ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെ രക്ഷിക്കനുള്ള ദൗത്യം എളുപ്പമായിരിക്കില്ലെന്ന് വിലയിരുത്തല്‍. ഗാസയിലെ ഹമാസ് കേന്ദ്രത്തിലാണ് 150 ഓളം ഇസ്രയേലുകാരെ ബന്ദികളാക്കിയിരിക്കുന്നത്. വെറും 40 കിലോമീറ്റര്‍ നീളവും 12 കീലോമീറ്റര്‍ വീതിയും മാത്രമാണ് ഗാസ മുനമ്പിനുള്ളത്.
ഗാസയ്ക്ക് ചുറ്റും എപ്പോഴും ഇസ്രയേലിന്റെ വന്‍ നിരീക്ഷണ സംവിധാനങ്ങളും ഉണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് അതിര്‍ത്തികളിലുള്ളത്. 24 മണിക്കൂറും ചാരക്കണ്ണുകള്‍ കൊണ്ട് വരിഞ്ഞു മുറുക്കിയിരിക്കുകയാണ് ഈ ചെറിയ പ്രദേശത്തെ. എന്നിട്ടും ഹമാസ് ബന്ദികളാക്കിയ 150പേര്‍ ഗാസയില്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താന്‍ ഇസ്രയേലിന് സാധിച്ചിട്ടില്ല.
ഹമാസിന്റെ ഒളിയിടങ്ങള്‍ എവിടെയൊക്കെയാണെന്ന് കണ്ടെത്താന്‍ ഇസ്രയേലിന് ഇതുവരെയും സാധിച്ചിട്ടില്ലെന്നാണ് ഇസ്രയേല്‍-ഹമാസ് ചര്‍ച്ചകള്‍ക്ക് സഹായിക്കുന്ന ഗെര്‍ഷോണ്‍ ബാസ്‌കിന്‍ പറയുന്നത്. 2011ല്‍ ഹമാസ് ബന്ദിയാക്കിയ ഇസ്രയേല്‍ സൈനികന്‍ ഗിലാഡ് സ്‌കാലിറ്റിനെ അഞ്ച് വര്‍ഷത്തിന് ശേഷം മോചിപ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഗെര്‍ഷോണ്‍. ഗാസയില്‍ ഹമാസിന് നിരവധി അണ്ടര്‍ ഗ്രൗണ്ട് ടണലുകളുണ്ട്. ജനവാസ മേഖലയില്‍ക്കൂടി നിര്‍മ്മിച്ചിരിക്കുന്ന ഇവ എവിടെയൊക്കെയാണെന്ന് കണ്ടെത്തല്‍ പ്രയാസമാണെന്നാണ് ഗെര്‍ഷോണ്‍ പറയുന്നത്.
ഇത്രയും ഇസ്രയേലുകാരെ ബന്ദികളാക്കാന്‍ സാധിച്ചത് ഹമാസിനെ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകണം. ഹമാസ് ബന്ദികളാക്കിയവരുടെ ഭയപ്പെടുത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഒരു യുവതിയെ മോട്ടോര്‍സൈക്കിളില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെയും പേടിച്ചരണ്ട അമ്മ തന്റെ രണ്ട് കുഞ്ഞുങ്ങളെ ബ്ലാങ്കറ്റില്‍ പൊതിഞ്ഞു കെട്ടിപ്പിടിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങള്‍ പുറത്തുവന്നത് ഇസ്രയേലുകാരെ ഞെട്ടിച്ചിരിക്കുകയാണ്.
ഗാസ അതിര്‍ത്തിയില്‍ പരിശീലനത്തിന് പോയ 18കാരിയായ സൈനിക ഉദ്യോഗസ്ഥയെ ഹമാസ് തട്ടിക്കൊണ്ടുപോകുന്നതിന്റെ ചിത്രവും പുറത്തുവന്നിരുന്നു. ഒരു ജീപ്പില്‍ ഹമാസ് ഭീകകര്‍ക്ക് നടുവിലായാണ് സൈനിക ഉദ്യോഗസ്ഥ ഇരിക്കുന്നത്. ഇവര്‍ക്കൊപ്പം മറ്റു രണ്ട് ബന്ദികള്‍ കൂടി ഉണ്ട്. ഇസ്രയേല്‍ സൈന്യം മകളെ തിരികെ കൊണ്ടുവരും എന്ന പ്രതീക്ഷയിലാണ് പിതാവ് എലി എല്‍ബാഗ്. പന്ത്രണ്ട് മണിക്കൂറോളം മകളെ ബന്ധപ്പെടാന്‍ ശ്രമിച്ചതിന് ശേഷമാണ് ഹമാസ് ബന്ദിയാക്കിയ വിവരം അറിഞ്ഞത്. മകളെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ടെലിവിഷന് മുന്നില്‍ തന്നെ ഇരിക്കുകയാണ് എര്‍ബര്‍ഗും ഭാര്യയും. ആര്‍ക്കും തങ്ങളുടെ മാനസികാവസ്ഥ മനസിലാകില്ലെന്നും എല്‍ബര്‍ഗ് പറയുന്നു.
ഇസ്രയേല്‍ തടവിലാക്കിയിരിക്കുന്ന 5,200 പലസ്തീന്‍കാരെ വിട്ടയക്കണം എന്നാണ് ഹമാസിന്റെ പ്രധാന ആവശ്യം. ഗാസയ്ക്ക് നേരെയുള്ള ആക്രണം നിര്‍ത്തിയില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ ഓരോ ബന്ദികളെയായി കൊല്ലുമെന്നും ഹമാസ് ഭീഷണി മുഴക്കുന്നു. അതേസമയം ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന പതിവ് ഹമാസിനില്ല. ഇവരുടെ ആരോഗ്യാവസ്ഥ വിലയിരുത്താന്‍ റെഡ് ക്രോസിനെ പോലും ഹമാസ് അനുവദിക്കാറില്ല. അമേരിക്കക്കാരും ഹമാസിന്റെ പിടിയിലുണ്ടെന്ന് പ്രസിഡന്റ് ബൈഡന്‍ സ്ഥിരീകരിച്ചിരുന്നു.
ബന്ദികളാക്കിയ തങ്ങളുടെ പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ ഇസ്രയേല്‍ ഏതറ്റംവരെയും പോകുമെന്ന് ഹമാസിന് ബോധ്യമുണ്ട്. 2011ല്‍ ഹമാസ് ബന്ദിയാക്കിയ ഇസ്രയേല്‍ സൈനികന്‍ ഗിലാഡ് സ്‌കാലിറ്റിനെ അഞ്ചു വര്‍ഷത്തിന് ശേഷം മോചിപ്പിച്ചത് നിലവിലെ ഹമാസ് മേധാവിയായി യഹിയ സിന്‍വാര്‍ അടക്കം 1,000 പലസ്തീനികളെ വിട്ടയച്ചതിന് ശേഷമാണ്.
അതേസമയം സ്ഥിരമായി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന ഈജിപ്തും തുര്‍ക്കിയും ഖത്തറും ഇത്തവണ രംഗത്തിറങ്ങിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.