ബഹ്‌റൈൻ രാജാവ് വത്തിക്കാനിലെത്തി മാർപ്പാപ്പയെ സന്ദർശിച്ചു

ബഹ്‌റൈൻ രാജാവ് വത്തിക്കാനിലെത്തി മാർപ്പാപ്പയെ സന്ദർശിച്ചു

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ. ഇസ്രയേൽ പാലസ്തീൻ പ്രശ്നം രൂക്ഷമായിരിക്കെയാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്. 35 മിനിറ്റിലധികം ഇരു നേതാക്കളും പരസ്പരം സംസാരിച്ചു.

ബഹ്‌റൈനും വത്തിക്കാനും തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധം, സംയുക്ത സഹകരണം, സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം, സംഭാഷണം, ജനങ്ങൾക്കിടയിൽ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തുവെന്ന് ​ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനവും അൽ അസ്ഹർ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയീബിനൊപ്പം നടന്ന കൂടിക്കാഴ്ചയും ബഹ്‌റൈൻ രാജാവ് അനുസ്മരിച്ചു. സംഭാഷണം, പരസ്പര ബഹുമാനം, സഹിഷ്ണുത, മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആഗോള സമ്മേളനങ്ങൾക്കു ബഹ്‌റൈൻ ആതിഥേയത്വം വഹിച്ചതിനു ഫ്രാൻസിസ് മാർപാപ്പ നന്ദി അറിയിച്ചു. മതങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയ്‌ക്കിടയിൽ സംവാദവും ധാരണയും വളർത്തുന്നതിനും മനുഷ്യ സാഹോദര്യവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിനും സഹവർത്തിത്വം വളർത്തുന്നതിനും ഫ്രാൻസിസ് പാപ്പ നടത്തുന്ന ഇടപെടലുകളെ നന്ദിയോടെ ഓർക്കുന്നതായി ഹമദ് ബിൻ ഈസ അൽ രാജാവും പറഞ്ഞു.

സന്ദർശനത്തിന്റെ ഭാ​ഗമായി പൊന്തിഫിക്കേറ്റ് മെഡലുകളുടെ ട്രിപ്റ്റിക്, ഒലിവ് ശാഖകളുടെ വെങ്കല ശിൽപം, ഈ വർഷത്തെ ലോക സമാധാന ദിന സന്ദേശം, സ്റ്റാറ്റിയോ ഓർബിസ് പുസ്തകം എന്നിവ മാർപ്പാപ്പ രാജാവിന് കൈമാറി. സുഗന്ധങ്ങളടങ്ങിയ ക്രിസ്റ്റൽ പാത്രവും, കഴിഞ്ഞ വർഷം മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനത്തിന്റെ ഫോട്ടോഗ്രാഫിക് വോളിയവും, ബഹ്‌റൈനിലെ പുതിയ കത്തീഡ്രലിന്റെ നിർമ്മാണത്തെക്കുറിച്ചുള്ള ഒരു പുസ്തകവും രാജാവ് മാർപ്പാപ്പക്ക് സമ്മാനിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ മുപ്പത്തിയൊൻപതാം വിദേശ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പ ബഹ്റൈൻ സന്ദർശിച്ചിരിന്നു. ചരിത്രത്തിൽ ആദ്യമായി ബഹ്റൈൻ സന്ദർശിക്കുന്ന കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ എന്ന ഖ്യാതിയോടെ ഫ്രാൻസിസ് പാപ്പ നടത്തിയ സന്ദർശനത്തിന് വൻ വരവേൽപ്പാണ് രാജ്യം നൽകിയത്. ഇതിന്റെ ഒന്നാം വാർഷികം അടുത്തിരിക്കെയാണ് രാജാവിന്റെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.