ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; തോല്‍വിയറിയാത്ത ഇന്ത്യയും കിവികളും നേര്‍ക്കുനേര്‍

ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; തോല്‍വിയറിയാത്ത ഇന്ത്യയും കിവികളും നേര്‍ക്കുനേര്‍

ധര്‍മശാല: ലോകകപ്പില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. നിലവില്‍ കളിച്ച നാലു മല്‍സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനെ ഇന്ന് ഇന്ത്യ നേരിടും. ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മല്‍സരം.

2023 ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാത്ത രണ്ടു ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. ഇരു ടീമുകളും തോല്‍വിയറിയാത്തതിനാല്‍ തന്നെ ഇരുവരും ഇന്നു നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കനക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. റണ്‍നിരക്കിന്റെ അടിസ്ഥാനത്തിലാണ് ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്ത്.

ആദ്യ നാലു മല്‍സരങ്ങളില്‍ അഫ്ഗാനെതിരെ മാത്രമാണ് ന്യൂസിലന്‍ഡിന്റെ വാലറ്റ നിര പരീക്ഷിക്കപ്പെട്ടത്. ബാക്കിയുള്ള മല്‍സരങ്ങളില്‍ മുന്‍നിര താരങ്ങള്‍ റണ്‍സ് കണ്ടെത്തിയെന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് തുടങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം മല്‍സരത്തില്‍ കുഞ്ഞന്‍മാരായ നെതര്‍ലന്‍ഡ്‌സിനെ 99 റണ്‍സിന് തകര്‍ത്തു.

മൂന്നാം മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരെ എട്ടു വിക്കറ്റിനും അഫ്ഗാനെതിരെ 149 റണ്‍സിന്റെ വിജയവും ന്യൂസിലന്‍ഡ് കൈവരിച്ചു. ഇംഗ്ലണ്ട് ഒഴികെയുള്ള ടീമുകള്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളാണ്. ഇത് തന്നെയാണ് ന്യൂസിലന്‍ഡിനെ റണ്‍നിരക്കില്‍ ഒന്നാമത് എത്തിച്ചത്.

മറുവശത്ത് മികച്ച ടീമുകളെയാണ് ഇന്ത്യ ഇതുവരെ നേരിട്ടിരിക്കുന്നത്. ആദ്യ മല്‍സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച ഇന്ത്യ ബദ്ധവൈരികളായ പാകിസ്ഥാനെയും തകര്‍ത്തു. ഓസ്‌ട്രേലിയയെയും പാകിസ്ഥാനെയും 200 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ടീമിന് അനായാസ വിജയമാണ് സമ്മാനിച്ചത്. അഫ്ഗാന്‍, ബംഗ്ലാ ടീമുകള്‍ക്കും ഇന്ത്യയ്ക്കു വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല.

നായകന്‍ രോഹിത് ശര്‍മ നേതൃത്വം നല്‍കുന്ന മുന്‍നിരയുടെ ബാറ്റിംഗ് ഫോമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. ടൂര്‍ണമെന്റില്‍ സെഞ്ചുറി കണ്ടെത്തിയിട്ടുള്ള രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യയ്ക്ക് ശുഭ സൂചനയാണ് നല്‍കുന്നത്.

പരിക്കുകള്‍ക്കു ശേഷം ടീമില്‍ മടങ്ങിയെത്തിയ പേസര്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് അറ്റാക്കും മികച്ചതാണ്. ഇങ്ങനെ ആകെ സന്തുലിതമായ ടീമാണ് ഇന്ത്യ ഇറക്കുന്നത്.

കഴിഞ്ഞ മല്‍സരത്തില്‍ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കു പകരം സൂര്യകുമാര്‍ യാദവ് കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ സൂര്യകുമാറിന് പരിക്കേറ്റിരുന്നു. എന്നാല്‍ ഇതു സാരമല്ലെന്നും വെടിക്കെട്ട് താരം ഇന്ന് അന്തിമ പതിനൊന്നിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.