വാഷിങ്ടണ്‍: യു.എസ് കാപ്പിറ്റോള്‍ കലാപത്തിന് പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ച് ട്രംപിനെതിരെ തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് അനിശ്ചിത കാലത്തേക്ക് ട്വിറ്റർ മരവിപ്പിച്ചു. പ്രകോപനപരമായ ട്വീറ്റുകൾ പ്രത്യക്ഷപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യുന്നുവെന്ന് ട്വിറ്റർ അറിയിച്ചു. നേരത്തേ 12 മണിക്കൂർ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചിരുന്നു.
ട്രംപ് പ്രസിഡന്റ് സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ഇംപീച്ച്മെന്റിനെ അനുകൂലിക്കുന്നുവെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് വരുന്നത്. 2019ല്‍ അധികാര ദുര്‍വിനിയോഗം ആരോപിച്ച് ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയെങ്കിലും സെനറ്റ് അത് തള്ളിയിരുന്നു. ജനുവരി 20-നാണ് ജോ ബെയ്ഡന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് അറിയിച്ചു "ചോദിച്ച എല്ലാവരോടും, ജനുവരി 20ന് നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് ഞാൻ പോകില്ല”എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം സ്വയം മാപ്പ് നൽകി രക്ഷപ്പെടാൻ ട്രംപ്. രാജ്യത്തിനെതിരെ കലാപത്തിന് ആഹ്വാനം നൽകിയെന്നതടക്കമുള്ള ആരോപണങ്ങൾ നേരിടുന്നതിനിടെ അധികാരം ദുരുപയോഗം ചെയ്യാനൊരുങ്ങി ഡോണൾഡ് ട്രംപ്. നിലവിലെ പ്രശ്‌നങ്ങളിൽ നടപടി നേരിടാതിരിക്കാൻ പ്രസിഡന്റ് മാപ്പ് നൽകുന്നവരുടെ കൂട്ടത്തിൽ സ്വയം മാപ്പ് നൽകാനാണ് ട്രംപിന്റെ നീക്കം. ഇതിനെക്കുറിച്ച് വൈറ്റ് ഹൗസ് കൗണ്‍സെല്‍ പാറ്റ് സിപൊളോണിനോടും നിയമവിദഗ്ധരോടും ചര്‍ച്ച നടത്തി. അധികാരം കൈമാറുന്നതിന്റെ തലേദിവസമായ ജനുവരി 19ന് മാപ്പ് പ്രഖ്യാപിക്കും.
ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ്, മുതിർന്ന ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ, പേഴ്‌സണൽ ചീഫ് ജോൺ മക്ഇൻടി, സോഷ്യൽ മീഡിയ ഡയറക്ടർ ഡാൻ സ്കാവിനോ എന്നിവരടക്കം നിരവധി പേർക്ക് മാപ്പ് നൽകും. ട്രംപിന്റ മകൾ ഇവാക, മരുമകൻ ജരേഡ് കൂഷ്‌നർ എന്നിവരും പരിഗണനയിലുണ്ട്. ട്രംപിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുകൾ, സഹായികൾ എന്നിവർക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചേക്കും. അധികാരത്തിലേറിയതുമുതൽ സ്വയം മാപ്പുനല്‍കാനുളള അധികാരത്തെക്കുറിച്ച് ട്രംപ് ചർച്ച നടത്തിയിരുന്നു. 2018-ല്‍ സ്വയംമാപ്പുനല്‍കുന്നതിനുളള അധികാരം ഉപയോഗിക്കാന്‍ തനിക്ക് കഴിയുമെന്നും ട്രംപ് ട്വീറ്റും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.