ഇസ്രയേലും സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളും തമ്മിലുള്ള പുതിയ സൗഹൃദം തകര്‍ക്കുക എന്നത് ഇറാന്റെയും ചൈനയുടെയും മുഖ്യ ലക്ഷ്യം.
ന്യൂഡല്‍ഹി: ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം ഇറാന്‍ ഭരണകൂടമാണെന്നും ഒപ്പം ചൈനയുടെ സഹായം ലഭിച്ചെന്നും പാശ്ചാത്യ മാധ്യമങ്ങള്‍.
ഇസ്രയേലും സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളും തമ്മില്‍ അടുത്ത കാലത്ത് ഉരുത്തിരഞ്ഞ് വന്ന സുഹൃത് ബന്ധത്തെ തകര്‍ക്കുക എന്ന ഉദ്ദേശമാണ് ഇറാന്റെ നീക്കത്തിന് പിന്നിലെങ്കില്‍ ഇസ്രയേല്‍-സൗദി-യുഎഇ ബന്ധം ശക്തമായാല്‍ മേഖലയിലെ തങ്ങളുടെ ചില താല്‍പര്യങ്ങള്‍ക്ക് അത് വിഘാതമാകുമെന്ന ഭയമാണ് ചൈനയ്ക്കുള്ളതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
സൗദി-ഇസ്രയേല്‍ ബന്ധത്തില്‍ എതിര്‍പ്പുള്ള സൗദി അറേബ്യയിലെ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ പിന്തുണയും ഹമാസിന് കിട്ടി. ഹമാസല്ല ഇറാന്‍ തന്നെയാണ് തങ്ങളെ ആക്രമിച്ചതെന്ന വിലയിരുത്തലിലാണ് ഇസ്രയേല്‍. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ ചാവേറുകള്‍ മാത്രമാണ് ഹമാസ് എന്നാണ് ഇസ്രയേല്‍ പറയുന്നത്.
ഇറാന്റെ എക്കാലത്തെയും വലിയ ശത്രുവാണ് സൗദി അറേബ്യ. സൗദിയും ഇസ്രയേലും തമ്മില്‍ അടുത്ത കാലത്ത് വികസിച്ചു വന്ന വ്യാപാര-ആരോഗ്യ-സൈനിക മേഖലകളിലുള്ള സഹകരണം ഇറാനെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയായിരുന്നു. ഈ സഹകരണം വികസിച്ചു വന്നതോടെ സൗദി അറേബ്യ ഹമാസിനുള്ള പിന്തുണ പതിയെ പിന്‍വലിക്കുകയായിരുന്നു.
ഇത് ഹമാസിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറി. ഇതോടെയാണ് ഹമാസിന് പണവും ആയുധങ്ങളും നല്‍കി ഇറാന്‍ കളം പിടിച്ചത്. സുന്നികള്‍ക്ക് ഭൂരിപക്ഷമുള്ള പാലസ്തീനോട് ഷിയാ ഭരണകൂടമായ ഇറാന് വലിയ താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ സൗദി അറേബ്യ ഹമാസിനെ കയ്യൊഴിഞ്ഞതോടെ ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാടിലൂന്നി ഇറാന്‍ ഹമാസിന്റെ സഹായത്തിനെത്തുകയായിരുന്നു.
ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഇസ്രയേലുമായി കൂടുതല്‍ അടുക്കുന്നത് ഗള്‍ഫ് മേഖലയിലെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതമാണെന്ന് ഇറാന്‍ മനസിലാക്കി. അതോടൊപ്പം ഈ മേഖലയില്‍ വലിയ താല്‍പര്യങ്ങള്‍ ഉള്ള ചൈനയും ഇറാനുമായി കൈകോര്‍ത്തു. ഹമാസിന് ഇത്രയധികം ആയുധങ്ങള്‍ ലഭിച്ചത് ചൈനയുടെ കൂടെ പിന്തുണയാല്‍ ആണെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്തംബറില്‍ ലബനിനില്‍ വച്ച് ഹമാസ് നേതൃത്വവും ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡിന്റെ ഉന്നത നേതൃത്വവും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടന്നിരുന്നു. ഈ രഹസ്യ യോഗത്തിലാണ് ആക്രമണ പദ്ധതിക്ക് രൂപം കൊടുത്തത്. ഇസ്രയേലിന്റെ സൈനിക സിവിലിയന്‍ കേന്ദ്രങ്ങള്‍ ഒരേ സമയം ആക്രമിക്കുക എന്ന നിര്‍ദേശം മുന്നോട്ടു വച്ചത് ഇറാനാണ്. ഇത്തരത്തിലൊരു ആക്രമണം ഹമാസ് മുന്‍പെങ്ങും നടത്തിയിട്ടില്ല.
ഇസ്രയേലിന് നേരെ ഇറാന്‍ നടത്തുന്ന അനൗദ്യോഗിക യുദ്ധം തന്നെയാണിതെന്നാണ് അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സികളും പറയുന്നത്. തങ്ങളുടെ റവല്യൂഷണറി കമാന്‍ഡ് കൗണ്‍സിലിന്റെ ഉന്നത നേതാവിനെ കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ വധിച്ചതിന്റെ പകയും ഇറാന്‍ ഹമാസിന് നല്‍കിയ പിന്തുണക്ക് പിന്നിലുണ്ട്. എന്നാല്‍ മൊസാദ് അടക്കമുള്ള ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ആക്രമണം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.