തല ചായ്ക്കാൻ ഒരിടത്തിനു വേണ്ടി ഓടുന്ന മനുഷ്യൻ

തല ചായ്ക്കാൻ ഒരിടത്തിനു വേണ്ടി ഓടുന്ന മനുഷ്യൻ

കൊച്ചി: ഭൂമിയിൽ തലചായ്‌ക്കാനിടം തേടുന്നവരുടെ എണ്ണം കോടികളിലേക്ക് ഉയരുമ്പോൾ ലോകമിന്ന് പാർപ്പിട ദിനം ആചരിക്കുന്നു. 1985 മുതലാണ് ആഗോളതലത്തിൽ ഒക്ടോബർ മാസത്തെ ആദ്യ തിങ്കളാഴ്ച ലോക പാർപ്പിട ദിനമായി ആചരിക്കപ്പെടുന്നത്. നമ്മുടെ നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഭാവി രൂപപ്പെടുത്താനുള്ള ശക്തിയും ഉത്തരവാദിത്വവും നമുക്കെല്ലാവർക്കും ഉണ്ടെന്ന് ലോകത്തെ ഓർമ്മിപ്പിക്കാനാണ് ഈ ദിനം ഉദ്ദേശിക്കുന്നത്. ലോത്തെമ്പാടുമുള്ള എല്ലാ മനുഷ്യരുടെയും ജീവിത സ്വപ്‌നമാണ് തല ചായ്ക്കാന്‍ ഒരിടം. പാര്‍പ്പിടം എന്നത് ഓരോ മനുഷ്യരുടെയും അവകാശമാണെന്ന ഓര്‍മപ്പെടുത്തലാണ് പാര്‍പ്പിട ദിനം ആചരിക്കുന്നതിലെ അന്തഃസത്ത.
മഹാമാരികൾ, കാലാവസ്ഥ, സംഘർഷം എന്നിവയാൽ വഷളാക്കിയ നമ്മുടെ ലോകത്ത് വർദ്ധിച്ചുവരുന്ന അസമത്വങ്ങളിലേക്കും ദുർബല തകളിലേക്കും മനുഷ്യശ്രദ്ധ ആകർഷിക്കാനുള്ള അവസരമാണിത്.

അസർബൈജാനിലെ ബാക്കു നഗരത്തിലാണ് ഈ വർഷത്തെ ലോക പാർപ്പിട ദിനം ആചരിക്കുന്നത്. "പ്രതിരോധ ശേഷിയുള്ള നഗര സമ്പദ്‌വ്യവസ്ഥകൾ" എന്ന പ്രമേയത്തിൽ ഇതാദ്യമായാണ് മധ്യേഷ്യൻ മേഖലയിൽ ആഗോള ആഘോഷം നടക്കുന്നത്.
ജനസംഖ്യയുടെ അന്ധാളിപ്പിക്കുന്ന വളർച്ചയിൽ ലോകം ആശങ്കയിലാണ്. കോടിക്കണക്കിന് ജനങ്ങളാണ് പാർപ്പിടങ്ങളില്ലാത്ത വലയുന്നത്. അമിതമായ നഗരവൽക്കരണത്തിൽ വീർപ്പു മുട്ടുന്ന മേഖലകളിൽ തന്നെയാണ് പാർപ്പിടപ്രശ്‌നം രൂക്ഷമെന്നതാണ് വിരോധാഭാസം.തലചായ്‌ക്കാനിടം ലഭിക്കാത്തവരുടെ എണ്ണത്തിലെ വർദ്ധനവിന്റെ ആശങ്കയാണ് ഐക്യ രാഷ്‌ട്രസഭയുടെ കണക്കുകൾ മുന്നോട്ട് വയ്‌ക്കുന്നത്. കേരളത്തിൽ 1961-ൽ 74 ശതമാനം വീടുകളും മണ്ണു കൊണ്ടുണ്ടാക്കിയതായിരുന്നു. അതെല്ലാം പനയോലകളോ പുല്ലോ മേഞ്ഞത്. 2001-ൽ 72 ശതമാനവും കോൺക്രീറ്റ് വീടുകളായി.

പരിസ്ഥിതിയും പ്രകൃതിയും വൻതോതിൽ വേട്ടയാടപ്പെടുന്ന ഈ കാലഘട്ടത്തിൽ അവയെ സംരക്ഷിക്കണമെന്ന സന്ദേശത്തിന് വലിയ പ്രസക്തിയാണുള്ളത്. മനുഷ്യനുൾപ്പടെയുള്ള ജീവജാലങ്ങളുടെ അതിജീവനത്തിനായി പ്രകൃതിയേയും അതിലെ ആവാസ വ്യവസ്ഥാകേന്ദ്രങ്ങളെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ലോക പാർപ്പിട ദിനം നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

പ്രവചിക്കപ്പെട്ടിട്ടുള്ളതിലും വേഗത്തിലാണ് ആഗോള താപനം നടക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തടയാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ലോക പാർപ്പിട ദിനം ബോധ്യപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭയുടെ നിഗമനപ്രകാരം കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്നതിന്റെ 70 ശതമാനവും നഗരങ്ങളിൽ നിന്നാണ്. ഇതിന് ഏറ്റവും വലിയ കരണഹേതു വാഹനങ്ങളും കെട്ടിടങ്ങളും മാലിന്യ സംസ്കരണവുമാണ്.

പാര്‍പ്പിടത്തോടൊപ്പം, ശുദ്ധമായ കുടിവെള്ളം, ശൗചാലയം , ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്ന കാഴ്ചപ്പാടോടെയാണ് ദിനാചരണം ആരംഭിച്ചത്. ലോകത്ത് 1.6 ബില്യണ്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യമില്ലെന്നും 100 ദശലക്ഷത്തോളം പേര്‍ ഭവനരഹിതരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇന്ന് നഗരങ്ങളിലെ ജനസംഖ്യ നാലിരട്ടിയായി വർദ്ധിച്ചു. 420 കോടിയിലധികം ആളുകൾ നഗരങ്ങളിൽ ജീവിക്കുന്നു.

ഉചിതമായ ആവാസ വ്യവസ്ഥകൾ കൊണ്ടുവരിക, ഭവനരഹിതരുടെ ദുരവസ്ഥ ഉയർത്തിക്കാട്ടുക, മനുഷ്യവാസ കേന്ദ്രങ്ങളും നഗരജീവിതത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുക, നഗര വ്യാപനത്തിന്റെ പ്രതിസന്ധി ഒഴിവാക്കുക തുടങ്ങിയവ ഇന്ന് വളരെ ശ്രദ്ധിക്കേണ്ട വസ്തുതകളാണ്. മനുഷ്യന്റെ ആവാസവ്യവസ്ഥയുടെ ഭാവി സംരക്ഷിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണ്.

പാര്‍പ്പിടം എന്നാല്‍ നാം മനുഷ്യര്‍ താമസിക്കുന്ന വീടുമാത്രമല്ല, മറിച്ച് ഭൂമിയിലെസമസ്ത ജീവജാലങ്ങളുടെയും വാസഗേഹങ്ങളുടെയും അതിശയിപ്പിക്കുന്ന വൈവിദ്ധ്യത്തിന്റെ ആകെത്തുകയാണ് എന്ന തിരിച്ചറിവ് ഉണ്ടാക്കുന്ന തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. പല ആവാസഗേഹങ്ങളുടെയും പ്രധാന ഭീഷണി മനുഷ്യനാണ് എന്നത് ഈ ദിനാചരണത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.