"ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നാണോ ദൈവം പറഞ്ഞിരിക്കുന്നത്?"
"തിന്നാം. പക്ഷേ, നന്മതിന്മകളെ തിരിച്ചറിയുന്ന വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നാണ്."
"തിന്നാലെന്താ?"
"തിന്നുന്ന ദിവസം നിങ്ങൾ മരിക്കും എന്നാണ്!"
"വെറുതെയാണത്. നിങ്ങൾ മരിക്കുകയില്ല.
പകരം, നിങ്ങളുടെ കണ്ണ് തുറക്കപ്പെടും!"
"എന്നിട്ടോ?"
"എന്നിട്ടെന്താ, നിങ്ങൾ ദൈവം കാണുന്നപോലെ കാണും! നിങ്ങൾ, നന്മതിന്മകൾ തിരിച്ചറിഞ്ഞു ദൈവത്തെപോലെയാകും!"
"അപ്പോൾ, മരിക്കുമെന്ന് ദൈവം പറഞ്ഞതോ?"
"നുണ!"
"ദൈവം നുണയനാണോ?"
"പിന്നെയല്ലാതെ!"
"ദൈവം എന്തിനു നുണ പറയണം?"
"നിങ്ങളെ നിയന്ത്രിച്ചു നിർത്താൻ!"
"ഞങ്ങളെ നിയന്ത്രിക്കേണ്ടതുതന്നെയല്ലേ?"
"നിങ്ങൾക്ക് നന്മയും തിന്മയും തിരിച്ചറിയാമെങ്കിൽ,
പിന്നെ ദൈവം നിയന്ത്രിക്കേണ്ട ആവശ്യമെന്ത്?"
"ആ പഴം തിന്നാൽ നന്മതിന്മകൾ വെളിപ്പെട്ടുകിട്ടുമോ?"
"എന്താ ഇത്ര സംശയം?"
"വെളിപ്പെട്ടില്ലെങ്കിലോ? കാണുന്ന വഴിയെല്ലാം നടന്നുനടന്നു നട്ടംതിരിഞ്ഞാലോ?"
"ഞാനില്ലേ കൂടെ?"
"എന്നുമുണ്ടാവുമോ?"
"പിന്നെ! ഇനി ഞാനല്ലേ നിങ്ങളുടെ വഴിയും വഴികാട്ടിയും!"
"ആര് പറയുന്നത് കേൾക്കണം?
ആരെ വിശ്വസിക്കണം?
ആരെ തള്ളണം, ആരെ കൊള്ളണം?
കണ്ണടച്ച് വിശ്വസിക്കണോ, കണ്ണുതുറക്കാൻ അനുവദിക്കണോ?
സർപ്പം പറയുന്നതല്ലേ ശരി?"
"ആലോചിച്ചു സമയം കളയാതെ,
ഒരു തീരുമാനത്തിലെത്തൂ!"
"അരുതെന്നു പറയുന്ന ദൈവമോ,
വന്നു ഭക്ഷിച്ചുകൊള്ളുവിൻ
എന്നു ക്ഷണിക്കുന്ന സർപ്പമോ - ആരാണ്
ശരിക്കും സ്നേഹിക്കുന്നത്!"
അവളുടെ മനസ്സിൽ ഒരു കൊള്ളിമീൻ പാഞ്ഞു! "നിങ്ങളെന്താ മനുഷ്യാ, ഒന്നും മിണ്ടാത്തത്?"
"കല്പന ദൈവത്തിന്റേതാണ്. അത് മറക്കണ്ട!"
"സർപ്പം പറയുന്നതാണ് സത്യമെങ്കിൽ, നമ്മൾ ദൈവങ്ങളാകില്ലേ? പിന്നെ കല്പനയുടെ ആവശ്യമെന്ത്?"
കണ്ണുതുറന്ന്... വിണ്ണിന്റെ വിഹായസ്സിൽ പറന്ന്... സകലതും കാൽക്കീഴിലാക്കുന്നതു ഹവ്വ മനസ്സിൽ കണ്ടു..!
മാനദണ്ഡങ്ങളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ലോകം അവളെ ത്രസിപ്പിച്ചു!
ഇത്തരം കാര്യങ്ങളിൽ ഒട്ടും പ്രായോഗിക ബുദ്ധിയില്ലാത്ത ആദം
കല്പന ലംഘിച്ചാലുള്ള ആപത്തിനെപ്പറ്റി ആലോചിച്ചുകൊണ്ട് മരച്ചുവട് ചാരിയിരുന്നു...
