ഇസ്രയേലിന്റെ മികച്ച ഇന്റലിജന്‍സ് സംവിധാനവും രഹസ്യാന്വേഷണ മികവും ചടുലമായ യുദ്ധ തന്ത്രങ്ങളും ആഗോള പ്രസിദ്ധമാണ്. അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ മോസാദ് ലോകത്തിന് എന്നും വിസ്മയമാണ്.
അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) യേക്കാളും ബ്രിട്ടന്റെ എം.ഐ 6 നേക്കാളും മികവ് പുലര്‍ത്തുന്ന പ്രമുഖ ചാര സംഘടനയാണിത്. ഇസ്രായേല്‍ പ്രതിരോധ സേനയില്‍ സേവനം അനുഷ്ഠിച്ച് പരിചയ സമ്പന്നരായ ഉയര്‍ന്ന റാങ്കിലുള്ള 1600 ഓളം ഉന്നത ഉദ്യോഗസ്ഥരാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.
എന്ത് രഹസ്യവും എവിടെ നിന്നും ചോര്‍ത്തും. മറ്റ് രാജ്യങ്ങളുടെ ഉന്നത കേന്ദ്രങ്ങളില്‍ പോലും നുഴഞ്ഞു കയറിയ ചാരന്മാരെ ആ രാജ്യങ്ങള്‍ പോലും അറിയാതെ നിമിഷങ്ങള്‍ക്കുള്ളില്‍ പൊക്കും.
വിവര ശേഖരണം, രാഷ്ട്രീയ കൃത്യനിര്‍വ്വഹണം, വധം, അട്ടിമറി, ഗവേഷണം, സാങ്കേതിക വികസനം എന്നിവയ്ക്കായി എട്ട് വകുപ്പുകള്‍ തന്നെ മൊസാദിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
1972 ലെ മ്യൂണിക് ഒളിമ്പിക്‌സ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ വധിച്ചത്, നാസി നേതാക്കളില്‍ പ്രമുഖനായിരുന്ന അഡോള്‍ഫ് ഇച്മാനെ തട്ടിക്കൊണ്ടു പോയത്, ഇറാഖിലെ ഒസിറാഗ് അണു നിലയത്തെക്കുറിച്ച് രഹസ്യ വിവരം ശേഖരിച്ച് 1981 ല്‍ ഇസ്രായേലി വ്യോമാക്രമണത്തിലൂടെ അതു തകര്‍ത്തത് എന്നിവ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട മൊസാദിന്റെ പ്രമുഖ ഓപ്പറേഷനുകളാണ്.
എന്നാല്‍ ഇത്രയും ശക്തമായ ഇന്റലിജന്‍സ്, രഹസ്യാന്വേഷണ സംവിധാനമുള്ള ഇസ്രയേലിന് ഹമാസിന്റെ ആക്രമണ നീക്കവും നുഴഞ്ഞുകയറ്റ ശ്രമങ്ങളും മുന്‍കൂട്ടി അറിയാനും തടയാനും സാധിക്കാതെ പോയത് എന്തുകൊണ്ട് എന്നാണ് ലോകമെങ്ങും ഉയരുന്ന ചോദ്യം.
മനുഷ്യരുടെ ശരീരത്തിലെ നേരിയ ചൂടുപോലും മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന സെന്‍സറുകളും അതിര്‍ത്തിക്കപ്പുറത്ത് ഒരു ഇല അനങ്ങിയാല്‍ പോലും ഒപ്പിയെടുക്കുന്ന അത്യാധുനിക ക്യാമറകളുമാണ് അതിര്‍ത്തിക്ക് ചുറ്റുമുള്ള അതീവ സുരക്ഷ ഉറപ്പാക്കുന്ന കമ്പി വേലികളില്‍ ഇസ്രയേല്‍ സ്ഥാപിച്ചിരുന്നത്.
പക്ഷേ, ബുള്‍ഡോസറുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് നിമിഷങ്ങള്‍ കൊണ്ട് ഈ സുരക്ഷാ വേലികള്‍ തകര്‍ത്ത് എതിരാളികള്‍ രാജ്യത്തേക്ക് ഇരച്ചു കയറിയപ്പോള്‍ ഈ ക്യാമറക്കണ്ണുകള്‍ക്ക് എന്തുപറ്റി എന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുന്നു.
ഇസ്രയേലിന്റെ പ്രതിരോധ, സുരക്ഷാ സംവിധാനങ്ങളെപ്പറ്റി കൃത്യമായി ധാരണയുള്ള ഹമാസ് തീവ്രവാദികള്‍ കിറുകൃത്യമായ പദ്ധതികളൊരുക്കിയാണ് ആക്രമണത്തിനെത്തിയത്. ബുള്‍ഡോറുകള്‍ക്കൊപ്പം എസ്.യു.വികളും ബൈക്കുകളും ഉപയോഗിച്ച തീവ്രവാദികള്‍ ആകാശത്തു നിന്ന് പാരാഗ്ലൈഡറുകളിലൂടെയും പറന്നിറങ്ങി.
തങ്ങളുടെ സഹ പ്രവര്‍ത്തകരെ തീവ്രവാദികള്‍ ബന്ദികളാക്കിയപ്പോഴാണ് സൈന്യം എല്ലാം മനസിലാക്കി തുടങ്ങിയത്. അപ്പോഴേക്കും നിരവധിപേരുടെ ജീവന്‍ തീവ്രവാദികള്‍ എടുത്തു കഴിഞ്ഞിരുന്നു.
പിടികൂടിയവരെ ഭീകരര്‍ അതിക്രൂരമായാണ് ഉപദ്രവിച്ചത്. സൈനികരെ കൈകാലുകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കൊച്ചുകുട്ടികളെപ്പോലും വെറുതേ വിട്ടില്ല. ജീവനുവേണ്ടി യാചിച്ചവരെയും കൊന്നു തള്ളി. ജീവനെടുക്കുന്ന സമയത്തുപോലും അവര്‍ അല്‍പം ദയ കാണിച്ചില്ല.
പാര്‍ക്കിലും പാതയോരത്തും തെരുവോരങ്ങളിലുമെല്ലാം മനുഷ്യ ശരീരങ്ങള്‍ ചിന്നിച്ചിതറി. പിടിയിലായ ഇസ്രയേല്‍ സൈനികരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കൈക്കലാക്കിയ തീവ്രവാദികള്‍ അതുപയോഗിച്ചും ആക്രമണങ്ങള്‍ തുടരുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.