കൊച്ചി: കളമശേരി സ്‌ഫോടന കേസില്‍ പിടിയിലായ ഡൊമിനിക് മാര്‍ട്ടിന്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട വിവരം മറ്റൊരാള്‍ക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി ഡൊമിനിക്കിന്റെ ഭാര്യ. പൊലീസിന് നല്‍കിയ മൊഴിയിലാണ് അവര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
സ്‌ഫോടനത്തിന്റെ തലേ ദിവസം ഡൊമിനിക്കിന് ഒരു അജ്ഞാത ഫോണ്‍ കോള്‍ വന്നിരുന്നു. ഫോണ്‍ കോളിനെ കുറിച്ച് അന്വേഷിച്ച തന്നോട് ഭര്‍ത്താവ് ക്ഷോഭിച്ചതായി ഭാര്യ നല്‍കിയ മൊഴിയില്‍ പറയുന്നു.
നാളെ തനിക്ക് ഒരിടം വരെ പോകാന്‍ ഉണ്ടെന്നും അതിനുശേഷം വിവരം പറയാമെന്നും ഡൊമിനിക് സംഭവത്തിന്റെ തലേന്ന് ഭാര്യയോട് പറഞ്ഞു. സ്‌ഫോടനം നടന്ന വിവരം ഡൊമിനിക്ക് ആദ്യം അറിയിച്ചതും ഭാര്യയെയാണ്.
ഡൊമിനിക് ഫോണില്‍ സംസാരിച്ചത് സ്‌ഫോടനം നടത്തുന്നതിനെക്കുറിച്ചാണെന്നാണ് സംശയം. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നു.
അതിനിടെ ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ 9.30 ഓടെ ആലുവ അത്താണിയിലുള്ള കുടുംബ വീട്ടില്‍ എത്തിച്ചാണ് തെളിവെടുപ്പ് ആരംഭിച്ചത്. അത്താണിയിലുള്ള കുടുംബ വീട്ടിലാണ് പ്രതി ബോംബ് നിര്‍മ്മിക്കുന്നതിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് സ്ഫോടക വസ്തുക്കള്‍ വച്ചത്.
സ്ഫോടനം നടത്തിയ ഞായറാഴ്ച പുലര്‍ച്ചെ ഈ വീടിന്റെ ടെറസില്‍ വച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ഈ വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. ഇവിടേക്ക് ഡൊമിനിക്ക് വന്നുപോകുന്നത് അയല്‍വാസികള്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. ദേശീയപാതയോട് ചേര്‍ന്ന ഇരുനില വീട്ടിലാണ് പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.
അത്താണിയിലെ തെളിവെടുപ്പിന് ശേഷം പ്രതി താമസിച്ച തമ്മനത്തെ വീട്ടില്‍ എത്തിക്കും. കൊച്ചി ഡിസിപി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രാഥമിക തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.