കൊച്ചി: ആരെയും എതിര്‍ത്ത് ആക്രമിച്ച് തോല്പിക്കുക ക്രൈസ്തവ രീതിയല്ലെന്നും എന്നാല്‍ ആരുടെയും അടിമകളാകാന്‍ തങ്ങള്‍ക്കാവില്ലെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. സീ ന്യൂസ് ലൈവിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
അഡ്വ. വി.സി സെബാസ്റ്റ്യനുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
പലപ്പോഴും ക്രൈസ്തവര്‍ നേരിട്ട പല വിഷയങ്ങളിലും സംയമനം പാലിച്ചത് നിസംഗതയും നിഷ്ക്രിയത്വവുമായി കണ്ട് ഈ സമുദായത്തോട് എന്തുമാകാം എന്ന അവസ്ഥ അനുവദിക്കാനാവില്ല. തിരുത്തലുകള്‍ക്ക് തയ്യാറായില്ലെങ്കില്‍ ശക്തമായി പ്രതികരിക്കും. രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലടക്കം അര്‍ഹിക്കുന്ന പ്രാതിനിത്യം ഇന്നുവരെ ലഭ്യമായിട്ടില്ല.
അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും മൂലം ജീര്‍ണ്ണിച്ചിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവ സമുദായത്തിന് അര്‍ഹതപ്പെട്ട ക്ഷേമപദ്ധതികള്‍ നിരന്തരം അട്ടിമറിക്കുന്നു. കേരളത്തില്‍ ജനസംഖ്യയുടെ 54.73% ഹിന്ദുക്കള്‍, 26.56% മുസ്ലീം, 18.38% ക്രിസ്ത്യാനി എന്ന രീതിയിലാണ് 2011 ലെ സെന്‍സസ് പ്രകാരം നിലവിലുള്ള അനുപാതം. അതായത് ആകെ ജനസംഖ്യ 3,34,06061. ഹിന്ദുക്കള്‍ 1,82,82,492, മുസ്ലീം 88,73,472, ക്രിസ്ത്യാനി 61,41,269. സിക്ക്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങള്‍ കേരളത്തില്‍ വളരെ കുറവാണ്. ജനസംഖ്യാക്കണക്കു പ്രകാരം മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രാതിനിധ്യത്തിനും ക്ഷേമപദ്ധതി വിഹിതത്തിനും 59:41 അനുപാതമാണ് ലഭ്യമാകേണ്ടത്.
എന്നാല്‍ ഈ അനുപാതം മാറിമാറി ഭരിച്ച യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നിരന്തരം അട്ടിമറിക്കുന്നത് ക്രൈസ്തവ സമുദായം കണ്ടു. നിരവധി തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചു. ഫലമുണ്ടായില്ല. ഇപ്പോള്‍ ശക്തമായ പ്രതികരണത്തിലേയ്ക്ക് വന്നിരിക്കുന്നു. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ 80:20 എന്ന അനുപാതം നീതികേടാണ്. തുല്യനീതിയാണ് വേണ്ടത്. 2011 ഫെബ്രുവരി 22ന് ഇറക്കിയ ന്യൂനപക്ഷക്ഷേമ ഉത്തരവിലാണ് ആദ്യമായി 80:20 അനുപാതം ഇടംപിടിച്ചത്. തുടര്‍ന്നിങ്ങോട്ട് മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഇറക്കിയ എല്ലാ ക്ഷേമപദ്ധതികളിലും ഈ അനുപാതം തുടര്‍ന്നതാണ് ചോദ്യംചെയ്യപ്പെട്ടത്. 80:20 അനുപാതം യാതൊരു പഠനവും നടത്താതെയാണെന്ന് 2019 ഒക്ടോബര്‍ 14ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുമ്പോള്‍ നിലവിലുള്ള നീതിരഹിത അനുപാതം നിര്‍ത്തലാക്കി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ക്ഷേമ പദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
