തൊണ്ണൂറ്റി മൂന്നാം മാർപ്പാപ്പ വി. പോള്‍ ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-93)

തൊണ്ണൂറ്റി മൂന്നാം മാർപ്പാപ്പ വി. പോള്‍ ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-93)

വി. പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പ

തന്റെ ജേഷ്ഠസഹോദരന്റെ പിന്‍ഗാമിയായി അനുജന്‍ തിരുസഭയുടെ തലവനും വി. പത്രോസിന്റെ പിന്‍ഗാമിയുമായി തിരഞ്ഞെടുക്കപ്പെട്ട തിരുസഭാചരിത്രത്തിലെ തന്നെ ഏക സംഭവമായിരുന്നു പോള്‍ ഒന്നാമന്‍ പാപ്പായുടെ തിരഞ്ഞെടുപ്പ്. സഖറിയാസ് മാര്‍പ്പാപ്പയാല്‍ ഡീക്കനായി അഭിഷേകം ചെയ്യപ്പെട്ട പോള്‍ മാര്‍പ്പാപ്പ തന്റെ സഹോദരനായ സ്റ്റീഫന്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവും ആലോചനക്കാരനും മദ്ധ്യസ്ഥനുമായി വര്‍ത്തിച്ചു.

സ്റ്റീഫന്‍ രണ്ടാമന്‍ മരണശേഷം ഏപ്രില്‍ അവസാനത്തോടെ പോള്‍ ഒന്നാമന്‍ പാപ്പയെ ഐക്യകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ റോമിന്റെ മെത്രാനായുള്ള അഭിഷേകം ഒരു മാസത്തോളം വൈകി. കാരണം ഒരു ചെറു വിഭാഗം റോമും ഫ്രാങ്ക് രാജവംശവുമായുള്ള സഖ്യത്തെ എതിര്‍ക്കുകയും ആര്‍ച്ച്ഡീക്കനായിരുന്ന തിയോഫിലാക്റ്റ് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടണമെന്ന് വാദിക്കുകയും ചെയ്തു. തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഏ.ഡി. 757 മെയ് 29-ാം തീയതി പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പ തിരുസഭയുടെ തൊണ്ണൂറ്റിമൂന്നാമത്തെ മാര്‍പ്പാപ്പയായി പോള്‍ ഒന്നാമന്‍ പാപ്പ അഭിഷിക്തനായി.

മാര്‍പ്പാപ്പയുടെ അധികാരത്തിന്‍ കീഴില്‍ ചേര്‍ക്കപ്പെട്ട പേപ്പല്‍ സ്റ്റേറ്റുകളുടെമേലുള്ള മാര്‍പ്പാപ്പയുടെ അധികാരം ഏകീകരിക്കുവാനും ബലപ്പെടുത്തുവാനുമുള്ള നിരന്തരമായ പരിശ്രമത്തിന്റേതായിരുന്നു പോള്‍ ഒന്നാമൻ പാപ്പായുടെ ഭരണകാലം. ഫ്രാങ്ക് രാജാവായ പെപ്പിനും ലൊംബാര്‍ഡ് രാജാവ് ഐസ്റ്റള്‍ഫും ചേര്‍ന്ന് രൂപം നല്‍കിയ സമാധാന ഉടമ്പടി പുതിയ ലൊംബര്‍ഡ് രാജാവായ ദെസിദെരിയൂസ് നിഷേധിക്കുകയും തള്ളികളയുകയും ചെയ്തു. എന്നാല്‍ ഇതറിഞ്ഞ പെപ്പിന്‍ സൈനികമായി ഈ പ്രശ്‌നത്തില്‍ ഇടപെടുവാന്‍ വിസമ്മതിച്ചു. അല്ലാത്തപക്ഷം ലൊംബാര്‍ഡുകളുടെയും ബൈസന്റയിന്‍ സാമ്രാജ്യത്തില്‍നിന്നും പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുവേണ്ടി ലൊംബാര്‍ഡുകളും ബൈസന്റയിന്‍ ചക്രവര്‍ത്തിയും തമ്മിലുള്ള ഒരു അവിശുദ്ധ ബാന്ധവത്തിലേക്ക് നയിക്കും എന്നതായിരുന്നു പെപ്പിന്റെ ഈ പിന്‍മാറ്റത്തിന് കാരണം. സൈനിക ഇടപെടലുകള്‍ക്കു പകരം പെപ്പിന്‍ നയതന്ത്ര ഇടപെടലുകളിലൂടെ ദെസിദാരിയൂസിനും റോമിനും ഇടയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുവാന്‍ പരിശ്രമിച്ചു. ദെസിദാരിയൂസും പോള്‍ ഒന്നാമന്‍ പാപ്പായും തമ്മില്‍ ഒരു ഒത്തുതീര്‍പ്പു സന്ധിക്കായി പെപ്പിന്‍ ശ്രമിച്ചു. പ്രസ്തുത ഒത്തുതീര്‍പ്പു സന്ധി പ്രകാരം പോള്‍ ഒന്നാമന്‍ പാപ്പായ്ക്ക് പേപ്പല്‍ സ്റ്റേറ്റുകളുടെമേലുള്ള തന്റെ ഗംഭീരഭാവത്തോടെയുള്ള വീക്ഷണത്തില്‍നിന്നും പിന്നോട്ടു പോകേണ്ടിയിരുന്നു.

