വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അടുത്ത സുഹൃത്ത് വിടവാങ്ങി; അന്ത്യം 102ാം വയസിൽ

വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അടുത്ത സുഹൃത്ത് വിടവാങ്ങി; അന്ത്യം 102ാം വയസിൽ

വാഴ്സോ: വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ വാൻഡ പോൾതാവ്‌സ്ക അന്തരിച്ചു. ഒക്ടോബർ 24 നായിരുന്നു അന്ത്യം. ജീവന്റെയും കുടുംബത്തിന്റെയും സംരക്ഷണവുമായി ബന്ധപ്പെട്ട വത്തിക്കാൻ സഭകളുടെ അംഗവും കൺസൾട്ടന്റുമായി വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന പോൾതാവ്‌സ്ക 102-ാം വയസ്സിലാണ് മരണമടയുന്നത്. 

1921 നവംബറിൽ പോളണ്ടിലായിരുന്നു പോൾതാവ്‌സ്കയുടെ ജനനം. ജോൺ പോൾ മാർപാപ്പയെപ്പോലെ രണ്ടാം ലോകമഹായുദ്ധസമയത്തെ നാസി അധിനിവേശത്തിനു സാക്ഷ്യം വഹിച്ച വ്യക്തിയായിരുന്നു പോൾതാവ്‌സ്ക. 1950 മുതലാണ് ഫാ. കരോൾ വോയ്റ്റിവയുമായി പോൾതാവ്‌സ്ക സൗഹൃദം ആരംഭിക്കുന്നത്. പിന്നീട് മാർപാപ്പ ആയതിനു ശേഷവും ഈ സൗഹൃദം തുടർന്നു.

1951 ൽ മെഡിസിനിൽ ബിരുദവും 1964 -ൽ സൈക്യാട്രിയിൽ ഡോക്ടറേറ്റും നേടിയ വാൻഡ പോൾതാവ്‌സ്ക, 1967 മുതൽ ക്രാക്കോവിലെ പൊന്തിഫിക്കൽ ഫാക്കൽറ്റി ഓഫ് തിയോളജിയുടെ ഭാഗമായി ശുശ്രൂഷ ചെയ്തു. വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ കാലത്ത് പോൾതാവ്‌സ്ക പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഫാമിലി, പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ്‌ എന്നിവയിൽ അംഗമായും പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഹെൽത്ത് കെയർ ഓപ്പറേറ്റർമാരുടെ കൺസൾട്ടന്റുമായും നിയമിതയായി.

കരോൾ വോയ്റ്റിവ എനിക്കൊരു പിതാവും സഹോദരനും സുഹൃത്തുമെല്ലാമാണ്. ഈ സവിശേഷതകളെല്ലാം അസാധാരണമാംവിധം ഒരേ വ്യക്തിയിൽ സമ്മേളിച്ചിരിക്കുന്നു. എന്നാൽ, എല്ലാറ്റിനുമുപരിയായി കരോൾ ലോകത്തിന്റെ അന്ധകാരത്തിനിടയിൽ പ്രത്യാശയുടെ ജീവൻ നൽകുന്ന പരിശുദ്ധാത്മാവ് അയച്ച ഒരു കൃപയാണെന്ന് പോൾതാവ്‌സ്ക പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26