ആരാണ് യഹോവ സാക്ഷികൾ? എന്താണ് അവരുടെ വിശ്വാസം?

ആരാണ് യഹോവ സാക്ഷികൾ? എന്താണ് അവരുടെ വിശ്വാസം?

കളമശേരി യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ നടന്ന സ്‌ഫോടനം ദേശീയ തലത്തിൽ ഉൾപ്പടെ വാർത്തയായതിനു പിന്നാലെ ആരാണ് യഥാർഥത്തിൽ യഹോവ സാക്ഷികള്‍? എന്ന ചർച്ചകളും സജീവമാകുന്നു. കേരളത്തിലടക്കം പ്രവ‍ർത്തിക്കുന്ന ചെറിയൊരു വിഭാഗമാണ് യഹോവ സാക്ഷികൾ. ജെഡബ്ല്യൂ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യഹോവ സാക്ഷികൾക്ക് 150 വ‍ർഷത്തെ പാരമ്പര്യമുണ്ട്.

ന്യൂയോ‍ർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ക്രൈസ്തവ വിഭാഗത്തിൽ വിവിധ രാജ്യങ്ങളിലായി 85 ലക്ഷം പേ‍ർ അംഗങ്ങളായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1870ലാണ് സഭ സ്ഥാപിക്കപ്പെട്ടത്. എന്നാൽ ഇന്ത്യയിൽ സ്വതന്ത്ര ക്രൈസ്തവ സഭയായി പ്രവ‍ർത്തിക്കുന്ന യഹോവയുടെ സാക്ഷികൾക്ക് നാമമാത്രമായ അംഗബലം മാത്രമാണുള്ളത്.

എന്നാൽ വീടുകളിലെത്തിയും പൊതു സ്ഥലങ്ങളിൽ വെച്ചും നടത്തുന്ന വചന പ്രഘോഷണവും മത പ്രചാരണവുമാണ് ഇവരെ ശ്രദ്ധേയമാക്കുന്നത്. ലഘു ലേഖകളും പുസ്തകങ്ങളുമായി കേരളത്തിലെ പല പ്രദേശങ്ങളിലും എത്തുന്ന ക്രിസ്ത്യൻ മതപ്രചാരകരിൽ യഹോവയുടെ സാക്ഷികൾക്കും വലിയ പങ്കാളിത്തമുണ്ട്.

ദൈവത്തിന്‍റെ 'യഥാ‍ർഥ' പേരായ 'യഹോവ' എന്നുതന്നെ പ്രാ‍ർഥനയിൽ ഉപയോഗിക്കണം എന്ന നിർബന്ധം യഹോവ സാക്ഷികൾക്കുണ്ട്. ക്രിസ്ത്യാനികളായാണ് സ്വയം അംഗീകരിക്കുന്നതെങ്കിലും മുഖ്യധാരാ ക്രിസ്ത്യാനികളുടെ പ്രധാന വിശ്വാസസത്യങ്ങളിൽ പലതും യഹോവ സാക്ഷികൾ അംഗീകരിക്കുന്നില്ല.

യഹോവയുടെ സാക്ഷികളുടെ ആധുനിക കാല ആരംഭം

ചാൾസ് റ്റെയ്സ് റസ്സൽ എന്ന അമേരിക്കൻ ബൈബിൾ ഗവേഷകൻ 1876 ൽ സ്ഥാപിച്ച 'ബൈബിൾ വിദ്യാർത്ഥികൾ' എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പഠിപ്പിക്കലുകളിലും സംഘാടനത്തിലും പല നവീകരണങ്ങൾക്കു ശേഷം 1931ൽ ബൈബിളിലെ യെശയ്യാവ് 43:10-12 ആധാരമാക്കി യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചത്. വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോക വ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം ബൈബിളിൽ മാത്രം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണെന്ന് പറയുന്നു.

കേരളത്തിൽ യഹോവ സാക്ഷികൾ

ഈ മതത്തിലെ പ്രവർത്തകർ 1905 ലാണ് കേരളത്തിൽ പ്രചാരത്തിനായെത്തിയത് എന്നാൽ 1950 കളിലാണ് ഇവർ സജീവമായി തുടങ്ങിയത്. യഹോവയുടെ സാക്ഷികൾ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തിൽ ഇവരെ "യഹോവാസാക്ഷികൾ" എന്ന് പൊതുവെ വിളിക്കുന്നു.

