്ണദോർ തോമ്മാക്കത്തനാരായിരുന്നു. സുറിയാനി കത്തോലിക്കരുടെ അവകാശപ്രഖ്യാപന രേഖയെന്ന നിലയിൽ പ്രാധാന്യമുള്ള അങ്കമാലി പടിയോല ആ യോഗത്തിന്റെ തീരുമാനങ്ങൾ ഉൾക്കൊള്ളുന്നു. വിദേശദൗത്യത്തിൽ വഹിച്ച പങ്കും, വർത്തമാന പുസ്തകത്തിലെ ദേശാഭിമാന ഭരിതമായ നിരീക്ഷണങ്ങളും, ഗോവർണ്ണദോർ എന്ന നിലയിൽ നൽകിയ നേതൃത്വവും മൂലം തോമ്മാക്കത്തനാർ സുറിയാനി കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രത്തിലെ നായകപുരുഷന്മാരിലൊരാളും ആ സമൂഹത്തിന്റെ ദേശീയബോധത്തിന്റേയും വിദേശീയസഭാനേതൃത്വത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിലുള്ള അഭിലാഷത്തിന്റേയും പ്രതീകവ്യക്തിത്വവും ആയി പരിഗണിക്കപ്പെടുന്നു.
പാറേമ്മാക്കൽ തോമ്മാ കത്തനാർ കേരള സഭ ചരിത്രത്തിലെ അവഗണിക്കാനാവാത്ത ചരിത്ര പുരുഷനാകാൻ കാരണങ്ങൾ പലതുണ്ട്. 1778-ൽ ആലങ്ങാട്ടെ ഡോ. കരിയറ്റി മല്പാനുമായി റോമയിലേക്ക് നടത്തിയ യാത്ര കേരള സഭയുടെ ദൈവനിയോഗമായ അനുഗ്രഹമാണ്. അദ്ദേഹം തോമ്മാക്കത്തനാർ എന്ന നിലയിൽ സ്വദേശമായ കടനാട് പള്ളിയിൽ വികാരിയായിരിക്കെയാണ് അങ്കമാലിയിൽ ചേർന്ന സുറിയാനി കത്തോലിക്കരുടെ പള്ളി പ്രതി പുരുഷയോഗം അദ്ദേഹത്തെ യാത്രക്കായി തെരെഞ്ഞെടുത്തത്.യുവാവും ബഹുഭാഷാ പണ്ഡിതനുമായ തോമ്മാ കത്തനാരെ കരിയാറ്റി മാർ ഔസേഫ് മല്പാൻറെ സഹായിയായി തെരെഞ്ഞെടുത്തതുവഴി മലയാള ഭാഷക്കും കേരള ക്രൈസ്തവ സമൂഹത്തിനും വലിയൊരു നേട്ടമാണുണ്ടായത്. യാത്രാസംഘം മദ്രാസിനടുത്തെത്തിയപ്പോൾ കൈവശമുണ്ടായിരുന്ന പണം തിട്ടപ്പെടുത്തി നാലു പേരുടെ യാത്രക്ക് മാത്രമേ തികയുകയുള്ളു എന്നു കണ്ടു യാത്രക്കാരുടെ എണ്ണം കുറയ്ക്കേണ്ടിവന്നു.റോമിലെ ഉർബൻ കോളേജിൽ ചേർന്ന് പഠിക്കേണ്ട രണ്ട് വൈദികാർത്ഥികളും കരിയാറ്റി മാർ ഔസേഫ് മല്പാനും നാലാമതായി ചാക്കോ കത്തനാരും തെരെഞ്ഞെടുക്കപ്പെട്ടു. പക്ഷെ ദൈവീക പദ്ധതിയാൽ അവസാന മണിക്കൂറിൽ നാലാമതായി തോമ്മാ കത്തനാർ തെരെഞ്ഞെടുക്കപ്പെട്ടു.
1782-ൽ ഇവരുടെ മടക്കയാത്രയിൽ ജൂലൈ 6-ാം തീയതി പോർട്ടുഗീസ് രാജ്ഞി കരിയറ്റിമാല്പനെ കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാപ്പോലീത്തയായി നിർദേശിക്കുകയും റോം ഇത് അംഗീകരിക്കുകയും ചെയ്തു. ഇവർ ഗോവയിൽ എത്തിയപ്പോൾ മരണാസന്നനായ കരിയാറ്റി മെത്രാപ്പോലീത്ത, ഇനി ജീവനോടെ കേരളത്തിലേക്ക് മടങ്ങുകയില്ലെന്ന് തോന്നിയതിനാൽ തൻ്റെ സഹഗാമിയായ തോമ്മാ കത്തനാരെ കൊടുങ്ങല്ലൂർ മെത്രാസനത്തിൻറെ ഭരണാധികാരിയായി കരിയാറ്റി മാർ ഔസേഫ് മല്പാൻ നിയമിച്ചു. മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണ ഗ്രന്ഥമായ "വർത്തമാന പുസ്തകം" എഴുതപ്പെട്ടത് ഇവരുടെ ഈ യാത്രയിലാണ്. ഒന്നാം ഭാഗം പൂർത്തിയാക്കിയെങ്കിലും, കരിയാറ്റി മെത്രാപ്പോലീത്തയുടെ മരണം ഗോവെർണ്ണദോരെ മാനസികമായി തളർത്തികളഞ്ഞതിനാൽ രണ്ടാം ഭാഗം എഴുതുവാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ, കരിയാറ്റി മെത്രാപ്പോലീത്തയുടെ മരണ ശേഷമുണ്ടായ പല സംഭവങ്ങളുടെയും വസ്തുതകൾ അദ്ദേഹം ശേഖരിച്ചുവെച്ചതിൽ നിന്നും ചരിത്രത്തോട് പിന്നീട് നിഷേധാത്മകമായ നിലപാടായിരുന്നില്ലാ അദ്ദേഹം സ്വീകരിച്ചത് എന്ന് കരുതാം.
