കോലിയുടെ സെഞ്ചുറി കരുത്തില്‍ ബംഗ്ലാ കടുവകളെ വീഴ്ത്തി ഇന്ത്യ; ഇന്ത്യയുടെ വിജയം ഏഴു വിക്കറ്റിന്

കോലിയുടെ സെഞ്ചുറി കരുത്തില്‍ ബംഗ്ലാ കടുവകളെ വീഴ്ത്തി ഇന്ത്യ; ഇന്ത്യയുടെ വിജയം ഏഴു വിക്കറ്റിന്

മുംബൈ: ലോകകപ്പില്‍ തോല്‍വിയറിയാതെ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. ഇന്നത്തെ മല്‍സരത്തില്‍ ഏഴു വിക്കറ്റിന് ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യ ലോകകപ്പിലെ തുടര്‍ച്ചയായ നാലാം മല്‍സരത്തിലും വിജയം സ്വന്തമാക്കി. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 51 പന്ത് ബാക്കി നില്‍ക്കെ മറികടന്നു.

ബാറ്റിംഗിനെ അനുകൂലിക്കുന്ന പിച്ചില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ട അവര്‍ക്ക് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടാനെ സാധിച്ചുള്ളു.

ഓപ്പണര്‍മാര്‍ ഇരുവരും അര്‍ധസെഞ്ചുറി നേടി. 66 റണ്‍സ് നേടിയ ലിറ്റന്‍ ദാസാണ് ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഈരണ്ടു വിക്കറ്റ് വീതവും കുല്‍ദീപ് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

257 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മയും ഗില്ലും മികച്ച തുടക്കം നല്‍കി. മികച്ച ഫോമില്‍ കളിച്ചുവന്ന രോഹിത് (48) ഹസനെ തുടര്‍ച്ചയായി സിക്‌സിനു പറത്താനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനില്‍ ക്യാച്ചു നല്‍കി മടങ്ങി.

ഗില്‍ അര്‍ധസെഞ്ചുറി നേടി. വിരാട് കോലി 103 റണ്‍സ് നേടി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യര്‍ 19 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ 34 റണ്‍സ് നേടി കോലിയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

ഇത് കരിയറിലെ 78-ാം സെഞ്ച്വറിയാണ് കോലിയുടേത്. 48-ാം ഏകദിന സെഞ്ച്വറി കുറിച്ച കോലി ഏകദിനത്തിലെ സെഞ്ചുറി നേട്ടത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറികളെന്ന അപൂര്‍വ നേട്ടത്തിന് അരികിലെത്തി. അതിവേഗത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 26000 റണ്‍സ് നേടിയ താരമായും ഇന്നത്തെ മത്സരത്തിലൂടെ കോലി മാറി. നിലവില്‍ റണ്‍നിരക്ക് അടിസ്ഥാനത്തില്‍ ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.