വിമാനയാത്ര നിരക്ക് വര്‍ധന: പ്രവാസി മലയാളികള്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; വിമര്‍ശനവുമായി ഹൈക്കോടതി

വിമാനയാത്ര നിരക്ക് വര്‍ധന: പ്രവാസി മലയാളികള്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: വിമാന യാത്രാ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. പ്രവാസി മലയാളികള്‍ക്കായി സംസ്ഥാനം ഒന്നും ചെയ്യുന്നില്ല. സംസ്ഥാന സര്‍ക്കാരിനെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തിട്ടും വിശദീകരണം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി 10 ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

വിമാന യാത്രാ നിരക്ക് വര്‍ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് വിദേശ വ്യവസായിയും സഫാരി ഗ്രൂപ്പ് ചെയര്‍മാനുമായ കെ. സൈനുല്‍ ആബ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഒരു മാനദണ്ഡവുമില്ലാതെ നിരക്ക് വര്‍ധിപ്പിക്കുയാണെന്നും ഈ നിരക്ക് വര്‍ധനവ് സാധാരണക്കാരായ പ്രവാസികളെ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കുന്നുണ്ടെന്നും കാണിച്ചാണ് സൈനുല്‍ ആബ്ദീന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഉത്സവ സീസണുകളില്‍ യഥാര്‍ഥ നിരക്കിന്റെ നാലിരട്ടി വിമാനക്കമ്പനികള്‍ ഈടാക്കുന്നതായും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

വിവിഐപികളും വിഐപികളും ഉന്നത ഉദ്യോഗസ്ഥരും സ്വന്തം കാശ് മുടക്കി ടിക്കറ്റെടുത്താല്‍ വിമാനയാത്ര നിരക്ക് വര്‍ധനവ് ഇല്ലാതാകുമെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു. അനിയന്ത്രിതമായ യാത്ര നിരക്ക് വര്‍ധന യഥാര്‍ത്ഥ പ്രശ്‌നമാണെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

വിമാനയാത്ര നിരക്ക് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് പറയാനാവില്ല. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരായ സാധാരണക്കാര്‍ക്ക് ജീവിതത്തിന്റെ ഭാഗമാണ് വിമാന യാത്ര. എന്നാല്‍, കുത്തനെയുള്ള യാത്ര നിരക്ക് വര്‍ധന താങ്ങാവുന്നതിലപ്പുറമാണ്.

വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന ഇവര്‍ സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുന്നവരാണ്. രാജ്യത്തിന്റെ സാമൂഹിക ശാക്തീകരണത്തിനും കാരണക്കാരാണിവര്‍.

എന്നാല്‍ വല്ലപ്പോഴും നാട്ടില്‍ വന്ന് മടങ്ങാനുള്ള അവസരം പോലും നിഷേധിക്കും വിധം മനുഷ്യത്വ രഹിതമായ രീതിയിലാണ് കേന്ദ്രം വിമാന യാത്ര നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിനും വ്യോമയാന അതോറിറ്റിക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

കഴിഞ്ഞ ഓണം സീസണില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അന്ന് മുഖ്യമന്ത്രി ഇക്കാര്യം വിശദമാക്കി കത്തും നല്‍കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ അന്നും തീരുമാനം ഉണ്ടായിരുന്നില്ല. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാന കമ്പനികള്‍ക്ക് ആണെന്നായിരുന്നു കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ലഭിച്ച മറുപടി.

ഓണ സീസണില്‍ മറ്റുള്ള സമയത്തേക്കാള്‍ 9.77 ശതമാനം വര്‍ധനവ് മാത്രമേയുള്ളുവെന്നും ഡൈനാമിക് പ്രൈസിങ് രീതിയായതിനാല്‍ യാത്രക്കാര്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാര്‍ഗമുള്ളൂവെന്നുമാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ മറുപടിയില്‍ പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.