ജോസ്‌വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: ഇസ്രായേലിനെതിരായ ഹമാസിന്റെ ഭീകരാക്രമണങ്ങളെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. ഹമാസ് ബന്ദികളാക്കിയവരെ തടവിൽവച്ച് പീഡിപ്പിക്കാതെ ഉടൻ മോചിപ്പിക്കണമെന്നും തീവ്രവാദികളോട് പാപ്പ അഭ്യർത്ഥിച്ചു. ഗാസയിൽ ഇസ്രായേൽ ഉപരോധം ശക്തമാക്കുന്നതിനെയും നിരപരാധികളായ സാധാരണക്കാരിൽ അത് ഉളവാക്കുന്ന പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള തന്റെ ആശങ്കയും പാപ്പാ പ്രകടിപ്പിച്ചു.
ഇസ്രായേലിലും പലസ്തീനിലും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഹൃദയവേദനയോടെയും ആശങ്കയോടെയുമാണ് നോക്കിക്കാണുന്നത്. വളരെയധികംആളുകൾ കൊല്ലപ്പെടുകയും മറ്റനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു - മാർപാപ്പ പറഞ്ഞു.
പാപ്പാ ചൂണ്ടിക്കാണിച്ചതുപോലെ, ഇസ്രായേൽ പ്രതിരോധ സേനകളുടെ വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് ഇതിനകം 1200 ഇസ്രായേൽ പൗരന്മാർക്കാണ് ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചത്. 2800 ഇസ്രേലികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം, ഗാസയിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ 950 പലസ്തീനികൾ കൊല്ലപ്പെടുകയും 5000 - ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തോറ ചുരുൾ വായിക്കുന്നതിന്റെ വാർഷികചക്രം പൂർത്തീകരിക്കുന്ന 'സിംചത് തോറ' യെന്ന ജൂത ആഘോഷദിനമായ ശനിയാഴ്ചയാണ് ഹമാസിന്റെ ആദ്യ ആക്രമണം നടന്നതെന്ന് മാർപാപ്പ പറഞ്ഞു. ആഘോഷങ്ങളുടേതായ ഒരു ദിനത്തെ വരവേൽക്കാൻ കാത്തിരുന്ന കുടുംബങ്ങളെയെല്ലാം തീവ്ര വേദനയിലാഴ്ത്തിക്കൊണ്ടാണ് മനുഷ്യത്വരഹിതമായ ആക്രമണം ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായത്. അപ്രതീക്ഷിത ആക്രമണത്തിന് ഇരയായവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പാപ്പ അറിയിച്ചു.
150 ഓളം ഇസ്രയേലികളെയാണ് ഹമാസ് ബന്ധികളാക്കിയത് എന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടു. 'ആക്രമിക്കപ്പെടുന്ന ഒരാൾക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. എങ്കിലും, നിരപരാധികളായ അനേകം പലസ്തീനികൾ താമസിക്കുന്ന ഗാസയിൽ നടപ്പാക്കിയ സമ്പൂർണ ഉപരോധത്തെക്കുറിച്ച് എനിക്ക് വളരെ ആശങ്കയുണ്ട്' - പാപ്പ പറഞ്ഞു.
ഇസ്രായേലികളും പലസ്തീനികളും തമ്മിലുള്ള സംഘർഷത്തിന് പരിഹാരം കാണാൻ തീവ്രവാദവും ഭീകര പ്രവർത്തനങ്ങളും ഒരിക്കലും സഹായിക്കില്ല, മറിച്ച് വിദ്വേഷവും അക്രമവും പ്രതികാരചിന്തയും വളർത്തി പരസ്പരം കഷ്ടപ്പെടുത്താൻ മാത്രമാണ് അത് ഇടയാക്കുകയെന്നും മാർപാപ്പ എടുത്തുപറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.