വിശുദ്ധ മദര്‍ തെരേസ സ്കോളര്‍ഷിപ്പ്, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പ് എന്നിവ കേള്‍ക്കുമ്പോള്‍ ക്രൈസ്തവര്‍ക്കുള്ള പദ്ധതികളാണെന്ന് തോന്നുമെങ്കിലും ഇവയില്‍പോലും 80:20 അനുപാതമാണുള്ളത്. പിന്നോക്കാവസ്ഥ മാത്രമല്ല, വളര്‍ച്ചാനിരക്കിലെ കുറവുള്‍പ്പെടെ നിരവധിയായ ഒട്ടേറെ ഘടകങ്ങള്‍ ന്യൂനപക്ഷ ക്ഷേമപദ്ധതി പ്രഖ്യാപനങ്ങള്‍ക്ക് മാനദണ്ഡമാക്കണം. 80:20 എന്ന നീതിനിഷേധം ഉടന്‍ തിരുത്തണം. കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മള്‍ട്ടിസെക്ടറല്‍ ഡവലപ്പ്മെന്റ് പ്രോഗ്രാം ഇപ്പോള്‍ പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം എന്ന പേരിലാണ് നടപ്പിലാക്കുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള ഈ പതിനഞ്ചിന പദ്ധതിക്കായുള്ള ജില്ലാസമിതി രൂപീകരണത്തിലെ ക്രൈസ്തവ പ്രാതിനിധ്യം എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. 13 ജില്ലകളിലായി 39 പ്രതിനിധികളെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുമ്പോള്‍ ഏഴ് പേര് മാത്രമാണ് ക്രൈസ്തവ പ്രതിനിധികള്‍. 23 മുസ്ലീം, 16 ക്രൈസ്തവര്‍ എന്ന അനുപാതമാണ് നടപ്പിലാക്കേണ്ടത്. 43.42% ക്രൈസ്തവര്‍, 7.41% മുസ്ലീം അനുപാതമുള്ള ഇടുക്കി ജില്ല, 38.03% ക്രൈസ്തവര്‍, 15.67% മുസ്ലീം അനുപാതമുള്ള എറണാകുളം തുടങ്ങി ഏഴ് ജില്ലകളില്‍ ക്രൈസ്തവ സമുദായ പ്രാതിനിധ്യം പോലുമില്ലാത്തത് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ക്രൈസ്തവ വിരുദ്ധതയുടെ പ്രതിഫലനമാണ്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യാ പ്രാതിനിധ്യം അട്ടിമറിച്ചു നടത്തിയ ന്യൂനപക്ഷ ക്ഷേമപദ്ധതി പ്രമോട്ടര്‍മാരുടെ നിയമനം അവസാനം പിന്‍വലിക്കേണ്ടിവന്നതും ഓര്‍മ്മിക്കുന്നു.
കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന് സ്ഥാപിച്ചുകൊണ്ട് ഒരു ന്യൂനപക്ഷ സമുദായാംഗം ചെയര്‍മാനായും മറ്റൊരു ന്യൂനപക്ഷ സമുദായാംഗം അംഗമായും ഒരു ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള സ്ത്രീ വനിതാ അംഗമായും കമ്മീഷന് രൂപീകരിക്കണമെന്ന ഉത്തരവില്‍ ''മറ്റൊരു'' എന്നത് ''ഒരു''എന്നു മാത്രമാക്കി ചുരുക്കി പിണറായി സര്‍ക്കാര്‍ നടത്തിയ തിരുത്ത് കമ്മീഷന് അംഗങ്ങളെല്ലാം ഭാവിയില്‍ ന്യൂനപക്ഷ വിഭാഗത്തിലെ ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് മാത്രമായി വരുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയും ന്യൂനപക്ഷ കമ്മീഷന് ചെയര്‍മാനും അംഗങ്ങളും ഉദ്യോഗസ്ഥരും ഒരു സമുദായത്തില്‍ നിന്നുമാത്രമായിരിക്കുന്നത് ക്രൈസ്തവരുള്‍പ്പെടെ മറ്റ് അഞ്ച് ന്യൂനപക്ഷ സമുദായങ്ങളെ അവഹേളിക്കുന്നതല്ലേ?
ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളെ ഇല്ലാതാക്കുക, വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിന്നും ക്രൈസ്തവരെ പുറന്തള്ളുക, വിശ്വാസ സത്യങ്ങളെ വെല്ലുവിളിക്കുക തുടങ്ങി ഭരണഘടനാ അവകാശങ്ങളെ നിഷേധിച്ചും പുതിയ നിയമങ്ങള്‍ എഴുതിച്ചേര്‍ത്തും ക്രൈസ്തവ സമൂഹത്തെ കേരളത്തിന്റെ മണ്ണില്‍ അടിച്ചമര്‍ത്തി ഇല്ലായ്മ ചെയ്യാനും ശിഥിലമാക്കാനുമാണ് ലക്ഷ്യമെങ്കില്‍ നിശബ്ദരായിട്ടിരിക്കാനാവില്ലല്ലോ.
