സിറിയയ്ക്ക് മറുപടി; രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം

സിറിയയ്ക്ക് മറുപടി; രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം

ജറുസലേം: സിറിയയില്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. രണ്ട് രാജ്യാന്തര വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ സിറിയ ഇസ്രയേലില്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു ഇസ്രയേലിന്റെ ആക്രമണം.

വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസ്, അലെപ്പോ വിമാനത്താവളങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണത്തില്‍ റണ്‍വേകള്‍ തകര്‍ന്നു. ഈ വിമാനത്താവളങ്ങളിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി. മിസൈല്‍ ആക്രമണം നടന്ന പിന്നാലെ സിറിയയിലെ വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കി. ഹമാസ്-ഇസ്രയേല്‍ യുദ്ധം തുടരുന്ന ആറാം ദിവസമാണ് സിറിയയിലേക്കും യുദ്ധം വ്യാപിക്കുന്നത്. ഇത് പശ്ചിമേഷ്യയിലാകെ ഭീതി പരത്തിയിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം ഇസ്രയേലും ഹമാസും തമ്മിലുള്ള പോരാട്ടം ആറാം ദിവസവും തുടരുകയാണ്. ഇതിനോടകം തന്നെ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭീകരരെ ഭൂമിയില്‍ നിന്നും പൂര്‍ണമായി ഇല്ലാതാക്കുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ബന്ദികളാക്കപ്പെട്ടവരെ ഹമാസ് എത്രയും വേഗം മോചിപ്പിക്കണം. അല്ലാത്തപക്ഷം ഗാസയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.