അവയവദാനം: ലേക്‌ഷോര്‍ ആശുപത്രിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

 അവയവദാനം: ലേക്‌ഷോര്‍ ആശുപത്രിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉടുമ്പന്‍ചോല സ്വദേശി വി.ജെ എബിന്‍ എന്ന 18 കാരന്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഉള്ളതാണ് കേസ്.

തലയില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതി എടുത്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇക്കഴിഞ്ഞ ജൂണിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും യുവാവിന്റെ അവയവങ്ങള്‍ വിദേശിക്ക് ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നായിരുന്നു കോടതി നിരീക്ഷണം. കേസെടുത്ത ശേഷം പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചിരുന്നു.

2009 നവംബര്‍ 29 നാണ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വി.ജെ എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ അവയവദാനം നടത്തുകയായിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളജിലെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിര്‍ കക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.