ഗാസ: വടക്കന്‍ ഗാസയില്‍ നിന്ന് 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന ഇസ്രയേല്‍ അന്ത്യശാസനത്തെ തുടര്‍ന്ന് ജനങ്ങളുടെ പലായനം തുടരുന്നു. അന്ത്യശാസന സമയപരിധി അവസാനിച്ചെങ്കിലും പലായനം തുടരുകയാണ്.
അതിനിടെ തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുന്നവര്‍ക്ക് സൗകര്യം ഒരുക്കാനായി ഹമാസും ഇസ്രയേലും തമ്മില്‍ താല്‍ക്കാലിക ധാരണയിലെത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ നിവാസികളെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കാതിരിക്കാനാണ് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ജോനാതന്‍ കോണ്‍റികസ് പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ തങ്ങളുടെ ശത്രുക്കള്‍ അല്ലെന്നും അവരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും കോണ്‍റികസ് അറിയിച്ചു.
'നിങ്ങളുടേയും കുടുംബത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി സെക്യൂരിറ്റി ഫെന്‍സുകള്‍ക്ക് സമീപം വരരുത്. ആരെങ്കിലും സെക്യൂരിറ്റി ഫെന്‍സുകള്‍ക്ക് സമീപമെത്തിയാല്‍ വധിക്കപ്പെടും'.- ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, തെക്കന്‍ ഗാസയിലേക്കുള്ള ജനങ്ങളുടെ ദുരിതയാത്ര തുടരുകയാണ്. കാല്‍നടയായും ട്രക്കുകളിലും കഴുതപ്പുറത്തും ഒക്കെയായി ലക്ഷങ്ങളാണ് തെക്കന്‍ ഗാസയിലേക്ക് നീങ്ങുന്നത്.
അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന യു.എന്‍ സ്‌കൂള്‍ ദെയര്‍ അല്‍ ബലായിലേക്ക് പതിയനായിരങ്ങളാണ് എത്തിയിരിക്കുന്നത്. ഗാസയില്‍ 2,200 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇരുപത്തിനാല് മണിക്കൂറിനകം വടക്കന്‍ ഗാസയിലെ ജനങ്ങള്‍ തെക്കന്‍ ഭാഗത്തേക്ക് മാറണമെന്നാണ് ഇന്നലെ ഇസ്രയേല്‍ ആവശ്യപ്പെട്ടത്. ഇസ്രയേലി സൈന്യം ഇക്കാര്യം ഗാസയിലെ ഐക്യരാഷ്ട്ര പ്രതിനിധികളെ അറിയിക്കുകയായിരുന്നു. സ്‌കൂളുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും യുഎന്‍ ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമാണെന്നായിരുന്നു ഇസ്രയേലിന്റെ മുന്നറിയിപ്പ്.
പതിനൊന്നു ലക്ഷം ജനങ്ങളെ ഭക്ഷണവും വെള്ളവും താമസ സൗകര്യവുമൊന്നുമില്ലാതെ ഒഴിപ്പിക്കുകയെന്നത് അപടകരമായ കാര്യമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. അത് അസാധ്യമാണ്.
തെക്കന്‍ ഗാസയിലെ ആശുപത്രികള്‍ ഇതിനകം തന്നെ നിറഞ്ഞ അവസ്ഥയിലാണ്. ഇവിടേക്ക് വടക്കന്‍ ഭാഗത്തു നിന്നുള്ളവരെ എങ്ങനെ പ്രവേശിപ്പിക്കും? ആരോഗ്യ സംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്നും യു.എന്‍ മേധാവി ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.