നന്ദിയില്ലായ്മ അത്യാഗ്രഹത്തിലേക്കു നയിക്കും; ക്രമേണ അക്രമവാസനയിലേക്കും: ഞായറാഴ്ച സന്ദേശത്തില്‍ മാര്‍പാപ്പ

നന്ദിയില്ലായ്മ അത്യാഗ്രഹത്തിലേക്കു നയിക്കും; ക്രമേണ അക്രമവാസനയിലേക്കും: ഞായറാഴ്ച സന്ദേശത്തില്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നന്ദിയില്ലാത്ത ഹൃദയം അത്യാഗ്രഹത്തിലേക്കു നയിക്കുമെന്ന മുന്നറിയിപ്പുമായി ഫ്രാന്‍സിസ് പാപ്പ. പടിപടിയായി അത് നമ്മുടെ ഉള്ളില്‍ അക്രമവാസന വളര്‍ത്തുകയും ചെയ്യും. ഞായറാഴ്ചത്തെ മധ്യാഹ്ന പ്രാര്‍ത്ഥനയോടനുബന്ധിച്ചുള്ള സുവിശേഷ വിചിന്തനത്തിലാണ് പാപ്പാ ഈ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിയത്.

മത്തായിയുടെ സുവിശേഷത്തില്‍, മുന്തിരിത്തോട്ടം കൃഷി ചെയ്യാനേല്‍പ്പിച്ച ദുഷ്ടരായ കൃഷിക്കാരുടെ ഉപമയാണ് (മത്തായി 21: 33 - 43) പരിശുദ്ധ പിതാവ് വ്യാഖ്യാനിച്ചത്. ആ കൃഷിക്കാരുടെ മനസിലുണ്ടായ നന്ദിഹീനതയും അത്യാഗ്രഹവും അവരെ എങ്ങനെ വശീകരിക്കുകയും ഒടുവില്‍ അവരെ കൊലപാതകികളാക്കി മാറ്റുകയും ചെയ്തുവെന്നതാണ് യേശു ഈ ഉപമയിലൂടെ നമ്മെ പഠിപ്പിക്കുന്നത്.

തങ്ങളുടെ അധ്വാനത്തിന്റെ ഫലം തങ്ങള്‍ക്കു മാത്രമുള്ളതാണെന്ന് അവര്‍ വിചാരിച്ചു. മുന്തിരിത്തോട്ടം പരിപാലിക്കുകയും വിളവിന്റെ ഓഹരി തോട്ടത്തിന്റെ ഉടമസ്ഥനുമായി പങ്കുവെക്കുകയും ചെയ്യുന്നതിന് പകരം, എല്ലാം സ്വന്തമാണെന്ന് കരുതി യജമാനന്റെ ഭൃത്യരോട് അവര്‍ മോശമായി പെരുമാറി. ഒടുവില്‍, അവന്റെ പുത്രനെ കൊല്ലുകയും ചെയ്തു.

നന്ദിഹീനത അക്രമത്തിലേക്ക് നയിക്കും

യജമാനന്റെ സന്മനസിനും ഔദാര്യത്തിനും അവനോട് നന്ദി കാണിക്കേണ്ടവരായിരുന്നു ആ കൃഷിക്കാര്‍. എന്നാല്‍ അവരുടെ നന്ദികേട് അവരെ ആദ്യം അത്യാഗ്രഹത്തിലേക്കു നയിച്ചു. അത്യാഗ്രഹം അവരുടെ ഉള്ളില്‍ അക്രമവാസന വളര്‍ത്തി. സാഹചര്യങ്ങളെ വികലമായ രീതിയില്‍ നോക്കിക്കാണാന്‍ അത് അവരെ പ്രേരിപ്പിച്ചു. അവര്‍ക്കു ജോലി നല്‍കിയ യജമാനനോടുള്ള അവരുടെ കടപ്പാട് മറന്ന്, യജമാനന്‍ തങ്ങളോട് കടപ്പെട്ടിരിക്കുന്നതായി അവര്‍ വിചാരിച്ചു. അങ്ങനെ പാട്ടക്കൃഷിക്കാര്‍ എന്നുള്ള അവരുടെ അവസ്ഥയില്‍ നിന്ന് ക്രമേണ അവര്‍ കൊലയാളികളായി മാറി.

കൃതജ്ഞതതയുള്ളവരാകാന്‍ മറന്നുപോയി, കാര്യങ്ങള്‍ സ്വയം തീരുമാനിച്ച് ചെയ്യുമ്പോള്‍, ഒരു വ്യക്തി തന്നെത്തന്നെയാണ് വഞ്ചിക്കുന്നതെന്ന് യേശു ഈ ഉപമയിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു - പാപ്പാ വിശദീകരിച്ചു. ഈ മനോഭാവം നമ്മെ അസംതൃപ്തി, തെറ്റിദ്ധാരണകള്‍, വിദ്വേഷം, ആത്യന്തികമായി അക്രമം എന്നിവയിലേക്കു നയിക്കും. അതേ സഹോദരരേ, നന്ദിഹീനത അത്യാഗ്രഹവും അത്യാഗ്രഹം അക്രമവും ഉളവാക്കും. എന്നാല്‍ വളരെ ലളിതമായ 'നന്ദി' എന്ന ഒരു വാക്ക്, സമാധാനം തിരികെ കൊണ്ടുവരും! - പാപ്പ കൂട്ടിച്ചേര്‍ത്തു.

നന്ദി പറയാന്‍ ശീലിക്കണം

നമ്മുടെ ജീവിതവും വിശ്വാസവും നമുക്കുള്ളതെല്ലാം - നാം തന്നെയും കര്‍ത്താവിന്റെ കൃപയില്‍ നിന്നാണ്....' എന്ന കാര്യം നാം തിരിച്ചറിയുന്നുണ്ടോ? ഈ ചോദ്യം ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് പരിശുദ്ധ പിതാവ് ഓര്‍മ്മപ്പെടുത്തി. അങ്ങനെയെങ്കില്‍, ഈ കൃപയ്ക്ക് മറുപടിയായി, എങ്ങനെ നന്ദി പറയണമെന്ന് നമുക്ക് അറിയാമോ? പാപ്പാ ചോദിച്ചു.

തന്റെ ആത്മാവില്‍ കര്‍ത്താവിനെ മഹത്വപ്പെടുത്തിയ പരിശുദ്ധ കന്യകാമറിയം നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കാന്‍ തക്കവിധം, നന്ദിയുടെയും കൃതജ്ഞതയുടെയും ഒരു ജീവിതം നയിക്കുവാന്‍ നമ്മെ സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച് പരിശുദ്ധ പിതാവ് തന്റെ സന്ദേശം അവസാനിപ്പിച്ചു.

മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.