'ബിജെപി ക്രൈസ്തവ വിരുദ്ധര്‍, മണിപ്പൂരില്‍ തകര്‍ത്തത് നൂറുകണക്കിന് പള്ളികള്‍'; മോഡിക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് മിസോറം മുഖ്യമന്ത്രി

'ബിജെപി ക്രൈസ്തവ വിരുദ്ധര്‍, മണിപ്പൂരില്‍ തകര്‍ത്തത് നൂറുകണക്കിന് പള്ളികള്‍'; മോഡിക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് മിസോറം മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് മിസോറം മുഖ്യമന്ത്രി സോറാം തംഗ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തന്റെ സംസ്ഥാനത്ത് പ്രചരണത്തിന് വന്നാല്‍ മോഡിക്കൊപ്പം വേദിയില്‍ ഇരിക്കില്ലെന്നും സോറം തംഗ തുറന്നടിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം ഈ മാസം 30 ന് പ്രധാനമന്ത്രി മിസോറം സന്ദര്‍ശിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ബിജെപി ക്രൈസ്തവ വിരുദ്ധ പ്രസ്ഥാനമായതുകൊണ്ടാണ് ഈ പ്രതികരണമെന്നും അദേഹം പറഞ്ഞു. ഒക്ടോബര്‍ 30 ന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ നഗരമായ മാമിത് ടൗണില്‍ എത്തുന്നുണ്ട്. മിസോറാമിലെ ജനങ്ങള്‍ മുഴുവന്‍ ക്രിസ്ത്യാനികളാണ്. മണിപ്പൂരില്‍ അവിടുത്തെ ജനത നുറുകണക്കിന് പള്ളികളാണ് അഗ്നിക്കിരയാക്കിയത്. മിസോറത്തിലെ മൊത്തം ജനങ്ങളും അത്തരം ആശയത്തിനെതിരാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ബിജെപിയോടുള്ള അനുകൂല നിലപാട് തന്റെ പാര്‍ട്ടിക്ക് പ്രതികൂലമായി ഭവിക്കുമെന്നും അദേഹം പറഞ്ഞു.
ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സോറം തംഗയുടെ പ്രതികരണം.

ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി തനിച്ച് വരികയും തനിച്ച് വേദിയില്‍ ഇരിക്കുകയും ചെയ്യുന്നതാണ് നല്ലത്. തന്റേതായ വേദിയില്‍ താനും തനിച്ച് പങ്കെടുത്തുകൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലെ സഖ്യകക്ഷിയാണ് നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ). എന്നാല്‍ സോറാംതംഗയുടെ പാര്‍ട്ടി സംസ്ഥാനത്ത് തനിയെയാണ് മല്‍സരിക്കുന്നത്.

കോണ്‍ഗ്രസിന് എതിരാളികള്‍ എന്ന നിലയിലാണ് എംഎന്‍എഫ് എന്‍ഡിഎയിലും എന്‍ഇഡിഎയിലും ചേര്‍ന്നതെന്നും എന്നാല്‍ അതിന്റെ നേതൃത്വത്തിലുള്ള ഒരു സഖ്യത്തിന്റെയും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മ്യാന്‍മര്‍, ബംഗ്ലാദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് അഭയം നല്‍കുമ്പോള്‍ മാത്രമാണ് മിസോറാം സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാത പിന്തുടരുന്നത്.

മുന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് മുന്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സഹായിക്കുകയും സ്വാതന്ത്ര്യം നേടുന്നതിന് അവര്‍ക്ക് ആയുധം നല്‍കുകയും ചെയ്തു. മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് തങ്ങള്‍ ആയുധം നല്‍കുന്നില്ല. എന്നാല്‍ മാനുഷിക കാരണങ്ങളാല്‍ തങ്ങള്‍ അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മ്യാന്‍മര്‍, ബംഗ്ലാദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 40,000 ത്തിലധികം പേര്‍ സംസ്ഥാനത്ത് അഭയം തേടുന്നു. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും അതിലൂടെ ജനങ്ങള്‍ക്ക് സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാന്‍ കഴിയുമെന്നും സോറം തംഗ പറഞ്ഞു. 40 അംഗ നിയമസഭയിലേക്ക് മിസോറാമിലെ തിരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് നടക്കും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.