അഭിഭാഷകന്‍ ഹാജരായില്ല; ലാവലിന്‍ കേസ് 36-ാം തവണയും മാറ്റിവച്ച് സുപ്രീം കോടതി

അഭിഭാഷകന്‍ ഹാജരായില്ല; ലാവലിന്‍ കേസ് 36-ാം തവണയും മാറ്റിവച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാവാത്തതിനെത്തുടര്‍ന്നാണ് ഇന്നു കേസ് മാറ്റിവച്ചത്. പുതിയ തീയതി അറിയിച്ചിട്ടില്ല. കേസ് 36-ാം തവണയാണ് സുപ്രീം കോടതി മാറ്റി വയ്ക്കുന്നത്.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2017 ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് നാല് ബെഞ്ചുകളിലായി ആറ് വര്‍ഷത്തിനിടെ 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ പത്തിനും കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഒരു കേസ്. വിചാരണ നേരിടേണ്ട വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവ് വേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.