പുലിക്കോട്ട് അച്ചാമ്മ ജേക്കബ് കുടുംബങ്ങള്‍ക്ക് വിശുദ്ധി പകര്‍ന്ന പുണ്യ മാതൃക: മാര്‍ ജോസഫ് പെരുന്തോട്ടം

പുലിക്കോട്ട് അച്ചാമ്മ ജേക്കബ് കുടുംബങ്ങള്‍ക്ക് വിശുദ്ധി പകര്‍ന്ന പുണ്യ മാതൃക: മാര്‍ ജോസഫ് പെരുന്തോട്ടം

ആലപ്പുഴ: കേരള ജിയന്ന എന്ന അച്ചാമ്മ ജേക്കബ് കുടുംബങ്ങള്‍ക്ക് വിശുദ്ധി പകര്‍ന്ന പുണ്യാത്മാവാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കേരള ജിയന്ന എന്നറിയപ്പെടുന്ന പുലിക്കോട്ട് അച്ചാമ്മ ജേക്കബിന്റെ 50-ാമത് ചരമ വാര്‍ഷികം മുട്ടാര്‍ കുമരഞ്ചിറ പള്ളിയില്‍ ആചരിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം കബറിടത്തില്‍ പ്രാര്‍ഥന അര്‍പ്പിച്ച് സന്ദേശം നല്‍കി.

എത്രയെത്ര പുണ്യാത്മാക്കളാണ് വിശുദ്ധിയില്‍ നിദ്രപ്രാപിച്ചത്. പലപ്പോഴും അവരുടെ പേരും നിത്യനിദ്രയില്‍ ആണ്ടുപോകുകയാണ് ചെയ്യുന്നത്. അതിലൊരാളാണ് കേരള ജിയന്ന എന്ന അച്ചാമ്മ ജേക്കബ്. 1934 ല്‍ കാഞ്ഞിരപ്പള്ളി രൂപതയിലുള്ള ചെറുവള്ളി ഇടവകയില്‍ ഇളംന്തോട്ടം കുടുംബത്തില്‍ കോര- മറിയാമ്മ ദമ്പതികളുടെ 13 മക്കളില്‍ എട്ടാമത്തെ മകളായിട്ടായിരുന്നു അച്ചാമ്മയുടെ ജനനം. വലിയൊരു കുടുംബത്തിന്റെ ഭാഗമായിരുന്നതിനാല്‍ പരസ്നേഹത്തിന്റെയും ഐക്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും മൂല്യങ്ങള്‍ സ്വായത്തമാക്കിയാണ് അച്ചാമ്മ വളര്‍ന്നത്.

1953 ല്‍ തന്റെ 19-ാമത്തെ വയസിലാണ് മുട്ടാര്‍ കുമരഞ്ചിറ സെന്റ് തോമസ് ഇടവകാംഗമായ പുലിക്കോട്ട് ജേക്കബിന്റെ ജീവിതപങ്കാളിയായി അച്ചാമ്മ മാറിയത്. തന്റെ വലിയ കുടുംബത്തിന്റെ സന്തോഷ നിര്‍വൃതി ഒരു വലിയ കുടുംബമെന്ന സ്വപ്നം അവരിലും രൂപപ്പെട്ടിരുന്നു. മക്കള്‍ക്ക് ജന്മം നല്‍കുക എന്നത് അവര്‍ക്ക് ഒരിക്കും ഭാരമായിരുന്നില്ല. കര്‍ഷക കുടുംബത്തിന്റെ പ്രാരാബ്ദങ്ങളും ബുദ്ധിമുട്ടുകളും വലിയ കുടുംബം എന്ന സ്വപ്നം സാധിതമാകുന്നതില്‍ നിന്നവരെ പിന്മാറ്റിയില്ല. 20 വര്‍ഷം നീണ്ട അവരുടെ ദാമ്പത്യ ജീവിതം 12 മക്കള്‍ക്ക് ജന്മമേകി. 1973 ല്‍ തന്റെ 12 -ാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ അച്ചാമ്മയ്ക്ക് തന്റെ ഇളയ കുഞ്ഞിനെ ആറ് മാസമേ താലോലിക്കാന്‍ സാധിച്ചുള്ളു.

