'ഒരേ സ്ഥലത്ത് തന്നെ അടിച്ചത് പതിനഞ്ച് തവണ': കൊല്ലത്ത് ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദനം; കേസെടുത്ത് പൊലീസ്

 'ഒരേ സ്ഥലത്ത് തന്നെ അടിച്ചത് പതിനഞ്ച് തവണ': കൊല്ലത്ത് ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദനം; കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലത്ത് ആറാം ക്ലാസുകാരനെ ട്യൂഷന്‍ ക്ലാസിലെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. അദ്വൈദ് രാജീവിനാണ് മര്‍ദനമേറ്റത്. ഇംപോസിഷന്‍ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കൊല്ലം പട്ടത്താനത്തെ അക്കാഡമിയെന്ന ട്യൂഷന്‍ ക്ലാസിലെ റിയാസെന്ന അധ്യാപകനാണ് കുട്ടിയെ മര്‍ദിച്ചത്.

ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരം റിയാസിനെതിരെ പൊലീസ് കേസെടുത്തു. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ അധ്യാപകന്‍ റിയാസിനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്ന് പിതാവ് എസ്. രാജീവന്‍ പറഞ്ഞു. ഒരേ സ്ഥലത്ത് തന്നെ പതിനഞ്ച് തവണയോളം വടികൊണ്ട് അടിച്ചിട്ടുണ്ട്. പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ കുട്ടി ബുദ്ധിമുട്ടിലാണെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

'ഇംപോസിഷന്‍ എഴുതാത്തതിന് നിര്‍ത്താതെ അടിച്ചു. കരഞ്ഞാല്‍ വീണ്ടും അടിക്കും, അതുകൊണ്ട് ഞാന്‍ കരയാതെ പിടിച്ചു നിന്നു. കരയെടാ കരയെടാ എന്ന് പറഞ്ഞ് അധ്യാപകന്‍ പിന്നേയും അടിച്ചുവെന്ന് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അടികൊണ്ടാണ് എല്ലാവരും വളര്‍ന്നത്. പക്ഷെ ഇതിനെ അടിയെന്ന് പറയാന്‍ പറ്റില്ല. ക്രൂരമര്‍ദനമാണ് നടന്നത്. മകന്‍ തലവേദനയെ തുടര്‍ന്ന് എംആര്‍ഐ എല്ലാം കഴിഞ്ഞ് ചികിത്സയിലിരിക്കുകയാണ്. ഇക്കാര്യം റിയാസ് സാറിനും അറിയാം. എന്നിട്ടാണ് മോനെ മര്‍ദിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇതിന് മുന്‍പും റിയാസ് മകനെ ചൂരല്‍ കൊണ്ട് അടിച്ചിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.

പഠിക്കാതിരുന്നതുകൊണ്ടല്ലെ അടിച്ചതെന്ന് പറഞ്ഞ് താന്‍ സമാധാനിപ്പിച്ചുവെന്നും പക്ഷെ കുഞ്ഞിന് കിട്ടിയ മര്‍ദനം സഹിക്കാവുന്നതിലും അപ്പുറമാണെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ട്യൂഷന്‍ സെന്റര്‍ ഉപരോധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.