ഇന്ധനം ഇന്ന് രാത്രിയോടെ തീരും; ഗാസയിലെ ആശുപത്രികള്‍ നിശ്ചലമാകും: യുദ്ധം വ്യാപിക്കുന്നു, ഇറാനെ സംശയമുനയില്‍ നിര്‍ത്തി അമേരിക്ക

ഇന്ധനം ഇന്ന് രാത്രിയോടെ തീരും; ഗാസയിലെ ആശുപത്രികള്‍ നിശ്ചലമാകും: യുദ്ധം വ്യാപിക്കുന്നു, ഇറാനെ സംശയമുനയില്‍ നിര്‍ത്തി അമേരിക്ക

ഗാസ: ഇന്ന് രാത്രിയോടെ ഇന്ധന ശേഖരം പൂര്‍ണമായും തീരുന്നതിനാല്‍ ഗാസയിലെ പ്രതിസന്ധി അതികഠിനമാകുമെന്ന മുന്നറിയിപ്പുമായി സന്നദ്ധ സംഘടനകള്‍. ആശുപത്രികളില്‍ ഭൂരിപക്ഷവും ഇന്ധനമില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി.

ഇന്ധനം ഉടന്‍ എത്തിയില്ലെങ്കില്‍ കൂട്ടമരണം ഉണ്ടാകുമെന്നാണ് സന്നദ്ധ സംഘടനകള്‍ അറിയിക്കുന്നത്. ആറ് ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കി വരുന്ന യു.എന്‍ ഏജന്‍സികള്‍ ഇന്ധനം എത്തിയില്ലെങ്കില്‍ ഇന്നോടെ പ്രവര്‍ത്തനം നിര്‍ത്തും.

അതേസമയം ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്. പാലസ്തീന്‍ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തില്‍ ഉള്ള വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. കടലിലൂടെ രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പത്ത് പേരെ വധിച്ചതായി ഇസ്രയേല്‍ അറിയിച്ചു.

അതിനിടെ സിറിയയിലെ സൈനിക കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. യുദ്ധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ മേഖലയില്‍ സൈനിക സാന്നിധ്യം കൂട്ടുകയാണ്.

യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുമോ എന്ന ആശങ്കയ്ക്കിടെ യെമനില്‍ നിന്ന് സിറിയയിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും തുടര്‍ച്ചയായി ഷിയാ സായുധ സംഘങ്ങള്‍ ആക്രമണം നടത്തുകയാണ്.

ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേലിന് നേരെ ഇന്നും ഹിസ്ബുള്ള ആക്രമണം നടത്തി. ഇസ്രയേല്‍ തിരിച്ചടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹിസ്ബുള്ള അടക്കമുള്ള സായുധ സംഘങ്ങളെ മുന്‍നിര്‍ത്തി വലിയ ഏറ്റുമുട്ടലിന് ഇറാന്‍ തയ്യാറെടുക്കുകയാണെന്ന് സംശയിക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.