ആപ്പിലൂടെ വായ്പയെടുത്ത് ആപ്പിലാകരുത്; സൈബര്‍ ബ്ലേഡ് മാഫിയയെ കരുതിയിരിക്കുക

 ആപ്പിലൂടെ വായ്പയെടുത്ത് ആപ്പിലാകരുത്;  സൈബര്‍ ബ്ലേഡ് മാഫിയയെ കരുതിയിരിക്കുക

തിരുവനന്തപുരം: സൈബര്‍ ഗെയിമുകള്‍ കളിക്കാന്‍ മൊബൈല്‍ ആപ്പുകള്‍ വഴി വായ്പ നല്‍കി യുവാക്കളെ ആപ്പിലാക്കുന്ന സൈബര്‍ ബ്ലേഡ് മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നു.

ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള കളികളില്‍ പണമില്ലാതെ വരുമ്പോള്‍ വായ്പയെടുത്ത് കളിക്കാന്‍ ആപ്പുകള്‍ സൗകര്യമൊരുക്കുന്നു. ദിവസക്കണക്കിനുള്ള കൊള്ളപ്പലിശയ്ക്ക് വായ്പ ലഭ്യമാകാന്‍ മിനിറ്റുകള്‍ മാത്രം മതി. പണം തീരുമ്പോള്‍ വീണ്ടും വായ്പയെടുക്കാം. ഓണ്‍ലൈന്‍ കളിക്ക് ഇടയില്‍ വായ്പാ ആപ്പുകളുടെ പരസ്യങ്ങള്‍ നല്‍കിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയുമാണ് സൈബര്‍ ബ്ലേഡ് മാഫിയ യുവാക്കളെ ചതിയില്‍ പെടുത്തുന്നത്.

ഇരുപത്തിയഞ്ച് ലക്ഷം രൂപ കടം കയറി ആത്മഹത്യ ചെയ്ത ഐ.എസ്.ആര്‍.ഒയിലെ കരാര്‍ ജീവനക്കാരന്‍ വി.എച്ച്. വിനീത് ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ ആപ്പിലൂടെ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയ കമ്പനി ഭീഷണിയും ഗുണ്ടായിസവും തുടങ്ങി. വിനീതിനെ അവഹേളിച്ച് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഫോട്ടോ അടക്കം സന്ദേശം അയച്ചിരുന്നു. വായ്പാ ആപ്പിന്റെ എക്‌സിക്യൂട്ടീവ് വീട്ടില്‍ എത്തിയെന്ന് വിനീതിന്റെ സഹോദരന്‍ വ്യക്തമാക്കിയിരുന്നു.

വായ്പ പലിശ സഹിതം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ കോണ്ടാക്ട് ലിസ്റ്റിലെ എല്ലാവര്‍ക്കും സാമ്പത്തിക തട്ടിപ്പുകാരനാണെന്ന സന്ദേശം അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തും. ഒന്നര ശതമാനം പലിശയെന്നാണ് വായ്പയെടുക്കുമ്പോള്‍ പറയുന്നതെങ്കിലും ഇത് ദിവസപ്പലിശയാണ്. സുഹൃത്തുക്കളെയും ബന്ധുക്കളെയും അവരറിയാതെ ജാമ്യക്കാരാക്കി വായ്പയെടുത്തെന്ന സന്ദേശങ്ങള്‍ അവരുടെ ഫോണുകളിലേക്ക് അയയ്ക്കും.

ഫോണില്‍ സേവ് ചെയ്ത നമ്പറുകളിലേക്ക് വായ്പാത്തട്ടിപ്പുകാര്‍ രാവും പകലും തുടരെ വിളിച്ചുകൊണ്ടിരിക്കും. ഭാര്യ, അമ്മ തുടങ്ങി അടുത്ത ബന്ധുക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അശ്ലീല ചുവയോടെ വാട്‌സാപ് ഗ്രൂപ്പുകള്‍ തുടങ്ങും. ഇതൊക്കെയാണ് സൈബറിടങ്ങളിലെ വായ്പാ തട്ടിപ്പുകാരുടെ ഡിജിറ്റല്‍ തന്ത്രങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.