ഹാങ്ചൗ: ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റുകളില്‍ ഒരാളായ പി.ടി. ഉഷ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്ഥാപിച്ച ദേശീയ റെക്കോര്‍ഡിനൊപ്പമെത്തി തമിഴ്‌നാടുകാരിയായ വിദ്യ രാംരാജ്. ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഹീറ്റ്‌സ് മത്സരത്തില്‍ മിന്നും പ്രകടനം നടത്തി 55.42 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഈ ഇനത്തില്‍ വിദ്യ ഫൈനലിലേക്ക് യോഗ്യത നേടി.
1984 ല്‍ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ടി ഉഷ കുറിച്ച 55.42 സെക്കന്‍ഡെന്ന സമയത്തിനൊപ്പമുള്ള പ്രകടനം ഒരു ഇന്ത്യന്‍ താരത്തില്‍ നിന്നും കാണാന്‍ 39 വര്‍ഷം നീണ്ട കാത്തിരിപ്പ് വേണ്ടി വന്നു.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തുടര്‍ച്ചയായി മിന്നും പ്രകടനം നടത്തുന്ന അത്‌ലറ്റാണ് വിദ്യ. കഴിഞ്ഞ മാസം ചണ്ഡീഗഡില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി അഞ്ചാംപാദത്തില്‍ 55.43 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് അന്ന് വിദ്യയ്ക്ക് ദേശീയ റെക്കോര്‍ഡ് നഷ്ടമായത്.
തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിനിയായ വിദ്യയുടെ പിതാവ് രാംരാജ് ട്രക്ക് ഡ്രൈവറും മാതാവ് മീന വീട്ടമ്മയുമാണ്. ഇരട്ട സഹോദരിയായ മീനയും അത്‌ലറ്റാണ്. കായികരംഗത്തേയ്ക്കുള്ള വിദ്യയുടെ വരവ് ഹോക്കിയിലൂടെയായിരുന്നു.
ഈറോഡ് ഗേള്‍സ് സ്‌പോര്‍ട്‌സ് സ്‌കൂളിലായിരുന്നു തുടക്കം. മികച്ച വേഗം കണ്ടറിഞ്ഞ കായികാധ്യാപകര്‍ വിദ്യയെ അത്‌ലറ്റിക്‌സിലേക്ക് വഴിമാറ്റി. ഇതോടെ ഈ താരം കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്തി. 25 വയസുകാരിയായ വിദ്യ മൂന്നുവട്ടം സീനിയര്‍ നാഷ്ണല്‍ ചാമ്പ്യനുമായി. 400 മീറ്റര്‍ ഹര്‍ഡില്‍സിനു പുറമേ ദേശീയ തലത്തില്‍ 400 മീറ്റര്‍ ഓട്ടത്തിലും 100 മീറ്റര്‍ ഓട്ടത്തിലും നിരവധി മെഡല്‍നേട്ടങ്ങള്‍ക്ക് ഉടമയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.