ഇക്കാലയളവില്‍ തന്നെയാണ് തിരുസ്വരൂപങ്ങള്‍ ദേവലയങ്ങളില്‍ ഉപയോഗിക്കുന്നതും വണങ്ങുന്നതിനെയും എതിര്‍ത്തിരുന്ന ഐക്കണോക്ലാസം എന്ന വിവാദം സഭയില്‍ വീണ്ടും തലപ്പൊക്കിയത്. ബൈസന്റയിന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റയിന്‍ അഞ്ചാമന്‍ ചക്രവര്‍ത്തി ഏ.ഡി. 754-ല്‍ ഹൈറിയാ എന്ന സ്ഥലത്ത് ഒരു കൗണ്‍സില്‍ വിളിച്ചുചേര്‍ത്തു. പ്രസ്തുത കൗണ്‍സിലില്‍വെച്ച് ദേവലായങ്ങളില്‍ തിരുസ്വരൂപങ്ങള്‍ ഉപയോഗിക്കുന്നതും തിരുസ്വരൂപങ്ങളുടെ പൊതുവണക്കവും ചക്രവര്‍ത്തി നിരോധിച്ചു. ഇത് സഭയില്‍ പ്രത്യേകമായി പൗരസ്ത്യസഭയില്‍ കൊടിയ പീഡനങ്ങള്‍ക്ക് വഴിവെച്ചു. പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടുന്നതിനായി പൗരസ്ത്യ ദേശങ്ങളില്‍നിന്നും പാലായനം ചെയ്ത അഭയാര്‍ത്ഥികളെ പോള്‍ ഒന്നാമന്‍ പാപ്പാ സ്വീകരിക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്തു. തന്റെ ഐക്കണോക്ലാസ്റ്റിക്ക് നയത്തിന് ഫ്രാങ്ക് രാജാവായ പെപ്പിന്റെ പിന്തുണ നേടുന്നതിനായി കോണ്‍സ്റ്റന്റയിന്‍ അഞ്ചാമന്‍ ചക്രവര്‍ത്തി നടത്തിയ ശ്രമങ്ങള്‍ ഭാഗ്യവശാല്‍ പെപ്പിന്‍ തള്ളികളഞ്ഞു. ഏ.ഡി. 767-ല്‍ ജെന്‍സിലി എന്ന സ്ഥലത്ത് വിളിച്ചു ചേര്‍ത്ത സിനഡില്‍വെച്ച് ഐക്കണോക്ലാസത്തെക്കുറിച്ചും ത്രീത്വത്തെക്കുറിച്ചും ഫ്രാങ്കുകളും ഗ്രീക്കുകാരും തമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയും പേപ്പല്‍ പഠനങ്ങള്‍ പ്രസ്തുത സിനഡില്‍വെച്ച് ഒരിക്കല്‍ക്കൂടി അംഗീകരിക്കപ്പെടുകയും ഉറപ്പിക്കപ്പെടുകയും ചെയ്തു.

റോമിലെ കഠിനമായ ചൂടില്‍നിന്നു രക്ഷനേടുവാനായി വി. പൗലോസിന്റെ ബസിലിക്കയില്‍ അഭയം നേടിയ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 767 ജൂണ്‍ 28-ാം തീയതി ദിവംഗതനായി. അദ്ദേഹത്തിന്റെ ഭൗതീകശരീരം വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കം ചെയ്തത്.

പോള്‍ ഒന്നാമന്‍ പാപ്പായുടെ വ്യക്തിജീവിതത്തെക്കുറിച്ചും അജപാലന ജീവിതത്തെക്കുറിച്ചും വിത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. പാപ്പായുടെ പാവങ്ങളോടും തടവുകാരോടും മറ്റുമുള്ള അനുഭാവും കരുണയും ഒരു വിഭാഗം അടിവരയിട്ടപ്പോള്‍ മറ്റൊരു വിഭാഗം ഭരണനിര്‍വ്വഹണത്തിലുള്ള അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാടുകളും തന്റെ നിലപാടുകള്‍ നടപ്പിലാക്കുവാന്‍ സ്വേച്ഛാധിപതി സ്വാഭാവമുള്ള ആജ്ഞാനുവര്‍ത്തികളെ ആശ്രയിച്ചതും ഒരു വിഭാഗത്തിന്റെ വിമര്‍ശനത്തിന് കാരണമാക്കി.

തന്റെ ഭരണകാലഘട്ടത്തിൽ പോള്‍ മാർപാപ്പാ റോമിലെ അത്മായ പ്രഭുവാഴ്ച്ച അവസാനിപ്പിച്ചു. പാപ്പായുടെ മരണത്തിന് ശേഷം സഭയില്‍ ചെറിയ തരത്തിലുള്ള വിഭാഗിയതയ്ക്ക് ഇത് കാരണമായി എന്നാല്‍ അതിനേക്കാളുപരി മാര്‍പ്പാപ്പമാരുടെ തിരഞ്ഞെടുപ്പില്‍ ആത്മായര്‍ക്കുള്ള പങ്കാളിത്തം അവസാനിക്കുന്നതിനും അത്മായ പ്രഭുവാഴ്ച്ച നിർലാക്കിയത് കാരണമായി. മതപീഡനക്കാലത്ത് രക്തസാക്ഷിത്വം വരിച്ച ധീരരക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ ഭൂഗര്‍ഭകല്ലറകളില്‍നിന്നും വീണ്ടെടുത്ത് റോമിലെ വിവിധ ദേവാലയങ്ങളിലും കപ്പേളകളിലും അടക്കം ചെയ്തതും പോള്‍ ഒന്നാമന്‍ പാപ്പായുടെ ഭരണകാലത്തെ സുപ്രധാന നേട്ടമായി കരുതപ്പെടുന്നു.


മറ്റ് പാപ്പമാരെ പറ്റി വായിക്കുവാൻ ഇവിടെ നോക്കുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.