'ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ കേസ് മുന്നോട്ടു പോകണം': ഹൈക്കോടതിയില്‍ ഗണേഷ് കുമാറിന് തിരിച്ചടി

'ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ കേസ് മുന്നോട്ടു പോകണം': ഹൈക്കോടതിയില്‍ ഗണേഷ് കുമാറിന് തിരിച്ചടി

കൊച്ചി: സോളാര്‍ പീഡനക്കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി. കേസില്‍ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ നേരിട്ട് ഹാജരാവുന്നത് ഒഴിവാക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യവും കോടതി തള്ളി.

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഗണേഷ് കുമാറിനെതിരെയുള്ള പരാതി. കത്തില്‍ പേജുകള്‍ എഴുതിച്ചേര്‍ത്തെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ക്കാനായി ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതി.

തുടര്‍ന്ന് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഈ വിഷയത്തില്‍ കേസ് എടുക്കുകയും ഗണേഷ് കുമാറിനോടും പരാതിക്കാരിയോടും നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഗണേഷ് കുമാര്‍ ഹാജരായിരുന്നില്ലെന്ന് മാത്രമല്ല കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വാദം കേട്ടിരുന്നു. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് ഗണേഷ് കോടതിയെ അറിയിച്ചത്. കത്ത് എഴുതിയും നേരെ കോടതിയില്‍ സബ്മിറ്റ് ചെയ്തതും പരാതിക്കാരി നേരിട്ടാണെന്നുമായിരുന്നു ഗണേഷിന്റെ വാദം.

എന്നാല്‍ ഇത് തള്ളിയ ഹൈക്കോടതി ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കില്‍ ഈ കേസ് മുന്നോട്ടു പോകണമെന്നും നിയമപരമായ തീരുമാനത്തിലെത്തണമെന്നും പറഞ്ഞു. മറിച്ച്, ഹര്‍ജിക്കാരനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എംഎല്‍എയായ ഗണേഷ് കുമാറിന്റെ സത്യസന്ധത തെളിയിക്കപ്പെടുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.