കളിയാക്കലുകള്‍ വേണ്ട! റോഡില്‍ 'L' ബോര്‍ഡ് വാഹനം കണ്ടാല്‍ കൂടുതല്‍ കരുതല്‍ പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കളിയാക്കലുകള്‍ വേണ്ട! റോഡില്‍ 'L' ബോര്‍ഡ് വാഹനം കണ്ടാല്‍ കൂടുതല്‍ കരുതല്‍ പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: റോഡില്‍ ലേണേഴ്സ് ചിഹ്നമായ എല്‍ സ്റ്റിക്കറുള്ള വാഹനം കണ്ടാല്‍ മറ്റു വാഹനങ്ങള്‍ കൂടുതല്‍ കരുതല്‍ പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഹോണ്‍ മുഴക്കി അവരെ പരിഭ്രാന്തരാക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

അപ്രതീക്ഷിതമായി റോഡ് നിയമങ്ങള്‍ക്ക് വിരുദ്ധമായി ആ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തെന്ന് വരാം. ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് തോന്നിക്കുന്ന കുറഞ്ഞ വേഗതയിലായിരിക്കാം യാത്ര. ഇന്‍ഡിക്കേറ്ററും സിഗ്നലും കാണിക്കാന്‍ മറന്നു പോയേക്കാം. ഇതെല്ലാം മുന്‍കൂട്ടി കണ്ട് എല്‍ സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഫെയ്‌സ് ബുക്ക് കുറിപ്പ്:

ഒരിക്കല്‍ നാമും ലേണേഴ്സ് ഡ്രൈവിങ് ലൈസന്‍സിന് ഉടമയായിരുന്നു.

ലേണേഴ്സ് ചിഹ്നമായ ' L' സ്റ്റിക്കറുള്ള ഒരു വാഹനം റോഡില്‍ കാണുമ്പോള്‍ അപ്രതീക്ഷിതമായി റോഡ് നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ചലനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്, ആ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തേക്കാം എന്ന് കരുതിക്കൊണ്ട്,

മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് തോന്നിക്കുന്ന കുറഞ്ഞ വേഗതയില്‍ ആയിരിക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിക്കാതെ, ഇന്‍ഡിക്കേറ്ററും സിഗ്നലും കാണിക്കാന്‍ ചിലപ്പോള്‍ മറന്നു പോയേക്കാം എന്ന് മുന്‍കൂട്ടി കണ്ടു കൊണ്ട് നമ്മളാണ് കരുതല്‍ പാലിക്കേണ്ടത്.

അവരില്‍ നിന്നും അകലം പാലിച്ചും ഹോണ്‍ മുഴക്കി അവരെ പരിഭ്രാന്തരാക്കാതെയും കളിയാക്കലുകളും ആക്രോശങ്ങളും ഒഴിവാക്കിക്കൊണ്ടും അനുതാപത്തോടെ അവരെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടും നമുക്കും മഹത്തായ മാതൃകകള്‍ സൃഷ്ടിക്കാം.
*കാരണം നാമും ഒരിക്കല്‍ അവരായിരുന്നു*


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.