മതാടിസ്ഥാനത്തില്‍ ഇന്ത്യയിലെ തൊഴില്‍ രഹിതരുടെ നിരക്ക് വിലയിരുത്തുമ്പോള്‍ തൊഴിലില്ലായ്മ ഏറ്റവും കൂടുതലായി അഭിമുഖീകരിക്കുന്നത് ക്രൈസ്തവരാണെന്നുള്ള സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ പഠനറിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ വെച്ച രേഖകളും വെളിപ്പെടുത്തലുകളും. 2006 നവംബര്‍ 30ന് കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ച സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതിനുശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ തൊഴിലില്ലായ്മ നിരക്കില്‍ മാറ്റമുണ്ടായിട്ടുണ്ടോയെന്നതു സംബന്ധിച്ച ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ലമെന്റംഗം പ്രസൂണ്‍ ബാനര്‍ജി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യുനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അംബാസ് നഖ്വി ലോക്സഭയില്‍ നല്കിയ മറുപടിയില്‍ ഹൈന്ദവ, മുസ്ലീം, ക്രൈസ്തവരുള്‍പ്പെടെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് വ്യക്തമാക്കിയിട്ടുണ്ട്.
നാഷണല്‍ സാമ്പില്‍ സര്‍വ്വേ ഓഫീസ് ദേശീയ തലത്തില്‍ നടത്തിയ പീരിയോഡിക്കല്‍ ലേബര്‍ ഫോഴ്സ് സര്‍വേയുടെ 2017-18 കാലഘട്ടങ്ങളിലെ സ്ഥിതിവിവരക്കണക്കുകളും ലോകസഭയില്‍ വെയ്ക്കുയുണ്ടായി. ഇതിന്‍പ്രകാരം മതാടിസ്ഥാനത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഗ്രാമീണ സ്ത്രീകളില്‍ 3.5:5.7:8.8, നഗരങ്ങളില്‍ 10.0:14.5:15.6 അനുപാതമാണ്. ഗ്രാമീണ പുരുഷന്മാരുടെ നിരക്ക് 5.7:6.7:6.9, നഗരങ്ങളിലിത് 6.9:7.5:8.9 എന്നതുമാണ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നത്.
വിദ്യാഭ്യാസ സാമ്പത്തിക സാമൂഹ്യ രംഗങ്ങളിലും തൊഴില്‍ മേഖലകളിലും ക്രൈസ്തസമൂഹം മുന്നില്‍ നില്‍ക്കുന്നുവെന്ന് നിരന്തരമുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഇന്നിപ്പോള്‍ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും വാണിജ്യ വ്യവസായ ബിസിനസ് തലങ്ങളിലും ക്രൈസ്തവര്‍ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത് തിരിച്ചറിയുന്നു.
മലയോര തീരദേശമേഖലയുടെ പ്രതിസന്ധികളും കാര്‍ഷിക തകര്‍ച്ചയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ക്രൈസ്തവര്‍ക്കിടയില്‍ തൊഴില്‍ രഹിതരുടെ എണ്ണം പെരുകുന്നത് കുടുംബഭദ്രതയ്ക്കും സാമൂഹ്യവും സാമുദായികവുമായ അസന്തുലിതാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. വിവിധ ക്രൈസ്തവ സഭകള്‍ നടത്തുന്ന വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളൊഴിച്ചാല്‍ അഭ്യസ്തവിദ്യരായ ക്രൈസ്തവര്‍ക്കുള്ള ജോലിസാധ്യതാ മേഖലകള്‍ പരിമിതങ്ങളായി മാറിയിരിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥ ഉയര്‍ന്ന വിവാഹപ്രായ നിരക്കിലും അവിവാഹിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിലും എണ്ണത്തില്‍ ശുഷ്കിച്ച കുടുംബങ്ങള്‍ക്കും ക്രൈസ്ത ജനസംഖ്യാ ഇടിവിനും ഇട നല്കുന്നു.
കേരളത്തിലെ മുസ്ലീം സമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സംവരണ ശതമാനത്തിന് യാതൊരു കുറവും വരുന്നതല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം. എന്നിട്ടും ഇതിനെ എതിര്‍ക്കുന്നത് എന്തടിസ്ഥാനത്തിലാണ്? സാമ്പത്തിക സംവരണത്തിലൂടെ ഏറ്റവും നേട്ടമുള്ളത് ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനാണെന്നും സാമ്പത്തിക സംവരണത്തിനെതിരെ കേരളത്തില്‍ തുടര്‍ച്ചയായി ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ വര്‍ഗ്ഗീയ വിഷംചീറ്റി ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനും അധികാരത്തിലേറാനുമുള്ള രാഷ്ട്രീയ തട്ടിപ്പുമാത്രമാണെന്നും മുസ്ലീം സമൂഹം ഇപ്പോഴെങ്കിലും തിരിച്ചറിയണം.
