യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരെ പരിശുദ്ധ കന്യകാമറിയത്തിനു സമര്‍പ്പിച്ച് മാര്‍പാപ്പ; സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വീണ്ടും ആഹ്വാനം

യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരെ പരിശുദ്ധ കന്യകാമറിയത്തിനു സമര്‍പ്പിച്ച് മാര്‍പാപ്പ; സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വീണ്ടും ആഹ്വാനം

വത്തിക്കാന്‍ സിറ്റി: ഇസ്രായേലിലും പലസ്തീനിലും നടക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിക്കാനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുലരാനും പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ. പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാലയ്ക്കായി പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ഒക്ടോബര്‍ മാസത്തില്‍ ലോകമെമ്പാടും സമാധാനത്തിനായും ഇപ്പോള്‍ റോമില്‍ നടന്നുകൊണ്ടിരിക്കുന്ന സിനഡിനു വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ പരിശുദ്ധ പിതാവ് വിശ്വാസികളോട് ആവശ്യപ്പെട്ടു.

ഞായറാഴ്ച മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം നടത്തിയ പ്രഭാഷണത്തിലാണ് ഈ നിയോഗങ്ങള്‍ക്കെല്ലാമായി വിശ്വാസികളുടെ പ്രത്യേക പ്രാര്‍ത്ഥന പാപ്പാ അഭ്യര്‍ത്ഥിച്ചത്.

'യുദ്ധം എപ്പോഴും ഒരു പരാജയമാണ്! എല്ലാ യുദ്ധങ്ങളും പരാജയമാണ്. ദയവായി, ആക്രമണങ്ങളും ആയുധ നിര്‍മ്മാണവും നിര്‍ത്തൂ. തീവ്രവാദവും യുദ്ധങ്ങളും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മറിച്ച്, അനേകം നിരപരാധികളെ മരണത്തിലേക്കും കഷ്ടപ്പാടുകളിലേക്കും തള്ളിവിടാനേ അത് ഉപകരിക്കൂ' - പരിശുദ്ധ പിതാവ് മുന്നറിയിപ്പ് നല്‍കി. 'നൂറുകണക്കിന് ആളുകള്‍ മരിക്കുകയും മറ്റനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യാന്‍ കാരണമായ ഈ യുദ്ധത്തെ അത്യന്തം ദുഃഖത്തോടും ആശങ്കയോടുമാണ് ഞാന്‍ കാണുന്നത്' - ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് പാപ്പാ പറഞ്ഞു.

യുദ്ധത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ ഫ്രാന്‍സിസ് പാപ്പാ തന്റെ അനുശോചനം അറിയിച്ചു. ഭീകരതയുടെയും വേദനയുടെയും മണിക്കൂറുകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പാ ഉറപ്പു നല്‍കി. ഇസ്രയേലിലും പലസ്തീനിലും സമാധാനത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഒക്ടോബര്‍ മാസം ജപമാലയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസമാണെന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു. യുദ്ധങ്ങളും സംഘട്ടനങ്ങളും മൂലം വലയുന്ന വിവിധ രാജ്യങ്ങളില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം വഴിയായി സമാധാനവും ശാന്തിയും പുനസ്ഥാപിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ എല്ലാവരോടും ആഹ്വാനം ചെയ്തു. യുദ്ധം മൂലമുള്ള യാതനകള്‍ ദിനംതോറും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉക്രെയ്ന്‍ ജനതയെ മാര്‍പാപ്പ പ്രത്യേകമായ വിധത്തില്‍ അനുസ്മരിച്ചു.

തങ്ങളുടെ പ്രാര്‍ത്ഥനകളാല്‍ സിനഡിനൊപ്പമായിരിക്കുന്ന ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്ക് പാപ്പ നന്ദി പറഞ്ഞു. അതോടൊപ്പം വിവിധ മാധ്യമങ്ങളിലൂടെ സിനഡ് സമ്മേളനങ്ങളെ താല്‍പര്യപൂര്‍വം വീക്ഷിച്ചുകൊണ്ട് സിനഡിനെ അനുയാത്ര ചെയ്യുന്നവരോടും പാപ്പ നന്ദി അറിയിച്ചു.

നടന്നുകൊണ്ടിരിക്കുന്ന സിനഡിനെ, 'ശ്രവിക്കുന്നതിനും പങ്കുവെക്കുന്നതിനും' വേണ്ടിയുള്ള, സഭയുടെ ഒരു സാഹോദര്യ കൂട്ടായ്മയായി പരിശുദ്ധ പിതാവ് വിശേഷിപ്പിച്ചു. അതിനാല്‍ സിനഡിന്റെ എല്ലാ സമ്മേളനങ്ങളെയും പ്രവര്‍ത്തനങ്ങളെയും പരിശുദ്ധാത്മാവിന് ഭരമേല്‍പ്പിച്ച് പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.