' കേരളീയം ' മനോഹരമാക്കാന്‍ 4000ത്തിലധികം കലാകാരന്മാര്‍ മാറ്റുരയ്ക്കും

' കേരളീയം ' മനോഹരമാക്കാന്‍ 4000ത്തിലധികം കലാകാരന്മാര്‍ മാറ്റുരയ്ക്കും

തിരുവനന്തപുരം: ലോകോത്തര കേരളത്തെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്ന 'കേരളീയം' പരിപാടിയില്‍ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് പുറമേ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നിരവധി കലാകാരന്മാരുടെ പരിപാടികള്‍ അവതരിപ്പിക്കും. ഏഴുദിവസം നീണ്ടു നില്‍ക്കുന്ന 'കേരളീയം സാംസ്‌കാരികോത്സവ'ത്തില്‍ മുന്നൂറോളം കലാപരിപാടികളിലായി 4100ഓളം കലാകാരന്മാര്‍ വിവിധ വേദികളിലെത്തും. കേരളപിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയാണ് പരിപാടി നടക്കുക.

എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ കുട്ടികള്‍ ഉള്‍പ്പടെയുള്ള ഭിന്നശേഷിക്കാരുടെ വ്യത്യസ്തമാര്‍ന്ന കലാപരിപാടികള്‍ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമാകും. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രാതിനിധ്യവും കലാപരിപാടികളില്‍ ഉണ്ടാകും.

നാല് പ്രധാന വേദികള്‍ക്ക് പുറമേ രണ്ട് നാടക വേദികള്‍, 12 ചെറുവേദികള്‍, 11 തെരുവ് വേദികള്‍, സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ട് എന്നിങ്ങനെ 30 വേദികളാണുള്ളത്. സെന്‍ട്രല്‍ സ്റ്റേഡിയം, നിശാഗന്ധി ഓഡിറ്റോറിയം, ടാഗോര്‍ തിയേറ്റര്‍, പുത്തരിക്കണ്ടം മൈതാനം എന്നിവയാണ് നാല് പ്രധാന വേദികള്‍.

കഥകളി, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, കേരളനടനം, യോഗനൃത്തം, മോഹിനിയാട്ടം, ഒപ്പന, കഥാപ്രസംഗം, ഗദിക, മാപ്പിള കലകള്‍, മംഗലംകളി, കുടിച്ചോഴി കളി, മാര്‍ഗംകളി, പാക്കനാര്‍ തുള്ളല്‍, സീതകളി, മുടിയേറ്റ്, പടയണി, ചവിട്ടുനാടകം, കവിയരങ്ങ്, കഥയരങ്ങ്, വഞ്ചിപ്പാട്ട്, വില്‍പ്പാട്ട്, പടപ്പാട്ട്, കടല്‍പ്പാട്ട് വിവിധ തരത്തിലുളള വാദ്യമേളങ്ങള്‍ എന്നിവ ഈ വേദികളില്‍ അരങ്ങേറുമ്പോള്‍ മലയാള തനിമയാര്‍ന്ന പഴയ കാല കലാരൂപങ്ങള്‍ നേരിട്ടാസ്വദിയ്ക്കുന്നതിനുള്ള അവസരമാണ് അനന്തപുരിയിലെ പുതുതലമുറയ്ക്കു കൈവരുന്നത്.

എസ്.എം.വി സ്‌കൂളിലെ ആല്‍ച്ചുവീട്ടില്‍ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന കളമെഴുത്തും പുള്ളുവന്‍ പാട്ടും അരങ്ങേറും. സെനറ്റ് ഹാളില്‍ പ്രൊഫഷണല്‍-അമച്വര്‍ നാടകങ്ങളും ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ കുട്ടികളുടെ നാടകാവതരണവും ഉണ്ടാവും.

ചെറിയ വേദികള്‍ കൂടാതെ പത്തോളം തെരുവ് വേദികളും ഇതോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്. തെയ്യവും വിവിധ തെയ്യാട്ടങ്ങളും, മലപ്പുലയാട്ടം, തെരുവ് സര്‍ക്കസ്, തെരുവ് മാജിക്, തെരുവ് നാടകം, പൊയ്ക്കാല്‍ രൂപങ്ങള്‍, പൂപ്പടയാട്ടം, വിളക്കുകെട്ട്, ചാറ്റുപാട്ട്, തുകല്‍ വാദ്യ സമന്വയം, മയൂരനൃത്തം, വനിതാ ശിങ്കിരിമേളം, പപ്പറ്റ് ഷോ, തിരിയുഴിച്ചില്‍ എന്നിവയും അരങ്ങേറും. ഭാരത് ഭവനില്‍ ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന തോല്‍പ്പാവകൂത്തും പ്രദര്‍ശനവും അരങ്ങേറും.

ടാഗോര്‍ ഓപ്പണ്‍ ഓഡിറ്റോറിയം വേദി ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ കലാപ്രകടനങ്ങള്‍ക്കായി മാത്രം നീക്കിവെച്ചിരിക്കുന്നു. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഏഴു ദിവസവും മറ്റു വേദികളില്‍ നവംബര്‍ ഒന്ന് മുതല്‍ ആറ് വരെയും ആയിരിക്കും കലാപരിപാടികള്‍ നടക്കുക.

കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദര്‍ശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് കേരളീയം സംഘാടക സമിതി ചെയര്‍മാനും പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.