എന്നാൽ രണ്ടാം ഭാഗത്തെപ്പറ്റി ഒട്ടേറെ അഭ്യുഹങ്ങളും വിവാദങ്ങളും സഭ ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും. എന്തായാലും,ഒരു ചരിത്ര ഗ്രന്ഥം എഴുതുന്നതിനേക്കാൾ ഗൗരവവും സങ്കീർണവുമായ പ്രശ്നങ്ങൾ പിന്നീട് അദ്ദേഹം വിജയകരമായി കൈകാര്യം ചെയ്തു. 18-ാം നൂറ്റാണ്ടിൽ നടന്ന സംഭവങ്ങളുടെ യഥാർത്ഥമായ വിവരണങ്ങളാണ് വർത്തമാനപുസ്തകത്തിലുള്ളത്.16-ാം നൂറ്റാണ്ടിൽ യൂറോപ്യൻ ക്രൈസ്തവർ വന്നതുമുതലുള്ള കാലഘട്ടത്തിലെ ചരിത്രം പോലും കേരള ക്രൈസ്തവർക്ക് സ്വന്തമായി ഇല്ല. വിദേശികൾ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളെയാണ് ഇന്ന് നാം ആധികാരിക രേഖകളായി കാണുന്നത്. പ്രസ്തുത ഗ്രന്ഥങ്ങളിലെ അവാസ്തവങ്ങളായ പല ഭാഗങ്ങളിലേക്കും വെളിച്ചം വീശുവാൻ വർത്തമാനപുസ്തകത്തിനു കഴിയും.
കേരള സഭയിൽ അക്കാലത്തു ഒരു ദ്വിഭരണമാണ് നിലനിന്നിരുന്നത്. പ്രൊപ്പഗാന്തയുടെയും പ്രദുവാദോയുടെയും ഭരണം. അതിൽനിന്നു മോചനം നേടുവാനും തെറ്റിപ്പിരിഞ്ഞു നിൽക്കുന്ന പുത്തൻകൂർ സഹോദരങ്ങളെക്കൂടി തിരികെ ചേർക്കുവാനുമാണ് കരിയാറ്റി മല്പാനും പാറേമ്മാക്കൽതോമാ കത്തനാരും ശ്രമിച്ചത്. 1786 - ൽ തോമ്മാ കത്തനാർ കേരള സഭയുടെ ഗോവെർണദോർ ആയി നിയമിക്കപ്പെട്ടു, അങ്കമാലി ആസ്ഥാനമാക്കി സഭാ ഭരണം നടത്തി. 1790 - ൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വൈക്കത്തിനടുത്തു വടയാർ എന്ന സ്ഥലത്തേക്ക് ആസ്ഥാനം മാറ്റി. 1795 - ൽ രാമപുരത്തേക്ക് പോയി, അവിടെവെച്ചു 1799 മാർച്ച് 20 നു നിര്യാതനായി. അദ്ദേഹത്തിന്റെ മൃത കുടീരം ഇന്ന് കേരളം സഭയുടെ സഭൈക്യത്തിൻറെയും വിശ്വാസ പരമ്പര്യത്തിന്റെയും പ്രതീകവും ആവേശവും ആയി നിലകൊള്ളുന്നു .
(സോണി ജോൺ വളവത്ത് )
അനുബന്ധം : കേരളസഭയിൽ വർത്തമാനപുസ്തകത്തെ കുറിച്ച് പഠിക്കുവാനും പ്രചരിപ്പിക്കുവാനും ഇന്നത്തെ തലമുറ ഉത്സാഹം കാണിക്കുന്നു എന്നത് ശുഭോതർക്കമാണ്. കട്ടപ്പന എസ് എം വൈ എം നടത്തുന്ന നസ്രാണിപഠന പരമ്പരയിൽ വർത്തമാനപുസ്തകം ഓരോ അദ്ധ്യായങ്ങൾ വീതം വായിച്ചു യൂട്യൂബിലൂടെ പ്രചരിപ്പിക്കുന്നു. ഒരു കാലത്ത് പ്രസിദ്ധീകരണാനുമതി പോലും ഇല്ലാതിരുന്ന ഒരു ഗ്രന്ഥത്തിന് ഇന്ന് കിട്ടുന്ന സ്വീകാര്യത പുതുതലമുറയുടെ സ്വത്വ ബോധത്തിന്റെ തിരിച്ചറിവായി കണക്കാക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26