ഒരു കൊമ്പുനിറയെ കണ്ണുതുറപ്പിക്കുന്ന പഴങ്ങൾ ചായ്‌ച്ചുകൊടുത്തുകൊണ്ട് സർപ്പം
അതിന്റെ വാൽ ചലിപ്പിച്ച് അവളെ മാടിവിളിച്ചു...
'ഒട്ടകപ്പക്ഷിയുടെ മുട്ട'പോലെ തുടുത്ത പഴങ്ങൾ!
തിന്നണോ വേണ്ടയോ?
അവൾ കൈനീട്ടി...
ഒരു പഴം പറിച്ചു.
തിന്നു!
ആദത്തെ അടുക്കലേക്കു വിളിച്ച്
ഒന്ന് അവനും കൊടുത്തു...
തീർന്നു!
"വർധിച്ചു പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ...!"
ആദം ദൈവത്തിന്റെ വാക്കുകൾ ഓർത്തു.
സർപ്പത്തിന്റെ കൗശലം തങ്ങളെ കീഴടക്കിയിരിക്കുന്നു!
കൃപയുടെ വസ്ത്രം കാണാനില്ല! തങ്ങൾ നഗ്നരും പരിത്യക്തരും ആയിരിക്കുന്നു!
കാലടികൾക്കു പിന്നിൽ മരണം പതുങ്ങിയിരിക്കുന്നു...
ഭയന്നു വിറച്ച് അവർ മരങ്ങൾക്കു പിന്നിൽ മറഞ്ഞു!
നിത്യതയുടെ വെളിച്ചം മാഞ്ഞു...
ചരിത്ര വഴികളുടെ മരുഭൂമിയിലൂടെ
മനുഷ്യർ അലഞ്ഞു നടന്നു...
സർപ്പം പറുദീസയിൽനിന്നു പിൻവാങ്ങി...
മരുഭൂമിയിൽ, മണൽക്കൂനകൾക്കു കീഴിൽ
ചതിയുടെ സംഗീതം മീട്ടി അവൻ പതുങ്ങിക്കിടന്നു!
പിന്നെയൊരു യുഗസന്ധ്യയിൽ, ഇരുട്ടുപടരും മുൻപ്
അവൻ തല ഉയർത്തി നോക്കി!
ദൂരെ,
യൂദയാ മരുഭൂമി അസ്തമയ സൂര്യന്റെ തുടിപ്പിൽ
ചുവന്നു തിളങ്ങുന്നുണ്ടായിരുന്നു..
അവൻ കണ്ടു,
നാൽപതു ദിനരാത്രങ്ങൾ നോമ്പനുഷ്‌ഠിച്ചു
തളർന്നിരിക്കുന്നൂ,
മനുഷ്യപുത്രൻ!
അവൻ മെല്ലെ അടുത്തുചെന്നു പറഞ്ഞു:
"ഹേ, ദൈവപുത്രാ!
മനുഷ്യകുലത്തെ എന്നിൽനിന്നും
അടർത്തിയെടുക്കുവാൻ വന്നിരിക്കുന്നോ?
"നോഹയും മോശയും ഏലിയായും
നിനക്കുമുമ്പേ ഇതുവഴി കടന്നുപോയി..
നീയും അവരിൽ ഒരുവനല്ലേ..?"
അല്പംകൂടി അടുത്തേക്കുച്ചെന്ന് അവൻ തുടർന്നു: "നോക്കൂ, ഈ കല്ലുകൾ!
നീ പറഞ്ഞാൽ ഇവ അപ്പമാകില്ലേ?
ആത്മീയ ശക്തികൾ നിന്നിലുണ്ടല്ലോ!
ഈ കല്ലുകൾ അപ്പമാകാൻ കല്പിക്കൂ!"
"ജീവിക്കാൻ ഭക്ഷണം മാത്രം മതിയാകുമോ? ദൈവ വചനത്തിനൊത്തതാകണം, ജീവിതം!
ഭൗതികമായ വിശപ്പുകൾ ആത്മാവിന്റെ വിശപ്പിനെക്കാൾ
ഒട്ടും വലുതല്ലെന്നറിയുക!"
"വെല്ലുവിളിക്കുന്നു നിന്നെ ഞാൻ -
നീ ആത്മീയനെങ്കിൽ,
ദൈവാലയാഗ്രത്തിൽനിന്നും താഴേക്കു ചാടുക;
ദൈവദൂതർ കരങ്ങളിൽ നിന്നെ താങ്ങുമല്ലോ!"
"വിശ്വസിക്കുന്നൂ ഞാൻ എൻ പിതാവിൽ! പിന്നെ, അവനെ പരീക്ഷിക്കുന്നതെന്തിന്!"
"എങ്കിൽ പറയൂ,
ഈ രാജ്യമെല്ലാം എന്റേതായിരിക്കെ,
അതിൽ ദൈവരാജ്യം സ്ഥാപിച്ചെടുക്കുമോ നീ?
