ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട സ്ഥിതിഗതികളില്‍ ഒരു മാറ്റവുമില്ലെന്ന് സുപ്രീം കോടതി. ചര്‍ച്ചകള്‍ നടക്കുകയാണെന്നും സര്‍ക്കാരും സമരക്കാരും തമ്മില്‍ എന്തെങ്കിലും ധാരണയുണ്ടാകാനുളള സാധ്യതയുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. സാഹചര്യം മനസിലാക്കുന്നുവെന്നും ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാനാണ് കോടതിയുടെ ആഗ്രഹമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.
നിയമങ്ങള്‍ റദ്ദാക്കാണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഉന്നത കോടതിയുടെ പരാമര്‍ശം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി, ഹരിയാന അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ തിങ്കളാഴ്ചയും ഹര്‍ജികള്‍ മാറ്റിയേക്കുമെന്നും കോടതി സൂചിപ്പിച്ചു.
കര്‍ഷക സമരം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്താനാണ് എം പിമാരുടെ നീക്കം. നാല്‍പ്പത് ദിവസത്തോളമായി രാജ്യ തലസ്ഥാനത്തെ കൊടും തണുപ്പില്‍ കഴിയുന്ന കര്‍ഷകര്‍ കടുത്ത തണുപ്പും ഇടയ്ക്കിടെയുളള മഴയും കാരണം പ്രതിഷേധ സ്ഥലത്ത് കൂടുതല്‍ വെളളം കയറാതിരിക്കാന്‍ താത്ക്കാലിക കൂടാരങ്ങള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ കനത്ത മഴയില്‍ പ്രതിഷേധ സ്ഥലത്തെ ചില കൂടാരങ്ങള്‍ തകര്‍ന്നതും മഴവെളളം മറ്റ് കൂടാരങ്ങളിലേക്ക് പ്രവേശിച്ചതും വിറകും വസ്ത്രവും കുതിര്‍ന്ന് പോകുന്നതിന് കാരണമായി. ഇതേത്തുടര്‍ന്ന് ഡല്‍ഹിയിലെ സിങ്കു അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ക്ക് അഭയത്തിനായി വാട്ടര്‍ പ്രൂഫ് കൂടാരങ്ങള്‍ സ്ഥാപിക്കാനുളള ഒരുക്കത്തിലാണ് കര്‍ഷകര്‍. വെളളക്കെട്ട് മൂലമുണ്ടാകുന്ന രോഗങ്ങളെ നേരിടാന്‍ ഫോഗിംഗ് മെഷീനുകളും സിങ്കു അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്.
സര്‍ക്കാരുമായി നീണ്ട പോരാട്ടത്തിന് തന്നെ തങ്ങള്‍ തയ്യാറാണെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പറയുന്നു. മോശം കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന തങ്ങളുടെ ട്രാക്ടര്‍ മാര്‍ച്ച് മാറ്റിവച്ചെങ്കിലും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രതിഷേധം വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.