'ന്യൂസ് ക്ലിക്ക്' വിഷയം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയില്‍ പൊലീസ് റെയ്ഡ്

'ന്യൂസ് ക്ലിക്ക്' വിഷയം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയില്‍ പൊലീസ് റെയ്ഡ്

ന്യൂഡല്‍ഹി: 'ന്യൂസ് ക്ലിക്ക്' ന്യൂസ് പോര്‍ട്ടലുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടില്‍ ഡല്‍ഹി പൊലീസ് റെയ്ഡ്. ന്യൂസ് ക്‌ളിക്ക് മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വീടുകളില്‍ റെയ്ഡ് നടക്കുന്നതിനിടെയാണ് സിപിഎം ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ പരിശോധന നടത്തുന്നത്. വാര്‍ത്താ പോര്‍ട്ടലിലെ ജീവനക്കാരന്‍ യെച്ചൂരിയുടെ ഡല്‍ഹിയിലെ വസതിയില്‍ താമസിക്കുന്നതിനാലാണ് ഇവിടെ പരിശോധന നടത്തുന്നത്.

സര്‍ക്കാര്‍ നല്‍കിയ വസതിയാണിത്. എന്നാല്‍ യെച്ചൂരി ഇവിടെ താമസിക്കുന്നില്ല. ന്യൂസ് ക്‌ളിക്കിന് ചൈനീസ് ഫണ്ടിങ് ഉണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ പരിശോധന നടത്തുന്നത്. പോര്‍ട്ടലിനെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.

സയന്‍സ് ഫോറം ഭാരവാഹി ഡി.രഘുനന്ദന്‍, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ സഞ്ജയ് രജൗര എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ആരുടേയും അറസ്റ്റ് രേഖപ്പെടുത്തയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി, നോയിഡ, ഗാസിയാബാദ് അടക്കം മുപ്പതോളം ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് ഇഡി ന്യൂസ് പോര്‍ട്ടലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂസ് പോര്‍ട്ടല്‍ ഈ പണം ഉപയോഗിച്ചെന്നും അന്വേഷണ സംഘം ആരോപിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇഡി നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്.

അതേസമയം 'ന്യൂസ് ക്ലിക്ക്' ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും പൊലീസ് നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. നടക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹി പൊലീസ് തന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉള്ളതല്ലെന്നും യെച്ചൂരി പ്രതികരിച്ചു.

'ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഇതാണ് രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ. എന്റെ പേരിലുള്ള വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തി. ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്യുന്ന ആള്‍ എന്റെ ഓഫീസ് ജീവനക്കാരന്റെ മകനാണ്. ആ വ്യക്തി അവിടെയാണ് താമസിക്കുന്നത്. ലാപ്ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. എന്തടിസ്ഥാനത്തിലാണ് റെയ്ഡ് എന്നത് ഇപ്പോഴും വിശദീകരിച്ചിട്ടില്ല'- യെച്ചൂരി വ്യക്തമാക്കി.

ന്യൂസ് ക്ലിക്ക് ജീവനക്കാര്‍ക്കെതിരെ എന്ത് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അറിവായിട്ടില്ല. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. എന്താണ് ഭീകരവാദ ബന്ധമെന്നും അറിയില്ല. ടീസ്ത സെതല്‍വാദിന്റെ വസതിയിലും പരിശോധന നടന്നു. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.