കാണ്ഡമാല്‍ കൂട്ടക്കുരുതിയില്‍ രക്തസാക്ഷികളായ 35 ക്രിസ്ത്യാനികള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്; പ്രഖ്യാപന നടപടികള്‍ക്ക്‌ വത്തിക്കാന്‍ അനുമതി

കാണ്ഡമാല്‍ കൂട്ടക്കുരുതിയില്‍ രക്തസാക്ഷികളായ 35 ക്രിസ്ത്യാനികള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്; പ്രഖ്യാപന നടപടികള്‍ക്ക്‌ വത്തിക്കാന്‍ അനുമതി

ഭുവനേശ്വര്‍: സമൂഹമനസാക്ഷിയെ ഞെട്ടിച്ച കാണ്ഡമാല്‍ കൂട്ടക്കുരുതിയില്‍ രക്തസാക്ഷിത്വം വരിച്ച 35 ക്രിസ്ത്യാനികള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിന് വത്തിക്കാന്‍ അനുമതി നല്‍കി.

2008ലാണ് 24 പുരുഷന്മാരും 11 സ്ത്രീകളും അടക്കം 35 ക്രസ്ത്യാനികള്‍ വിവിധ അക്രമങ്ങളിലായി രക്തസാക്ഷിത്വം വഹിച്ചത്. ഇവരാണ് ഇപ്പോള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നവരുടെ പട്ടികയിലുള്ളത്.

അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിരെല്ലി ഭുവനേശ്വര്‍ രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വയ്ക്ക് അയച്ച സന്ദേശത്തിലാണ് വാഴ്ത്തപ്പെട്ടവരാക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകുന്നതില്‍ വത്തിക്കാന് എതിര്‍പ്പില്ല എന്ന് വ്യക്തമാക്കിയിട്ടുള്ളത്.

ദൈവദാസരുടെ ജീവിതം, സദ്ഗുണങ്ങള്‍, വിശുദ്ധി എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് ദൈവശാസ്ത്രപരമോ ധാര്‍മ്മികമോ ആയ തടസങ്ങളൊന്നുമില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

കഴിഞ്ഞ മെയ് 31നാണ്‌  രക്തസാക്ഷികളായ 35 പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തണമെന്ന അപേക്ഷ ആര്‍ച്ച് ബിഷപ്പ് വത്തിക്കാന്‍ ഡിക്കാസ്റ്ററിക്ക് സമര്‍പ്പിച്ചത്. ഇതിനു ലഭിച്ച മറുപടിയിലാണ് നടപടികളുമായി മുന്നോട്ടു പോകുന്നതിനുള്ള അനുമതി വത്തിക്കാന്‍ നല്‍കിയത്.

കാല്‍വരിയിലെ ക്രിസ്തുവിനെ അനുഗമിച്ച സാധാരണക്കാരായ ഗ്രാമീണര്‍ക്ക് ഇത് തീര്‍ച്ചയായും മഹത്തായ ബഹുമതിയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ഫാ. അജയ് കുമാര്‍ സിങ് പറഞ്ഞു.

യേശുവിനെയും വിശ്വാസത്തെയും നിഷേധിച്ചു ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള അവസരം അവര്‍ക്ക് അക്രമികള്‍ നല്‍കിയിരുന്നു. ഒന്നുകില്‍ മരണം അല്ലെങ്കില്‍ ഹിന്ദുമതത്തിലേക്കുള്ള പരിവര്‍ത്തനം എന്നീ രണ്ട് സാധ്യതകളില്‍ ഒന്നു തെരഞ്ഞെടുക്കാനായിരുന്നു അക്രമികള്‍ അവരോട് ആവശ്യപ്പെട്ടത്.

എന്നാല്‍ യേശുവിനു വേണ്ടി സുഖസൗകര്യങ്ങള്‍, കുടുംബം, ലോകം എന്നിവയെക്കാള്‍ വിശ്വാസത്തിന് മുന്‍ഗണന നല്‍കിയ അവരുടെ ജീവിതം യഥാര്‍ത്ഥ സാക്ഷ്യമാണെന്നും ഫാ. സിങ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.