കൊച്ചി: ലിബിയയില്‍ അണക്കെട്ട് തകര്‍ന്ന് 11,300 ആളുകള്‍ മരണപ്പെടുകയും പതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാരും കേരള, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകളും അടിയന്തിരമായി ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.
ലിബിയയിലെ ഡാം തകര്‍ന്ന സംഭവം കേരളത്തിലെ ആറ് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളില്‍ കനത്ത ആശങ്ക സൃഷ്ടിച്ചിട്ടും അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട ബന്ധപ്പെട്ടവര്‍ മൗനം തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. നൂറ്റി ഇരുപത്തിയാറ് വര്‍ഷങ്ങള്‍ പിന്നിട്ട അണക്കെട്ടിന്റെ സുരക്ഷാ പരിശോധന പോലും നടക്കുവാന്‍ സുപ്രിം കോടതിയുടെ ഇടപെടല്‍ ആവശ്യമാണെന്ന അവസ്ഥ പൊതുസമൂഹം തിരിച്ചറിയണം. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂകമ്പ സാധ്യതാ പ്രദേശത്തുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇപ്പോഴത്തെ യഥാര്‍ത്ഥ അവസ്ഥ പഠിക്കാതെ നിസ്സംഗത തുടരുന്നത് വലിയ വിപത്ത് വിളിച്ചു വരുത്തും.
നിശ്ചിതകാലം മാത്രം സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന അണക്കെട്ടിന്റെ സേവന കരാര്‍ 999 വര്‍ഷക്കാലത്തേക്കുള്ളത് എന്ന് പറഞ്ഞൊഴിയുവാന്‍ മനുഷ്യ ജീവനെക്കുറിച്ച് അവബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ആര്‍ക്കും സാധിക്കില്ല. 5 ജില്ലകളിലെ അനേക ലക്ഷം കുടുംബങ്ങളുടെ ഭയമകറ്റുന്നതിന് കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഉത്തരവാദിത്തമുണ്ട്.
കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ജന പ്രതിനിധികളും വിദഗ്ധരും ഉള്‍പ്പെട്ട ഉന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക മനസ്സിലാക്കി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
കേരളത്തിന്റെ പൊതു പ്രശ്‌നങ്ങളിലും ആവശ്യങ്ങളിലും നിയമസഭ ചര്‍ച്ചകള്‍ നടത്തി നിയമ നിര്‍മ്മാണം നടത്തുന്നതു പോലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യത്തിലും നിയമസഭയുടെ തുടര്‍ ശ്രദ്ധയുണ്ടാകണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവിധ മത രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണവും പ്രൊ ലൈഫ് അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.