ലക്‌നൗ: തുടര്‍ച്ചയായ ആറാം മല്‍സരവും വിജയിച്ച് ലോകകപ്പിലെ ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 129 റണ്‍സിന് എല്ലാവരും പുറത്തായി. നാലു വിക്കറ്റു നേടിയ ഷമിയും മൂന്നു വിക്കറ്റു നേടിയ ബുംറയും രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കിയത്.
27 റണ്‍സ് നേടിയ ലിയാം ലിവിംഗ്സ്റ്റണ്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ ബുംറയുടെ പന്തിന് ബാറ്റു വെച്ച മലാനു പിഴച്ചു. എഡ്ജ് ചെയ്ത പന്ത് സ്റ്റംപ് പിഴുതപ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ. സ്‌കോര്‍ ഇംഗ്ലണ്ട് ഒന്നിന് 30 റണ്‍സ്. തൊട്ടടുത്ത പന്തില്‍ ജോ റൂട്ടിനെ വിക്കറ്റിനു മുന്നില്‍ ബുംറയുടെ ഇരട്ടപ്രഹരം.
പിന്നെ ഷമിയുടെ ഊഴമായിരുന്നു. പത്തു പന്തു നേരിട്ട് അക്കൗണ്ട് തുറക്കും മുന്‍പ് സ്റ്റോക്ക്‌സിന്റെ കുറ്റി തെറിപ്പിച്ചു തുടങ്ങിയ ഷമി രണ്ടോവറിനപ്പുറം ജോണി ബെയര്‍സ്‌റ്റോയുടെ കുറ്റിയും പിഴുതു. അടുത്തത് കുല്‍ദീപ് യാദവിന്റെ ഊഴമായിരുന്നു. നായകന്‍ ജോസ് ബട്ട്‌ലറിന്റെ സ്റ്റംപ് മനോഹരമായൊരു പന്തില്‍ പിഴുതപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 52 റണ്‍സ് മാത്രം.
ഇന്ത്യയുടെ ഉറച്ച ജയം വൈകിപ്പിക്കുക എന്നതു മാത്രമായിരുന്നു വാലറ്റത്തിന് ചെയ്യാനുണ്ടായിരുന്നത്. ഏഴോവറില്‍ 22 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഷമി നാലു വിക്കറ്റു സ്വന്തമാക്കി. 6.5 ഓവറില്‍ 32 റണ്‍സ് വിട്ടു നല്‍കി ബുംറ മൂന്നു വിക്കറ്റും, എട്ടോവറില്‍ 24 റണ്‍സിന് കുല്‍ദീപ് രണ്ടു വിക്കറ്റും നേടി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നായകന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സൂര്യകുമാര്‍ യാദവ് 49 റണ്‍സ്, കെഎല്‍ രാഹുല്‍ 39 റണ്‍സ് എന്നിവരും നിര്‍ണായക സംഭാവന നല്‍കി.
വിരാട് കോലി, ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് കെഎല്‍ രാഹുലുമൊത്ത് രോഹിത് ശര്‍മ രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു.
വിലയേറിയ 91 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സഖ്യം ടീമിനെ വന്‍ സ്‌കോറിലെത്തിക്കുമെന്ന് കരുതി. എന്നാല്‍ രാഹുലിനെ മടക്കി വോക്‌സ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസിലൊന്നിച്ച സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു.
ഈ ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത് ശര്‍മ ആദില്‍ റഷീദിന്റെ പന്തില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്തായി. 101 പന്തില്‍ 87 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. തുടര്‍ന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ ടീമിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചു. സൂര്യകുമാര്‍ 49 റണ്‍സ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി മൂന്നും ആദില്‍ റഷീദ്, ക്രിസ് വോക്‌സ് എന്നിവര്‍ ഈരണ്ടു വിക്കറ്റു വീതവും വീഴ്ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.