2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 17.22 കോടിയാണ്. ആകെ ജനസംഖ്യയുടെ 14.23 ശതമാനം. ഇതില്‍ 88.73 ലക്ഷം മാത്രമാണ് കേരളത്തിലുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പേ കേരളം, കര്‍ണ്ണാടക, തെലുങ്കാന, ബീഹാര്‍, ബംഗാള്‍, തമിഴ്നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് ജോലി, വിദ്യാഭ്യാസ മേഖലകളില്‍ സംവരണമുണ്ടായിരുന്നു. എന്നാല്‍ 17 കോടിയിലേറെ വരുന്ന ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയില്‍ 10 കോടിയിലേറെ ജനങ്ങള്‍ക്ക് അഥവാ 63 ശതമാനത്തിന് ഇന്ത്യയില്‍ യാതൊരു സംവരണവുമില്ലായിരുന്നു. ഇവര്‍ക്കെല്ലാം സാമ്പത്തിക സംവരണം ഗുണം ചെയ്യുമ്പോഴാണ് കേരളത്തില്‍ സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ വിരുദ്ധ നിലപാട് സ്വീകരിച്ച് കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയിലെ ബഹുഭൂരിപക്ഷ മുസ്ലീമിനും നേട്ടമുണ്ടാക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക സംവരണമൊഴിച്ച് ബാക്കിയുള്ളവയെല്ലാം ജാതി അടിസ്ഥാനത്തിലാണെന്നിരിക്കെ കേരളത്തിലിത് മത സാമുദായിക സംവരണമായി തുടരുന്നത് ഭരണഘടനാ വിരുദ്ധമാണ്. മാറി മാറി കേരളം ഭരിച്ച മുന്നണികളുടെ പ്രീണന രാഷ്ട്രീയ സമീപനം ബഹുഭൂരിപക്ഷം വരുന്ന ഇതര സമുദായങ്ങളുടെ അവസരങ്ങള്‍ കാലങ്ങളായി മനപ്പൂര്‍വ്വം നഷ്ടപ്പെടുത്തിയ നീതികേട് ഇന്നും തുടരുന്നതിന് അവസാനമുണ്ടാകണം.
കേരളസംസ്ഥാന രൂപീകരണത്തിനു മുമ്പ് 1936-ല്‍ തിരുകൊച്ചി സംസ്ഥാനത്ത് മുസ്ലീം മതസംവരണമുണ്ടായി. 1950കളില്‍ സമുദായ സംവരണമായി വ്യാഖ്യാനിക്കപ്പെട്ട് അതേരീതിയില്‍ തുടര്‍ന്നു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷവും ഭരണഘടനാവിരുദ്ധമായ ഈ മതസംവരണമാണ് തുടരുന്നത്. 1976-ല്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത മതേതരത്വ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് മതസംവരണം. 1951 ലെ ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെയും നേട്ടമുണ്ടാക്കിയവര്‍ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് സ്വാര്‍ത്ഥതയാണ്. 1956-ല്‍ കേരളത്തില്‍ സംവരണം 50 ശതമാനമാക്കി 40 ശതമാനം ഒബിസി വിഭാഗത്തിന് മാറ്റിവെച്ചു. ഈ ഒബിസി വിഭാഗത്തില്‍ 10 ശതമാനം മുസ്ലീം സമൂഹത്തിന് ലഭിച്ചിരുന്നത് ഭരണത്തിലേറിയവര്‍ പിന്നീട് 12 ശതമാനമായി ഉയര്‍ത്തി. ഇങ്ങനെ നിലവിലുള്ള സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഒരു മതവിഭാഗമൊന്നാകെ അനുഭവിക്കുമ്പോള്‍ യാതൊരു സംവരണവുമില്ലാത്ത സ്വന്തം ജനവിഭാഗത്തിലുള്‍പ്പെടെയുള്ള ഇന്ത്യയിലെ ദരിദ്രരായ ജനവിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് ശരിയാണോയെന്ന് പുനര്‍വിചിന്തനം നടത്തണം.
