ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് കേരളത്തില്‍ എത്തിയതായും റിപ്പോര്‍ട്ട്. കേരളത്തില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളിലും വനമേഖലകളിലുമായിരുന്നു ഷാഫി ഉജ്ജ്മ എന്ന വിളിപ്പേരുള്ള മുഹമ്മദ് ഷാനവാസ് താമസിച്ചിരുന്നത്. ഈ മേഖലകള്‍ കേന്ദ്രീകരിച്ച് ചെറു സ്‌ഫോടനങ്ങള്‍ നടത്തി പരിശീലിക്കുകയും ചെയ്തിരുന്നതായും എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായി.
പ്രഷര്‍ കുക്കര്‍, ഗ്യാസ് സിലിണ്ടര്‍, ഐ.ഇ.ഡി തുടങ്ങിയവ ഉപയോഗിച്ചാണ് സ്ഫോടനം പരിശീലിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഐ.എസ് പതാകകളുമായുളള ചിത്രങ്ങളും ഇയാളില്‍ നിന്നും ലഭിച്ചു. എന്‍ഐഎയും ഡല്‍ഹി പൊലീസും പൂനെ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇയാളെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും തിങ്കളാഴ്ച്ച രാത്രി അറസ്റ്റ് ചെയ്തത്.
പൂനെ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മുഹമ്മദ് ഷാനവാസിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൂന്നുലക്ഷം രൂപ പാരിതോഷികം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് മുഹമ്മദ് ഷാനവാസ്. അന്വേഷണ സംഘത്തിന്റെ സംയുക്ത പരിശോധനയില്‍ ഷാനവാസ് ഒളിവില്‍ താമസിച്ച ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് മാരക സ്‌ഫോടനശേഷിയുള്ള ദ്രാവക രാസവസ്തു ഉള്‍പ്പെടെയുള്ളവ കണ്ടെത്തി.
ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഷാനവാസും ഇയാളുടെ കൂട്ടാളികളും പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.വാഹനമോഷണക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേരളം ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ ഇയാള്‍ നടത്തിയ നീക്കങ്ങളെക്കുറിച്ചും എന്‍ഐഎ അന്വേഷണം നടത്തും. ഷാനവാസിന്റെ സംഘത്തിലുള്ള മറ്റു നാല് ഭീകരരുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. ഇവരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്കും മൂന്നു ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26