കോട്ടയം: പാലാ അല്‍ഫോന്‍സാ കോളജിന് കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍പദവി. പാഠ്യപാഠ്യേതര മേഖലയിലെ ഒട്ടേറെ അവാര്‍ഡുകളുടേയും അംഗീകാരങ്ങളുടേയും തിളക്കത്തില്‍ വജ്രജൂബിലി ആഘോഷത്തിലെത്തിയ കോളജിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമെത്തിയത് ഇരട്ടി മധുരമായിരിക്കുകയാണ്.
കോളജിന്റെ ഉയര്‍ന്ന പഠന നിലവാരവും സര്‍വകലാശാലാ തലത്തിലെ റാങ്കുകളടക്കമുള്ള മികച്ച വിജയ ശതമാനവും ഗവേഷണ മികവും പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്നോളജി വകുപ്പ് നല്‍കുന്ന അവാര്‍ഡിന്റെ ഭാഗമായി 1.3 കോടി രൂപ കോളജിന് ലഭിക്കും.
ഗ്രാമീണ മേഖലയിലെ കോളജ് എന്ന പ്രത്യേക വിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. അവാര്‍ഡ് തുക കോളജിലെ വിവിധ ശാസ്ത്ര വിഭാഗങ്ങളുടെ വിപുലീകരണത്തിനായി വിനിയോഗിക്കും. ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങള്‍ സമൂഹത്തിന്റെ നന്മയ്ക്കായി ഉപകാരപ്പെടുത്താനാണ് അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍ അറിയിച്ചു.
കോളജിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി ആരംഭിച്ച കമ്യൂണിറ്റി കോളജ് ഇതിനോടകം തന്നെ ഏറെ പ്രശംസ നേടിയിട്ടുണ്ട്. സ്റ്റാര്‍ പദവിയിലെ അവാര്‍ഡ് തുക കൂടി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാകുന്നതോടെ കോളജിന്റെ മികവും യശസും ഇനിയും ഉയരും. കൂടാതെ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കുന്ന ജി.വി രാജ അവാര്‍ഡിലൂടെ മികച്ച കോളജിനുള്ള പുരസ്‌കാരം അല്‍ഫോന്‍സാ കോളജിന് ലഭിച്ചിരുന്നു.
ഷൈനി വില്‍സണ്‍, പദ്മിനി തോമസ്, പ്രീജ ശ്രീധരന്‍, സിനി ജോസ് എന്നിങ്ങനെ അല്‍ഫോന്‍സാ വളര്‍ത്തി സമ്മാനിച്ച ഒളിംപ്യന്മാരുടെ പട്ടിക ഏറെയാണ്. അത്ലറ്റിക്സ്, വോളീബോള്‍, ബാസ്‌കറ്റ്ബാള്‍, നീന്തല്‍ തുടങ്ങിയ ഇനങ്ങളിലെ മികവും സംസ്ഥാനത്തിനപ്പുറവും കോളജിന് കീര്‍ത്തി സമ്മാനിച്ചിട്ടുണ്ട്. കഴിഞ്ഞ 59 വര്‍ഷങ്ങളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികള്‍ക്കാണ് അല്‍ഫോന്‍സ ഉന്നത വിദ്യാഭ്യാസം സമ്മാനിച്ചത്.
രണ്ടായിരത്തോളം വിദ്യാര്‍ത്ഥിനികളാണ് ഇപ്പോള്‍ 13 വിഭാഗങ്ങളിലായി കോളജില്‍ നിലവില്‍ പഠിക്കുന്നത്. സ്റ്റാര്‍ പദവി ലഭിയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിസ്റ്റര്‍. ഡോ. മജ്ഞു എലിസബത്ത്, ഡോ. ടി.ആര്‍ അമ്പിളി എന്നിവരെ പാലാ രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായി മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോളജ് മാനേജര്‍ പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു എന്നിവര്‍ അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.