പത്ത് വര്‍ഷത്തേയ്ക്ക് ആരംഭിച്ച ജാതിസംവരണം 70 വര്‍ഷമായി തുടരുന്നതിപ്പോള്‍ 2030 വരെ നീട്ടിയിരിക്കുന്നു. 1936 മുതല്‍ 85 വര്‍ഷക്കാലമായി കേരളത്തില്‍ സംവരണത്തിന്റെ ഗുണഫലമനുഭവിക്കുന്നവരുടെ ജീവിത നിലവാരത്തിലും സാമൂഹിക പശ്ചാത്തലത്തിലും സാമ്പത്തിക വിദ്യാഭ്യാസ രംഗത്തുമുണ്ടായ വളര്‍ച്ചയും ഉയര്‍ച്ചയും വിലയിരുത്തപ്പെടേണ്ടതാണ്. ലക്ഷങ്ങള്‍ മാസ വരുമാനവും ഉന്നത സര്‍ക്കാര്‍ ജോലികള്‍ വഹിക്കുന്നവര്‍പോലും ക്രീമിലെയര്‍ അട്ടിമറിച്ച് ഭരണ സംവിധാനങ്ങളെ നിര്‍വീര്യമാക്കുന്നത് അംഗീകരിക്കാനാവില്ല.
ഐക്യവും സ്നേഹവും നിലനില്‍ക്കുന്ന ഇതര സമുദായങ്ങളില്‍ സാമ്പത്തിക സംവരണത്തിന്റെ പേരില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് അധികാരത്തിലേറാന്‍ ചിലര്‍ നടത്തുന്ന കുതന്ത്രങ്ങളും നീക്കങ്ങളും സാക്ഷര സമൂഹം തിരിച്ചറിഞ്ഞ് ശക്തമായിട്ട് എതിര്‍ക്കണം. ക്രൈസ്തവ സമുദായം ചില മുന്നണികളുടെയും പാര്‍ട്ടികളുടെയും സ്ഥിരനിക്ഷേപമെന്ന രാഷ്ട്രീയ അടിമത്തം അവസാനിപ്പിച്ച് ഭരണരാഷ്ട്രീയ നേതൃത്വങ്ങളുടെ നീതി നിഷേധത്തിനെതിരെയെടുത്ത സമുദായപക്ഷ നിലപാട് ശരിയെന്ന് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ തെളിഞ്ഞു. കേരളത്തിലെ ക്രൈസ്തവരെ കാലങ്ങളായി സ്ഥിരനിക്ഷേപമായി കണ്ട് അവഗണിച്ച് ആക്ഷേപിച്ചവര്‍ക്കെതിരെയുള്ള മറുപടിയാണ് തദ്ദേശ സ്ഥാപനതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഭീകര, തീവ്രവാദ പ്രസ്ഥാനങ്ങളുമായി സന്ധി ചെയ്യുന്നവരെ പ്രബുദ്ധ കേരളം തള്ളിക്കളയുമെന്ന മുന്നറിയിപ്പ് പാഠമാക്കി തിരുത്തലുകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകുന്നത് നല്ലതാണ്.
മതേതരത്വം പ്രസംഗിക്കുകയും അതേസമയം മത തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വളരുവാന്‍ ഇടത്താവളമൊരുക്കുകയും ചെയ്യുന്നവരെ പിന്തുണയ്ക്കാന്‍ ക്രൈസ്തവ സമുദായത്തിനാകില്ല. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്ട്ടികള്ക്കുള്ളിലേയ്ക്ക് മാത്രമല്ല, പൊതുഭരണ സംവിധാനങ്ങളിലുടനീളം തീവ്രവാദ ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറി സ്വാധീനവലയം സൃഷ്ടിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. സ്ഥിരനിക്ഷേപത്തില്‍നിന്നും മാറി ചിന്തിച്ച് സമുദായപക്ഷ നിലപാടെടുക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമൂഹത്തിനായി. ഈ നിലപാടില്‍ അടിയുറച്ച് ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ വരും നാളുകളില്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് വൈകിയ വേളയിലെങ്കിലും ക്രൈസ്തവരും തിരിച്ചറിയുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ക്രൈസ്തവ മേഖലയില്‍ നേട്ടമുണ്ടായിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. ഇതൊരു മുന്നറിയിപ്പാണെന്ന് യുഡിഎഫിനും ബോധ്യപ്പെട്ടിട്ടുണ്ട്.
