ഇന്ത്യ വെടിനിര്‍ത്തല്‍ ആവശ്യപ്പെടില്ല; ഇസ്രയേലിനുള്ള പിന്തുണ തുടരും: യുദ്ധം സാധാരണക്കാരെ ബാധിക്കരുതെന്നും നിലപാട്

ഇന്ത്യ വെടിനിര്‍ത്തല്‍ ആവശ്യപ്പെടില്ല; ഇസ്രയേലിനുള്ള പിന്തുണ തുടരും: യുദ്ധം സാധാരണക്കാരെ ബാധിക്കരുതെന്നും നിലപാട്

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് പോരാട്ടം ശക്തമാകവേ തല്‍ക്കാലം വെടിനിര്‍ത്തല്‍ ആവശ്യപ്പെടില്ലെന്ന നിലപാടില്‍ ഇന്ത്യ. ഇസ്രയേലിന്റെ ഹമാസിനെതിരെയുള്ള നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ സൈനിക നീക്കം ഗാസയിലെ സാധാരണക്കാരെ ബാധിക്കരുത് എന്ന് തന്നെയായിരിക്കും ഇന്ത്യ മുന്നോട്ട് വെക്കുന്ന ആവശ്യം. ഇസ്രയേലിനെതിരെയുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ ഏറ്റെടുക്കില്ല.

ഇസ്രയേലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യു.എന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു. ഗാസയില്‍ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നാണ് ഗുട്ടറസ് അഭിപ്രായപ്പെട്ടത്. എന്നാല്‍ പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു.

അതിനിടെ ഇസ്രയേല്‍ -ഹമാസ് സംഘര്‍ഷത്തില്‍ ചൈനയുടെ നിലപാട് മാറ്റം ശ്രദ്ധേയമായി. ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും അത് മനുഷ്യാവകാശവും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി ഇന്നലെ പറഞ്ഞു. ആദ്യമായാണ് ഇസ്രയേലിന്റെ നടപടിയെ അനുകൂലിച്ചുകൊണ്ട് ചൈന നിലപാടെടുക്കുന്നത്.

അതേസമയം അതിനിടെ ഗാസയിലെ പ്രവര്‍ത്തനം നാളെ നിര്‍ത്തുമെന്ന് യു.എന്‍ ദുരിതാശ്വാസ ഏജന്‍സി വ്യക്തമാക്കി. ഇന്ധന, ഭക്ഷണ ക്ഷാമത്തെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 6000 കടന്നു. 24 മണിക്കൂറിനിടെ 700 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.