ദോഹ: ഖത്തറിന്റെ തടവിലായ എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധ ശിക്ഷ. ഖത്തര്‍ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന സ്വകാര്യ കമ്പനിയായ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഖത്തറിലെ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ആണ് വധശിക്ഷ വിധിച്ചത്.
ഇസ്രയേലിന് വേണ്ടി ചാരവൃത്തി ചെയ്തുവെന്നാണ് മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റം. ക്യാപ്റ്റന്‍ നവ്തേജ് സിങ്് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍മാരായ അമിത് നാഗ്പാല്‍, പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകാല, സഞ്ജീവ് ഗുപ്ത, സെയ്ലര്‍ രാഗേഷ് എന്നിവരാണ് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
2022 ഓഗസ്റ്റ് മുതല്‍ ഇവര്‍ ഖത്തറിലെ ജയിലില്‍ കഴിയുകയാണ്. ഒരു അന്തര്‍വാഹിനിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ വിചാരണയ്ക്ക് വിധേയരായിരുന്നു. ഇവരുടെ ജാമ്യാപേക്ഷകള്‍ നിരവധി തവണ തള്ളിയ ഖത്തര്‍ അധികൃതര്‍ തടവ് ശിക്ഷ നീട്ടുകയായിരുന്നു.
അതേസമയം, മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. വിശദമായ വിധി വരുന്നതിനായി കാത്തിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും ബന്ധപ്പെടുന്നുണ്ട്. നിയമപരമായ എല്ലാ സാദ്ധ്യതകളും പരിശോധിക്കുകയാണ്.
കേസിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. സാധ്യമായ എല്ലാ നിയമ സഹായവും ലഭ്യമാക്കും. ശിക്ഷാവിധിയെക്കുറിച്ച് ഖത്തര്‍ അധികാരികളുമായി ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.