ക്രൈസ്തവരെ സ്ഥിരനിക്ഷേപമായി ഒരു രാഷ്ട്രീയപാര്‍ട്ടിക്കും മുന്നണിക്കും കിട്ടില്ലെന്ന് ഞാന്‍ തുറന്നു പറഞ്ഞപ്പോഴെല്ലാം വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് ഏറെ സ്വീകാര്യത കിട്ടി. ഒരുമിച്ചു നില്‍ക്കണമെന്ന ചിന്ത ഉയര്‍ന്നു. മിക്കവാറും എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും വിവിധ സമ്മേളനങ്ങളില്‍ കോവിഡ് കാലത്ത് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഞാന്‍ പങ്കുചേര്‍ന്ന് ക്രൈസ്തവസമൂഹം നേരിടുന്ന വെല്ലുവിളികള്‍ പങ്കുവച്ചു. ഓരോ സഭകള്‍ തമ്മിലും സഭയ്ക്കുള്ളിലും ചെറിയ പ്രശ്നങ്ങളുണ്ടായിരിക്കാം. എന്നെ അത്ഭുതപ്പെടുത്തിയത് പൊതുവായി ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ഒരിക്കലുമില്ലാത്ത ഒരുമയും സ്വരുമയും ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നുവെന്നതാണ്. അതൊരുപക്ഷെ നാളെ രാഷ്ട്രീയ നിലപാടുകളിലേയ്ക്കും മാറാം.
ക്രിസ്തീയ സഭകളും സമുദായവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ സഭയുടെ ഭാഗമാണ് സമുദായം. സഭാപിതാക്കന്മാര് സഭാമക്കള്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് പിന്‍ബലമേകുന്നു. ആഗോള കത്തോലിക്കാസഭയ്ക്ക് ഇതിനെല്ലാം പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രബോധനങ്ങളുമുണ്ട്. സഭയുടെ നിലപാടുകളെല്ലാം ഈ പ്രബോധനങ്ങളെ ആസ്പദമാക്കിയാണ്; അല്ലാതെ വ്യക്തിപരമല്ല. ഇതിനായി നല്ല പഠനങ്ങള്‍ എക്കാലത്തും ക്രൈസ്തവ സമൂഹത്തിലുണ്ട്. കാലാകാലങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ പൊതുസമൂഹത്തിലും രൂപപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ആഗോളതലത്തില്‍ ഏറെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലും തീവ്രവാദികളാല്‍ ക്രൈസ്തവര്‍ കഴുത്തറക്കപ്പെടുമ്പോളും കൂട്ടക്കുരുതിക്ക് വിധേരാകുമ്പോഴും ''ഏവരും സോദരര്‍'' എന്ന മഹത്തായ പ്രബോധനം ആഗോള കത്തോലിക്കാസഭയുടെ തലവനായ ഫ്രാന്‍സീസ് പാപ്പ ലോകത്ത് ഉയര്‍ത്തിപ്പിടിച്ചത്. അതാണ് ക്രൈസ്തവ സഭ.
മതത്തിന്റെ പേരില്‍ ജനങ്ങളെ അതിക്രൂരമായി കൊന്നൊടുക്കുന്ന ഭീകരവാദത്തെയും ഭീകരവാദ തീവ്രവാദ പ്രസ്ഥാനങ്ങളെയും ക്രൈസ്തവ സമൂഹം എതിര്‍ക്കും. ബദല്‍ ഭീകരവാദം സൃഷ്ടിക്കുക സഭയുടെ രീതിയും ശൈലിയുമല്ല. ക്രൈസ്തവ ഭീകരവാദികളെന്നോ തീവ്രവാദികളെന്നോ എന്നൊന്നില്ല. അവിടെയാണ് ക്രൈസ്തവ സഭ ഇന്നത്തെ ലോകത്ത് വ്യത്യസ്തമാകുന്നത്. തുടര്‍ച്ചയായി ഒട്ടേറെ ദുരന്തദുരിതങ്ങള്‍ ഏറ്റുവാങ്ങുന്നവരാണ് കേരളസമൂഹം. പ്രകൃതിക്ഷോഭം, പ്രളയം, കാര്‍ഷികത്തകര്‍ച്ച, ഇപ്പോള്‍ കോവിഡ്-19 എന്നിങ്ങനെ കണക്കുകള്‍ നീളുന്നു. പക്ഷെ ഇവയൊന്നും മനുഷ്യസൃഷ്ടിയല്ല. എന്നാലിപ്പോള്‍ ഭീകരവാദവും മതവിദ്വേഷവും പ്രീണനരാഷ്ട്രീയവും അരക്ഷിതാവസ്ഥയും മനുഷ്യരാല്‍ സൃഷ്ടിക്കപ്പെടുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഒത്തൊരുമിച്ചു നിന്നാണ് പലപ്രതിസന്ധികളെയും നാം അതിജീവിച്ചതും അതിജീവിക്കുന്നതും. ആ ഒരുമയും സ്വരുമയുമാണ് ഈ നാടിനുവേണ്ടത്. മതങ്ങളും സമുദായങ്ങളും ഇതിനായി കൈകോര്‍ക്കണം.
