പറക്കുന്നതിനിടെ യാത്രവിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്ത് പൈലറ്റിന്റെ വിഭ്രാന്തി; സംഭവസമയം മാജിക് മഷ്റൂം കഴിച്ചിരുന്നതായി വെളിപ്പെടുത്തല്‍

പറക്കുന്നതിനിടെ യാത്രവിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്ത് പൈലറ്റിന്റെ വിഭ്രാന്തി; സംഭവസമയം മാജിക് മഷ്റൂം കഴിച്ചിരുന്നതായി വെളിപ്പെടുത്തല്‍

ഒറിഗോണ്‍: പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ പൈലറ്റ് മാജിക് മഷ്റൂം കഴിച്ചിരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ഒറിഗോണില്‍ നടന്ന സംഭവത്തില്‍ പൈലറ്റ് ജോസഫ് ഡേവിഡ് എമേഴ്സന്‍ ആണ് അറസ്റ്റിലായത്. വാഷിങ്ടണിലെ എവറെറ്റില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള യാത്രാമദ്ധ്യേ അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനമാണ് ജോസഫ് ഡേവിഡ് എമേഴ്സന്‍ എന്‍ജിന്‍ ഓഫ് ചെയ്ത് അപകടത്തില്‍പ്പെടുത്താന്‍ ശ്രമിച്ചത്.

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 80 യാത്രക്കാരുമായി പറന്ന വിമാനത്തിലാണ് എമേഴ്സന്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ ഡ്യൂട്ടിയിലായിരുന്നില്ല. വിമാനത്തിന്റെ കോക്പിറ്റില്‍ ജീവനക്കാര്‍ക്കുള്ള സീറ്റിലായിരുന്നു എമേഴ്സന്റെ യാത്ര.

വിമാനം പറന്നുയര്‍ന്നതോടെ ഇയാള്‍ എന്‍ജിന്‍ ഓഫ് ചെയ്യുകയും തുടര്‍ന്ന് എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ കീഴ്പ്പെടുത്തിയ ശേഷം വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു.

അതേ സമയം പിടിയിലായ എമേഴ്സന്‍ പറയുന്നത് ഇയാള്‍ 40 മണിക്കൂറിലേറെയായി ഉറങ്ങിയിട്ടില്ലെന്നായിരുന്നു. കൂടാതെ മാജിക് മഷ്റൂം കഴിച്ചിരുന്നുവെന്നും അതിന് ശേഷം സ്വപ്നത്തിലാണെന്ന് കരുതിയാണ് അപകടകരമായ പ്രവര്‍ത്തി ചെയ്തതെന്നുമാണ്. താന്‍ ആദ്യമായാണ് മാജിക് മഷ്റൂം കഴിച്ചതെന്നാണ് എമേഴ്സന്റെ വാദം. വിമാനം അപകടത്തില്‍പ്പെടുത്താനുള്ള ശ്രമം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.