എന്നെ നീ താണുവണങ്ങുമെങ്കിൽ,
ഒരു മതരാഷ്ട്രം സ്ഥാപിച്ചെടുത്തുകൊള്ളൂ..!"
"മതരാഷ്ട്രമല്ലല്ലോ ദൈവരാജ്യം! എന്റെ രാജ്യത്തിലാരും
പരസ്പരം പടവെട്ടി മരിക്കുകില്ല!
നിത്യ പിതാവിന്റെ സ്നേഹത്തിലേവരും
ഒന്നായി വാഴുവതെന്റെ രാജ്യം!
വാളിന്റെ ശക്തിയതിന്നു പോരാ, നിന്റെ നാവിന്റെ തീയും അതിന്നു വേണ്ടാ! പരീക്ഷണം നിർത്തി നീ,
ദൂരെ ഇരുട്ടിൽ തിരിച്ചു പോകൂ!
മണൽക്കൂനകൾക്കപ്പുറം മാഞ്ഞുപോകുംമുമ്പ്,
വെട്ടിത്തിരിഞ്ഞു നിന്നിട്ടവൻ ഗർജ്ജിച്ചു:
"തഴുതിട്ട വാതിൽ തുറന്നു നീ മർത്ത്യരെ
പറുദീസ തന്നിൽ തിരികെ കയറ്റുമോ?"
"സഹനദാസന്റെ വഴി നീയെടുത്താലും
തരികില്ല മർത്ത്യകുലത്തെ നിനക്കു ഞാൻ!
മർത്ത്യൻ എന്നേക്കും എൻ അടിമയെന്നറിയുക!"
"ഭൗമികമല്ലാത്ത പറുദീസകൾ!
നിന്റെ ആത്മീയ മേശകൾ!
ആത്മശാന്തിക്കുള്ള യാത്രകൾ!
ആത്മത്യാഗത്തോളമെത്തുന്ന ഭക്തി - ഇതൊക്കെയും വ്യർത്ഥം!"
"മദാലസ മോഹിനികൾ ആടിത്തിമർക്കുന്ന,
മധുവും മദിരയും പുഴപോലെ ഒഴുകുന്ന,
കൂത്തരങ്ങാണെന്റെ സ്വർഗരാജ്യം!"
"അപ്പമായ് മാറാത്ത കല്ലുകളൊക്കെയും
സഫലമാകാത്ത വാഗ്ദാനങ്ങൾ!
ആത്മീയ ലോകങ്ങൾ വ്യർത്ഥ സ്വപ്‌നങ്ങൾ!
ഭൗമികമാണെന്റെ രാജ്യം!"
"കാരുണ്യമാർഗേ നടന്നു നീ ക്രൂശിൽ
പിടഞ്ഞു മരിച്ചുയിർത്താലും,
നിത്യജീവന്റെ വൃക്ഷത്തിൻ വിലയായി
നിന്റെ ദേഹം നീ മുറിച്ചു നൽകീടിലും
വിട്ടു തരില്ല ഞാൻ, നിത്യ നാശത്തിന്റെ
പാതയിൽ നിന്നുമീ, മർത്ത്യകുലത്തിനെ!"
"ദൈവമല്ല, ദൈവപുത്രനുമല്ല നീ!
നീ കുരിശിൽ മരിക്കില്ല!
മൂന്നാം ദിനം നീ ഉയിർക്കില്ല!
മർത്ത്യകുലത്തെ നീ വീണ്ടെടുക്കില്ല!
ആത്മാവിനെ നൽകി ആശ്വസിപ്പിക്കില്ല!
നിന്റെ ദൈവരാജ്യം! അസാധ്യം! വേണ്ട അതാർക്കും! നീ വന്ന വഴിക്കു തിരിച്ചു പോകൂ!"
ശാപപ്പെരുമഴ പെയ്തൊഴിഞ്ഞപ്പോൾ,
കൊടുങ്കാറ്റുപോലെ
തൻ ഇഷ്ടവാഹനമായ
കുതിരപ്പുറത്തേറി,
നിത്യ കലഹത്തിൻ
വാൾ ചുഴറ്റിക്കൊണ്ടു
മറ്റൊരു മരുഭൂമിയിലേക്ക്
അവൻ പാഞ്ഞുപോയി!
മനുഷ്യപുത്രൻ തന്റെ ശിരസ്സുയർത്തി, ദൈവ പിതാവിന് സ്തോത്രമേകി!
പെട്ടെന്നൊരു ഗണം മാലാഖമാർ വന്ന് സ്വർഗീയ സംഗീതമാലപിച്ചു!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.