ഛിദ്രശക്തികളെ തള്ളിപ്പറയണം. മതവിശ്വാസങ്ങളുടെ നേരെയുളള വെല്ലുവിളികളില്‍ അവസാനമുണ്ടാകണം. രാജ്യസമ്പത്ത് വീതംവെക്കുമ്പോള്‍ തുല്യനീതി വേണം. മലയാള മണ്ണിന് ഒരു പ്രത്യേക സംസ്കാരമുണ്ട്. അത് സ്നേഹ സംസ്കാരമാണ്. മുറിവുകളേല്പിച്ചുകൊണ്ടല്ല മുറിവുണക്കിയാണ് നാം പ്രവര്‍ത്തിക്കേണ്ടത്. തലമുറകള്‍ ഈ സ്നേഹ സംസ്കാരത്തിന്റെ സന്ദേശ വാഹകരാകണം. സാക്ഷര കേരളം ഭീകരതയുടെ തീരമായി മാറുന്നത് ആശങ്കാജനകമാണ്. കള്ളനോട്ടും, കള്ളക്കടത്തും തീവ്രവാദവും, അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതല്‍ അടിസ്ഥാനതലങ്ങള്‍ വരെ സ്വാധീനമുറപ്പിക്കുന്നതും വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ കടന്നാക്രമണം നടത്തുന്നതും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
സാമൂഹ്യ മാധ്യമങ്ങളിലൂടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിലും രാജ്യത്തെ വിവിധങ്ങളായ സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളെ അട്ടിമറിക്കുന്നതിലും ഇക്കൂട്ടര്‍ വിജയിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ അപലപിക്കുന്നവര്‍ക്ക് ഹേഗിയ സോഫിയയെ ന്യായീകരിക്കാന്‍ എന്തവകാശം. രണ്ടും പൊതുസമൂഹത്തില്‍ തീരാകളങ്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോളഭീകരതയില്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ സ്വന്തം രാജ്യത്തെ ഭീകരത ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തെരുവിലിറക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് വിരോധാഭാസവും രാജ്യദ്രോഹവുമാണ്. ഭീകരപ്രസ്ഥാനങ്ങളെ വോട്ടുബാങ്കുകളായിക്കണ്ട് അധികാരത്തിലേറുവാനും അധികാരത്തിലിരിക്കുവാനുമായി നിരന്തരമുപയോഗിക്കുന്ന രാഷ്ട്രീയഭരണ നേതൃത്വങ്ങളുടെ നിലപാടും മനോഭാവവും ഉത്തരവുകളും ജനാധിപത്യഭരണത്തിന് അപമാനവുമാണ്.
ഭരണ സംവിധാനങ്ങളുടെ സമസ്ത മേഖലകളിലും ഉദ്യോഗസ്ഥതലത്തിലും ഭീകര പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീന ശക്തികളാകാന്‍ വാതില്‍ തുറന്നു കൊടുത്തിരിക്കുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത് ജനങ്ങളില്‍ ആശങ്കയും ഭീതിയും ഉണര്‍ത്തുന്നു. ലോകമെമ്പാടും ക്രൈസ്തവര്‍ക്കു നേരെയുള്ള തീവ്രവാദി അക്രമങ്ങളുടെ മറ്റൊരുപതിപ്പ് ഇന്ത്യയിലും രൂപപ്പെട്ടുവരുന്നത് ക്രൈസ്തവ സമൂഹവും തിരിച്ചറിയുന്നു. കേരളത്തില്‍ വളര്‍ന്നു വരുന്ന വിവിധ തീവ്രവാദ അജണ്ടകളെക്കുറിച്ച് വ്യക്തമായ പഠനങ്ങളിലൂടെ ഞങ്ങള്‍ നല്കിയ സൂചനകള്‍ അക്ഷരം പ്രതി ശരിയാണെന്ന ദിശയിലേയ്ക്കാണ് കാര്യങ്ങളിപ്പോള്‍ നീങ്ങുന്നത്. കേരളവും കര്‍ണ്ണാടകവുമുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഭീകരവാദികളുടെ സ്വാധീന കേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെയും കേന്ദ്ര സര്‍ക്കാര്‍ രേഖകളെയും രാഷ്ട്രീയ പ്രീണനത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നിസാരവല്ക്കരിക്കരുത്.