ഇക്കാര്യം മാര്‍ ജോസഫ് പെരുന്തോട്ടം ഇന്നത്തെ അനുസ്മരണത്തില്‍ പ്രത്യേകം പ്രതിപാദിച്ചിരുന്നു. അച്ചാമ്മയുടെ ഇളയമകന്‍ ഫാ. റെജി പുലിക്കോട്ട് സലേഷന്‍ സന്യാസ സഭയിലെ വൈദികനാണ്. ഈ ദൈവ നിയോഗമാണ് അച്ചാമ്മ തന്റെ ജീവന്‍ നല്‍കി നിറവേറ്റിയതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.
ഗര്‍ഭത്തിന്റെ കാലഘട്ടത്തില്‍ അച്ചാമ്മയുടെ ശരീരത്തില്‍ ക്യാന്‍സര്‍ രൂപപ്പെട്ടു തുടങ്ങി. ഗര്‍ഭചിദ്രം നടത്തി മാത്രമെ ഫലപ്രദമായ ചികിത്സ നടത്താന്‍ സാധിക്കുകയുള്ളു എന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന് മുന്നില്‍ അച്ചാമ്മയ്ക്ക് മറുത്തൊരു ഉത്തരമില്ലായിരുന്നു. തന്റെ ഗര്‍ഭത്തിലുള്ള കുഞ്ഞിനെ നശിപ്പിച്ചിട്ട് ഒരു ജീവിതം തനിക്കു വേണ്ട എന്നവള്‍ ശഠിച്ചു. ഡോക്ടര്‍മാരോടൊപ്പം കുടുംബാംഗങ്ങളില്‍ പലരും ഗര്‍ഭചിദ്രനായവരെ പ്രേരിപ്പിച്ചു. രോഗത്തിന്റെ കഠിന വേദനയിലും മനസ് തകരാതെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മമേകി. പ്രസവാനന്തരം അവരുടെ രോഗം അതിവേഗം മൂര്‍ഛിച്ചു. ആറ് മാസക്കാലം തന്റെ ഇളയ കുഞ്ഞിനെ താലോലിച്ച് 1973 ജൂലൈ ഏഴിന് അച്ചാമ്മ നിത്യനിദ്ര പ്രാപിച്ചു.

2014 ല്‍ ചങ്ങനാശേരി അതിരൂപത പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സംഘടിപ്പിച്ച മെഗാ പ്രൊ ലൈഫ് എക്സിബിഷനാണ് ആരാലും അറിയപ്പെടാതിരുന്ന അച്ചാമ്മ എന്ന വീട്ടമ്മയെ കേരളത്തിന് പരിചയപ്പെടുത്തിയത്. വിശുദ്ധ ജിയന്ന ബെരേറ്റ മോളയുടെ ചരിത്രം വിശദീകരിച്ച വ്യക്തിയോട് ജിയന്നയെപ്പോലെ ജീവിച്ച മറ്റൊരു ജിയന്ന ഇവിടെ ഉണ്ടായിരുന്നുവെന്ന വിവരം ഒരു കന്യാസ്ത്രീ പങ്കുവെയ്ക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് വിശുദ്ധ ജീവിതം നയിച്ച അച്ചാമ്മയുടെ വിശ്വാസ സാക്ഷ്യം കേരളം അറിഞ്ഞത്. തന്റെ ഗര്‍ഭസ്ഥ ശിശുവിന് തന്റെ ജീവനെക്കാളും വില കല്‍പ്പിച്ച മറ്റൊരു ജിയന്നയായ അച്ചാമ്മയുടെ വിശുദ്ധ ജീവിതത്തിന്റെ അടയാളം ഇന്ന് കേരളസഭയില്‍ സുപരിചതമാവുകയാണ്.
ചരമ വാര്‍ഷിക ദിനത്തില്‍ 16 വൈദികര്‍ ചേര്‍ന്ന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ അച്ചായുടെ 12-ാമത്തെ മകന്‍ ഫാ. റെജി പുലിക്കോടാണ് മുഖ്യ കര്‍മികത്വം വഹിച്ചത്. അതിരൂപത പ്രോ ലൈഫ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല വചന സന്ദേശം നല്‍കി. ചടങ്ങില്‍ വൈദികരും കന്യാസ്ത്രികളും അച്ചാമ്മയുടെ ബന്ധുക്കളും നാട്ടുകാരും പ്രോലൈഫ് പ്രവര്‍ത്തകരും പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26