തിരുവനന്തപുരം ജില്ലയിൽ ഇവരുടെ പ്രാരംഭകാല പ്രചാരകൻ ആയ സി.റ്റി. റസ്സൽ 1911ൽ പ്രസംഗിച്ച സ്ഥലം ഇപ്പോൾ 'റസ്സൽപുരം' എന്നറിയപ്പെടുന്നു. അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് റസ്സലിനെ കൊട്ടാരത്തിലേക്കു ഹാർദമായി സ്വാഗതം ചെയ്തു. കൂടാതെ തിരുവനന്തപുരം വിക്ടോറിയ ജൂബിലി (VJT) ഹാളിൽ റസ്സലിനു പ്രസംഗം നടത്താൻ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു.

മഹാരാജാവ് റസ്സലിന്റെ കൈയിൽ നിന്നും ബൈബിളും, 'തിരുവെഴുത്തുകളുടെ പഠനം' (Studies of the Scriptures) എന്ന റസ്സൽ എഴുതിയ പുസ്തക വാല്യങ്ങളും സ്വീകരിക്കുകയുണ്ടായി. റസ്സലിന്റെ ചിത്രം രാജാവ് ആവശ്യപ്പെടുകയും പിന്നീട് അത് കൊട്ടാരത്തിൽ സൂക്ഷിക്കപെടുകയുമുണ്ടായി. തിരുവനന്തപുരം സർവകലാശാല സെനറ്റ് ഹാളിൽ ആ ചിത്രം ഇന്നും കാണാം.

മല്ലപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം, കങ്ങഴ, അയർക്കുന്നം, പുതുപ്പള്ളി എന്നിവടങ്ങളിൽ ആദ്യകാലത്ത് പ്രവർത്തനം നടന്നിരുന്നു. ഇപ്പോൾ കേരളമൊട്ടാകെ സജീവമാണ്. കേരളത്തിൽ പതിനയ്യായിരത്തിൽ അധികം വിശ്വാസികൾ ഉള്ളതായി കണക്കാക്കുന്നു. ഇന്ത്യയിൽ ഒരു ലക്ഷത്തിൽ അധികം പേര് ഇവരുടെ യോഗങ്ങൾക്കു ഹാജരാകാറുണ്ട്.കേരളത്തിന്റെ പല ഭാഗങ്ങളിലും വർഷത്തിൽ മൂന്നു തവണ ഇവർ കൺവൻഷൻ നടത്താറുണ്ട്.

വിശ്വാസങ്ങൾ

യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവ എന്ന നാമത്തിന് അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന് പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സർവ്വശക്തനായ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവ പുത്രനായും, രക്ഷകനായും, ഒരേയൊരു മധ്യസ്ഥനായും, ദൈവ രാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു.

മറ്റു ക്രൈസ്തവ സഭകളിൽ നിന്നും വ്യത്യസ്തമായി ഇവർ ത്രിയേക ദൈവത്തിൽ വിശ്വസിക്കുന്നില്ല. യഹോവ മാത്രം ആണ് ഏകദൈവം എന്ന് ഇവർ വിശ്വസിക്കുന്നു. യേശു ദൈവമല്ലാത്ത, ദൈവ പുത്രൻ മാത്രമാണെന്നും ഏക സത്യ ദൈവം യഹോവയാണെന്നും വിശ്വസിക്കുന്നു. "ലോകത്തിന്റെ മോശമായ സ്വാധീനങ്ങൾക്ക്" വഴിപെട്ടു പോകാതിരിക്കാൻ ആരാധനക്കായി കൂടിവരേണ്ടത് വളരെ പ്രധാനമാണെന്ന് യഹോവയുടെ സാക്ഷികൾ കരുതുന്നു.

ഇപ്പോൾ നാം ജീവിക്കുന്നത് ഒരു അന്ത്യകാലത്താണെന്നും പെട്ടന്ന് തന്നെ യഹോവ ആയ ദൈവം ദുഷ്ടന്മാരെ എല്ലാം നശിപ്പിച്ചതിന് ശേഷം നീതിമാന്മാരായ മനുഷ്യർക്ക്‌ രോഗമോ, വാർധക്യമോ, മരണമോ ഇല്ലാത്ത ഒരു പറുദീസ ഭൂമിയിലെ ജീവിതം നൽകും എന്ന് ഇവർ വിശ്വസിക്കുന്നു. അവിടെ മരിച്ചുപോയ നല്ലവർ ആയ ആളുകളെ ദൈവം പുനരുത്ഥാനപ്പെടുത്തുമെന്നും അവരെ വീണ്ടും കാണാനാകും എന്നും ഇവർ പ്രത്യാശിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.