കേരളത്തിലെ ക്രൈസ്തവ, മുസ്ലീം ബന്ധങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം അകല്‍ച്ച രൂപപ്പെട്ടിട്ടുണ്ടെന്ന് ചില മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. സ്വന്തം സമുദായത്തിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും സ്വയം വിലയിരുത്തിക്കൊണ്ടാവണം അതിന്റെ കാരണമന്വേഷിക്കേണ്ടത്. വര്‍ഗ്ഗീയവാദവും മതസ്പര്‍ദ്ധയും ഒരിക്കലും ഉയര്‍ത്താത്ത ഒരു സമൂഹമാണ് ക്രൈസ്തവര്‍. എല്ലാ മതങ്ങളെയും ഏറെ ആദരവോടെ കാണുകയും മനുഷ്യനെന്ന ദൈവത്തിന്റെ മഹത്തരസൃഷ്ടിക്ക് ഏറ്റം വിലകല്പിക്കുകയും ചെയ്യുന്ന സമൂഹമാണിത്. ഇതറിയണമെങ്കില്‍ ചരിത്രമറിയണം. ചരിത്രം പഠിക്കാത്തവരുടെയും ചരിത്രം മനപ്പൂര്‍വ്വം മറക്കുന്നവരുടെയും ജ്വല്പനങ്ങളും ഭീകരവര്ഗീയവാദവും വെല്ലുവിളികളും അധികാര ദുര്‍വിനിയോഗവുമാണ് ഇന്ന് ഉയര്‍ന്നു വന്നിരിക്കുന്ന ഇത്തരം ഒരു ചിന്തയുടെ അടിസ്ഥാനമെന്ന് തോന്നുന്നു.
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ ജാതിക്കും മതത്തിനും അതീതമായി ഒരുമിച്ചു നില്ക്കുക മാത്രമല്ല, വലിയ സംഭാവനകള്‍ ചെയ്ത ക്രൈസ്തവ സമൂഹം സകല മനുഷ്യരുടെയും നന്മയും ഉയര്‍ച്ചയും മാത്രം ലക്ഷ്യമാക്കിയാണ് അന്നും ഇന്നും പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതും. വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷ, ജീവകാരുണ്യരംഗത്ത് സഭയുടെ ശുശ്രൂഷകള്‍ക്ക് ഒരിക്കലും ജാതിയും മതവുമില്ലായിരുന്നു. മുസ്ലീം സമുദായവും ഈ സേവനശുശ്രൂഷകളുടെ ഗുണഭോക്താക്കളാണ്. പക്ഷെ വളര്‍ച്ചനേടിയ ഇന്നത്തെ തലമുറ ഇതെല്ലാം മറക്കുന്നു. നിരന്തരം ക്രൈസ്തവരെ ആക്ഷേപിക്കുന്നു. അധിനിവേശം നടത്തുന്നു. ഏറെക്കാലം ഇതെല്ലാം കേട്ടും അനുഭവിച്ചും നിശബ്ദരായിരുന്നവര്‍ ഇതിനെതിരെ ഇപ്പോള്‍ പ്രതികരിക്കുന്നു. അത്രമാത്രം.
ഹൈന്ദവ ക്രൈസ്തവ മുസ്ലീം സമൂഹങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും സ്നേഹത്തോടെ ഒരുമയോടെ ജീവിക്കണമെന്നാണ് ക്രൈസ്തവര്‍ ആഗ്രഹിക്കുന്നത്. ഭിന്നിപ്പുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരു ചെറിയ വിഭാഗത്തെ ഒറ്റപ്പെടുത്താനും തള്ളിപ്പറയുവാനുമുള്ള ഉറച്ച നിലപാടെടുക്കാന്‍ സാധിച്ചിട്ടുണ്ടോയെന്ന് മുസ്ലീം സഹോദരങ്ങള്‍ ആത്മപരിശോധന നടത്തണം. ജനസംഖ്യ 30 ശതമാനമായാല്‍ കേരളം പിടിക്കും. ഇന്ത്യ ഭരിക്കും എന്നു തുടങ്ങി ഒട്ടേറെ പ്രകോപനപരമായ വാക്കുകളും പ്രവൃത്തികളും മുദ്രാവാക്യങ്ങളും മാത്രമല്ല ഇതര മതവിഭാഗങ്ങളുടെ സംവിധാനങ്ങളിലേയ്ക്കുള്ള അധിനിവേശവും സൃഷ്ടിക്കുന്നത് മതേതരത്വത്തോടുള്ള വെല്ലുവിളിയും ഭൂരിപക്ഷ സമുദായത്തില്‍ രൂപപ്പെടുന്ന വ്യക്തവും ശക്തവുമായ ഐക്യവുമാണ്. വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമായിരിക്കുമ്പോഴും സാമൂഹ്യ, രാഷ്ട്രീയ, ഭരണതലങ്ങളില്‍ ഭരണഘടനയുടെ മുഖമുദ്രയായ മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകണമെന്നതാണ് ക്രൈസ്തവ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.