ന്യൂഡല്‍ഹി: ഭീകരബന്ധം ആരോപിച്ച് യു.എ.പി.എ കേസില്‍ ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളില്‍ റെയ്ഡ്. ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വ്യാപക പരിശോധന നടത്തുന്നത്.
യു.എ.പി.എ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കസ്റ്റഡിയിലെടുത്തു.
വീഡിയോ ജേര്‍ണലിസ്റ്റ് അഭിസാര്‍ ശര്‍മ, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ഭാഷാ സിങ്, ഊര്‍മിളേഷ്, ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍ക്കയസ്ത, എഴുത്തുകാരി ഗീത ഹരിഹരന്‍, പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഔനിന്ദ്യോ ചക്രവര്‍ത്തി, ആക്ടിവിസ്റ്റും ചരിത്രകാരനുമായ സൊഹൈല്‍ ഹാഷ്മി, സ്റ്റാന്‍ഡ്-അപ്പ്കൊമേഡിയന്‍ സഞ്ജയ് രജൗറ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ) ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തരം പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.